പോർട്ടോ അലെഗ്ര: ലോകകപ്പ് യോഗ്യതാ ഫുട്ബോൾ ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ അപരാജിത കുതിപ്പ് തുടരുകയാണ് ബ്രസീൽ. നാടകീയ സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച പോരാട്ടത്തിൽ ഇക്വഡോറിനെ വീഴ്ത്തിയ മഞ്ഞപ്പട ഗ്രൂപ്പിലെ തുടർച്ചയായ അഞ്ചാം ജയമാണ് സ്വന്തമാക്കിയത്. മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ബസീലിന്റെ ജയം. അറുപത്തിയഞ്ചാം മിനിറ്റിൽ റിച്ചാർളിസനാണ് ബ്രസീലിന് ലീഡ് നേടിക്കൊടുത്തത്. തൊണ്ണൂറ്റിനാലാം മിനിറ്റിൽ നെയ്മർ പെനാൽറ്റിയിലൂടെ ജയം ഉറപ്പിച്ചു. നെയ്മർ ബോക്സിലെ ഒഴിവിലേയ്ക്ക് തള്ളിക്കൊടുത്ത പന്ത് ഒരു കരുത്തുറ്റ ഇടങ്കാലൻ ഹാഫ്വോളിയിലൂടെ വലയിലേയ്ക്ക് വെടിയുണ്ട കണക്ക് പായിക്കുകയായിരുന്നു എവർട്ടൺ സ്ട്രൈക്കറായ റിച്ചാർളിസൺ. വലത്തോട്ട് ചാടി ഗോളി ഡോമിനിഗസ് പന്ത് തടയാൻ ശ്രമം നടത്തിയെങ്കിലും പന്ത് കൈയിൽ തട്ടി വലയിൽ പതിച്ചു. റിച്ചാർളിസന്റെ ഒൻപതാം അന്താരാഷ്ട്ര ഗോളാണിത്. റിച്ചാർളിസന്റെ ആഹ്ളാദം എന്നാൽ, നാടകീയ സംഭവവികാസങ്ങൾക്കൊടുവിലാണ് നെയ്മർ പെനാൽറ്റിയിലൂടെ രണ്ടാം ഗോൾ നേടിയത്. എൺപത്തിയേഴാം മിനിറ്റിൽ ബോക്സിൽ ജീസസിനെ പ്രെക്യാഡോ ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിച്ചത്. പ്രെക്യാഡോ ജീസസിനെ പിറകിൽ നിന്ന് ചവിട്ടുകയായിരുന്നുവെന്ന് ബ്രസീലുകാർ വാദിച്ചെങ്കിലും ആദ്യം റഫറി അനവദിച്ചില്ല. പിന്നീട് വാറിന്റെ സഹായത്തോടെയാണ് ഫൗൾ പിടിക്കപ്പെട്ട് പെനാൽറ്റി വിധിക്കപ്പെട്ടത്. എന്നാൽ, നെയ്മർ എടുത്ത കിക്ക് പാഴായി. ഇടത്തേയ്ക്ക് തൊടുത്ത ദുർബലമായ ഗ്രൗണ്ടർ ഗോളി ഡൊമിനിഗസ് അനായാസമായി തന്നെ കൈപ്പിടിയിലൊതുക്കി. ഇക്വഡോറുകാർ പന്തുമായി മുന്നേറി ബ്രസീലിന്റെ ഗോൾമുഖത്ത് എത്തിയെങ്കിലും റഫറി വിസിലൂതി. നെയ്മർ കിക്കെടുക്കുംമുൻപ് ഗോളി ഗോൾലൈനിൽ നിന്ന് നീങ്ങിയതിന് വീണ്ടും കിക്കെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ബഹളത്തിനിടെ പിഴയായി ഗോളി ഡോമിൻഗസിന് മഞ്ഞക്കാർഡും സമ്മാനിച്ചു റഫറി. രണ്ടാം കിക്കിൽ നെയ്മർക്ക് പിഴച്ചില്ല. ഇക്കുറി വലത്തേയ്ക്ക് പാഞ്ഞ വെടിയുണ്ട കൃത്യം വലയിൽ. ഗോളി ചാടിയതാവട്ടെ ഇടത്തേയ്ക്കു. നെയ്മറുടെ അറുപത്തിയഞ്ചാം അന്താരാഷ്ട്ര ഗോൾ വലയിൽ. ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ അഞ്ച് മത്സരങ്ങൾ കഴിഞ്ഞപ്പോൾ പതിനഞ്ച് പോയിന്റുമായി വ്യക്തമായ ആധിപത്യം പുലർത്തുകയാണ് തോൽവിയറിയാത്ത ബ്രസീൽ. രണ്ടാം സ്ഥാനത്തുള്ള അർജന്റീനയക്ക് പതിനൊന്ന് പോയിന്റ് മാത്രമാണുള്ളത്. അർജന്റീന അഞ്ചാം മത്സരത്തിൽ ചിലിയോട് സമനില വഴങ്ങുകയായിരുന്നു. നെയ്മർ രണ്ടാം പെനാൽറ്റി ഗോളാക്കുന്നു. Photo Courtesy: twitter ബ്രസീലിന് തന്നെയായിരുന്നു കളിയിൽ ഉടനീളം ആധിപത്യം. നെയ്മറുടെ ആസൂത്രണത്തിൽ വിരിഞ്ഞ നീക്കങ്ങളിൽ നിന്ന് ഭാഗ്യം കൊണ്ടാണ് പലപ്പോഴും ഇക്വഡോർ രക്ഷപ്പെട്ടത്. നെയ്മർ തന്നെയായിരുന്നു ബ്രസീലിയൻ ആക്രമണത്തിന്റെ ചാലകശക്തി. മോശപ്പെട്ട ഫിനിഷിങ് കാരണമാണ് ഈ നീക്കങ്ങളിൽ പലതും ലക്ഷ്യം കാണാനാവാതെ പോയത്. എഴുപത്തിരണ്ടാം മിനിറ്റിൽ ബോക്സിൽ നെയ്മർ കൊടുത്ത ഗോളി മാത്രം മുന്നിൽനിൽക്കെ ജീസസ് പാഴാക്കി. എഴുപത്തിനാലാം മിനിറ്റിൽ ഗോൾലൈനിൽ നിന്ന് നെയ്മർ പുറകോട്ട് സമർഥമായി പൊക്കിയിട്ടുകൊടുത്തൊരു ചിപ്പ് പ്രതിരോധ മതിലിന്റെ വിടവിൽ നിലയുറപ്പിച്ച ഗബ്രിയേൽ ബാർബോസ പുറത്തേയ്ക്കാണ് കുത്തിയിട്ടത്. എൺപത്തിമൂന്നാം മിനിറ്റിൽ നെയ്മറുടെ മറ്റൊരു ത്രൂപാസ് സ്വീകരിച്ച് ഇടതു പാർശ്വത്തിൽ നിന്ന് പോസ്റ്റിന് മുന്നിലേയ്ക്ക് ബാർബോസ് തള്ളിക്കൊടുത്തു ഒരു ഗ്രൗണ്ടർ ഗോളി മാത്രം മുന്നിൽനിൽക്കെ നിസാരമായാണ് അലെക്സ് സാൻഡ്രോ പുറത്തേയ്ക്കടിച്ചുകളഞ്ഞത്. ഇതിന്റെ തുടർച്ചയായാണ് ജീസസിന് ബോക്സിൽ ഒരു പന്ത് ലഭിച്ചതും അത് പെനാൽറ്റിക്ക് വഴിവച്ചതും. Content Highlights:Brazil Scripts Fifth Consicutive Victory in Fifa World Cup 2021 Qualifiers Beating Ecuador
from mathrubhumi.latestnews.rssfeed https://ift.tt/3wUC3hx
via
IFTTT