Breaking

Wednesday, June 23, 2021

പെട്രോളും ഡീസലും ജി.എസ്.ടി.യിലേക്ക് മാറ്റുന്നതിനോട് യോജിപ്പില്ല -മന്ത്രി ബാലഗോപാൽ

തിരുവനന്തപുരം: പെട്രോളും ഡീസലും ജി.എസ്.ടിയിലേക്ക്‌ മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇന്ധനത്തിലും മദ്യത്തിലും നികുതി ചുമത്താനുള്ള സംസ്ഥാനത്തിന്റെ അവകാശം കേന്ദ്രത്തിന് വിട്ടുകൊടുക്കുന്നതിനെ അംഗീകരിക്കില്ല. സംസ്ഥാനത്തിന്റെ നികുതിയല്ല, കേന്ദ്രത്തിന്റെ നടപടികളാണ് പെട്രോളിനും ഡീസലിനും വിലകൂടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. പെട്രോളും ഡീസലും ജി.എസ്.ടി. പരിധിയിലാക്കണമെന്ന ആവശ്യത്തിൽ ആറ്് ആഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിരുന്നു. അതുവരെ സംസ്ഥാന സർക്കാരിന്റെ നികുതിപിരിവ് നിർത്തിവെക്കണമെന്ന നിവേദനം ചീഫ് സെക്രട്ടറി പരിഗണിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ജി.എസ്.ടി. വന്നശേഷം നികുതിയിൽ സംസ്ഥാനങ്ങളുടെ അവകാശം ചുരുങ്ങി. ജി.എസ്.ടി.യെ കേന്ദ്രം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ഇന്ധനത്തിലും മദ്യത്തിലുമാണ് സംസ്ഥാനങ്ങൾക്ക് ഇപ്പോൾ നികുതി ചുമത്താവുന്നത്. നികുതി കിട്ടിയില്ലെങ്കിൽ എങ്ങനെ ശമ്പളം കൊടുക്കുമെന്നും ആശുപത്രികളിൽ എങ്ങനെ മരുന്നുവാങ്ങുമെന്നും മന്ത്രി ചോദിച്ചു. എല്ലാം ജി.എസ്.ടിയിലാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹം. ആൾക്കഹോളും എൽ.എൻ.ജിയും ജി.എസ്.ടിയിലാക്കാൻ നേരത്തേ നീക്കം നടത്തിയിരുന്നു. എല്ലാം കേന്ദ്രം ഏകപക്ഷീയമായി നിയന്ത്രിച്ചാൽ സംസ്ഥാന ധനമന്ത്രിമാർ കേന്ദ്രത്തിന് മുന്നിൽ ഭിക്ഷാപാത്രങ്ങളുമായി യാചിക്കേണ്ടിവരും. കേന്ദ്രം ഇന്ധനത്തിൽ 30 രൂപയോളം നികുതി ഈടാക്കുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് പങ്കുവെക്കേണ്ടതില്ലാത്ത, കേന്ദ്രത്തിനുമാത്രം എടുക്കാവുന്ന നികുതി കൂട്ടുന്നതും ഇന്ധങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതുമാണ് അസംസ്കൃത എണ്ണയ്ക്ക് വിലകുറഞ്ഞാലും പെട്രോളിനും ഡീസലിനും വിലകൂടാൻ കാരണം. കോൺഗ്രസും ബി.ജെ.പിയും ഭരിക്കുന്ന സംസ്ഥാനങ്ങളെക്കാൾ കേരളത്തിൽ നികുതി കുറവാണെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തിന്റെ വരുമാനം കഴിഞ്ഞ മൂന്നുനാല് വർഷങ്ങളായി കൂടുന്നില്ല. കേന്ദ്രസർക്കാരിന്റെ ഇടപെടലും സഹായവും ഇല്ലെങ്കിൽ ബുദ്ധിമുട്ട് കൂടും. സംസ്ഥാനത്തിന്റെ വരുമാനം കൂട്ടാൻ നികുതി ചോർച്ച കർശനമായി തടയും. ചില മേഖലകളിൽ പുതിയ നികുതി ഏർപ്പെടുത്തലും ചെലവുചുരുക്കലും വേണ്ടിവരും. ഇക്കാര്യങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കും- മന്ത്രി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/35LCjE8
via IFTTT