Breaking

Thursday, June 24, 2021

അവസാന നിമിഷം പോളണ്ടിനെ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി സ്വീഡന്‍ പ്രീ ക്വാര്‍ട്ടറില്‍

സെയ്ന്റ് പീറ്റേഴ്സ്ബർഗ്: അവസാന സെക്കൻഡ് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ പോളണ്ടിനെ കീഴടക്കി സ്വീഡൻ യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. രണ്ടിനെതിരേ മൂന്നു ഗോളുകൾക്കാണ് ടീമിന്റെ വിജയം. ഈ വിജയത്തോടെ ഗ്രൂപ്പ് ഇ യിൽ നിന്നും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സ്വീഡൻ അവസാന 16-ൽ എത്തിയത്. മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് വിജയങ്ങളും ഒരു സമനിലയുമടക്കം ഏഴുപോയന്റുകളാണ് സ്വീഡൻ സ്വന്തമാക്കിയത്. ആവേശം വാനോളമെത്തിയ മത്സരത്തിൽ സ്വീഡനായി എമിൽ ഫോഴ്സ്ബെർഗ് ഇരട്ട ഗോളുകൾ നേടിയപ്പോൾ വിക്ടർ ക്ലാസ്സൺ ടീമിനായി വിജയഗോൾ നേടി. പോളണ്ടിനായി സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കി ഇരട്ട ഗോളുകൾ നേടി. പോളണ്ട് പ്രീ ക്വാർട്ടർ കാണാതെ പുറത്തായി. മത്സരം തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ ഗോൾ നേടിക്കൊണ്ട് ഫോഴ്സ്ബെർഗ് സ്വീഡന് ലീഡ് സമ്മാനിച്ചു. പ്രതിരോധനിരയുടെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. ആദ്യ പകുതിയിൽ ആ ലീഡ് കാത്തുസൂക്ഷിക്കാൻ സ്വീഡന് സാധിച്ചു. എന്നാൽ രണ്ടാം പകുതിയിൽ കളിയുടെ ഗതി മാറി. ലെവൻഡോവ്സ്കിയുടെ നേതൃത്വത്തിൽ പോളണ്ട് ആക്രമിച്ചുകളിക്കാൻ തുടങ്ങി. എന്നാൽ പോളണ്ടിനെ ഞെട്ടിച്ച് ഫോഴ്സ്ബെർഗ് രണ്ടാം ഗോൾ നേടി. 59-ാം മിനിട്ടിലാണ് ഗോൾ പിറന്നത്. രണ്ട് ഗോൾ വഴങ്ങിയിട്ടും പോളണ്ട് ആക്രമിച്ചുതന്നെ കളിച്ചു. അതിന്റെ ഭാഗമായി 61-ാം മിനിട്ടിൽ നായകൻ ലെവൻഡോവ്സ്കി പോളണ്ടിനായി ആദ്യ ഗോൾ നേടി. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ താരം അതിമനോഹരമായ ഗോളാണ് സ്വന്തമാക്കിയത്. പിന്നാലെ 84-ാം മിനിട്ടിൽ താരം രണ്ടാം ഗോൾ നേടിയതോടെ സ്വീഡൻ പ്രതിരോധത്തിലായി. മത്സരം സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച സമയത്ത് ഇൻജുറി ടൈമിൽ സ്വീഡന് വേണ്ടി ഗോൾ നേടിക്കൊണ്ട് വിക്ടർ ക്ലാസൻ ടീമിന്റെ രക്ഷകനായി. പിന്നാലെ ഫൈനൽ വിസിൽ മുഴങ്ങി. സ്വീഡൻ പ്രീ ക്വാർട്ടറിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രവേശിച്ചു. Content Highlights: Sweden vs Poland Euro 2020 group E


from mathrubhumi.latestnews.rssfeed https://ift.tt/3gSNpw4
via IFTTT