Breaking

Tuesday, June 22, 2021

ഡോളര്‍ കടത്തിന് സ്‌കാനര്‍, സ്വര്‍ണക്കടത്തിന് നോട്ടെണ്ണല്‍ യന്ത്രവും

കൊച്ചി: സ്വർണക്കള്ളക്കടത്തിലൂടെ വരുന്ന പണത്തിൽ കള്ളനോട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് യു.എ.ഇ. കോൺസുൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽസാബി നോട്ടെണ്ണൽ യന്ത്രം വാങ്ങിയതെന്ന് കസ്റ്റംസിന്റെ നോട്ടീസിൽ പറയുന്നു. സരിത്താണ് യന്ത്രം വാങ്ങി നൽകിയത്. വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയിൽ പിടിക്കപ്പെടാതെ ഡോളർ കടത്തുന്നതിന് സ്കാനറും വാങ്ങിയിരുന്നു. ബാഗേജുകളിൽ ഡോളർ നിറച്ച ശേഷം, ഇത് തങ്ങളുടെ സ്കാനറിലൂടെ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു വിമാനത്താവളത്തിലേക്ക് അയച്ചിരുന്നത്. മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും നിയമവിരുദ്ധ ഇടപാടുകൾ നടത്തി സംസ്ഥാനമന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും തങ്ങളെ മറികടന്ന് യു.എ.ഇ. കോൺസുലേറ്റുമായി നേരിട്ട് ബന്ധം സ്ഥാപിച്ചതായി പ്രോട്ടോകോൾ വിഭാഗം ഉദ്യോഗസ്ഥരും മൊഴി നൽകിയിട്ടുണ്ട്. പ്രോട്ടോകോൾ വിഭാഗത്തെ ഇരുട്ടിൽ നിർത്തിയായിരുന്നു ഈ ബന്ധങ്ങൾഎന്നാണ് കസ്റ്റംസ് നോട്ടിസിൽ പറയുന്നത്. സംസ്ഥാന മന്ത്രിമാരെ ഓരോ കാരണങ്ങളുണ്ടാക്കി കോൺസുലേറ്റ് ഓഫീസിലേക്ക് ക്ഷണിക്കൽ സ്ഥിരം പരിപാടിയാക്കി മാറ്റിയിരുന്നുവെന്നും നോട്ടീസിൽ പറയുന്നുണ്ട്. നയതന്ത്രക്കടത്തിന് കൂട്ട് വിമാനക്കമ്പനികൾ കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വർണക്കടത്തിനു കൂട്ട് വിമാനക്കമ്പനികളും. യു.എ.ഇ. ആസ്ഥാനമായ എമിറേറ്റ്സ് സ്കൈ കാർഗോയും എത്തിഹാദ് എയർവേയ്സും സ്വർണക്കടത്ത് സംഘത്തിന് വഴിവിട്ട് സഹായങ്ങൾ ചെയ്തതായി കസ്റ്റംസ് കണ്ടെത്തൽ. യു.എ.ഇ.യിൽനിന്നു വരുന്ന ബാഗേജുകൾ നയതന്ത്ര ബാഗേജുകളാക്കി മാറ്റിയിരുന്നത് ഈ വിമാനക്കമ്പനികളായിരുന്നു. കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിയുടെ പേരിൽ ബാഗേജ് അയക്കുന്നയാൾ നയതന്ത്രബാഗേജ് എന്ന് രേഖപ്പെടുത്തുകയോ അതിനു തക്കരേഖകൾ നൽകുകയോ ചെയ്തിരുന്നില്ല. യു.എ.ഇ. വിദേശകാര്യമന്ത്രാലയത്തിന്റെ രേഖകളും വിമാനക്കമ്പനികൾക്ക് ലഭിച്ചിരുന്നില്ല. എന്നിട്ടും അൽസാബിക്കുള്ള ബാഗേജുകളെല്ലാം നയതന്ത്രബാഗേജുകളായി മാറി. സ്വർണംകടത്തിയ 22 തവണയും ഈ രീതിയിലുള്ള സഹായം വിമാനക്കമ്പനികളിൽനിന്നുണ്ടായി. കടത്തിയ 129 കിലോ സ്വർണത്തിന്റെ കാര്യത്തിലും കസ്റ്റംസ് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു പിടികൂടിയ 30 കിലോ സ്വർണത്തിലും എമിറേറ്റ്സ് സ്കൈ കാർഗോയിൽനിന്ന് ഈ സഹായമുണ്ടായി. എത്തിഹാദ് എയർവേയ്സ് ഇത്തരത്തിൽ 6.998 കിലോ സ്വർണംകടത്താൻ സഹായിച്ചതായും കസ്റ്റംസിന്റെ നോട്ടീസിൽ പറയുന്നു. രണ്ടുകമ്പനികളും കസ്റ്റംസ് ആക്ട് അനുസരിച്ച് ശിക്ഷാർഹരാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. വിയറ്റ്നാമിലെ പരീക്ഷണം കേരളത്തിലും കൊച്ചി: വിയറ്റ്നാമിൽ പരീക്ഷിച്ച് വിജയിച്ച കടത്ത് കേരളത്തിലും നടപ്പാക്കുകയായിരുന്നു യു.എ.ഇ. കോൺസുലേറ്റ് മുൻ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിയും സാമ്പത്തികവിഭാഗം മേധാവി ഖാലിദും. വിയറ്റ്നാമിൽ യു.എ.ഇ. കോൺസുലേറ്റിൽ ജോലിചെയ്തപ്പോൾ സിഗരറ്റും മറ്റു ചില വസ്തുക്കളും ഇവർ കടത്തിയിരുന്നു. ഇതിൽ പിടിയിലായതിന്റെ നടപടിയുടെ ഭാഗമായാണ് ഇരുവർക്കും തിരുവന്തപുരം യു.എ.ഇ. കോൺസുലേറ്റിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. ഇവിടെയും അനധികൃതമായി പണം എങ്ങനെ സമ്പാദിക്കാമെന്നായിരുന്നു ഇവരുടെ ചിന്ത. യു.എ.ഇ. കോൺസുലേറ്റിലെ പി.ആർ.ഒ. സരിത്തുമായി ഉണ്ടായ പരിചയം ഖാലിദ് തട്ടിപ്പിനായി മുതലെടുത്തു. തങ്ങൾ വിയറ്റ്നാമിൽ നടത്തിയ കടത്തിനെപ്പറ്റി ഖാലിദ് സരിത്തിനോട് വിവരിച്ചു. കേരളത്തിൽ തട്ടിപ്പിന്റെ സാധ്യതയായിരുന്നു ഖാലിദിന് അറിയേണ്ടിയിരുന്നത്. ഇതിനായി യോഗം വിളിച്ചു, ഈ യോഗത്തിൽ സരിത്ത് സുഹൃത്തായ സന്ദീപിനെ ഖാലിദിന് പരിചയപ്പെടുത്തി. ഇവിടെവെച്ചാണ് ഡിപ്ലോമാറ്റിക് ബാഗ് വഴിയുള്ള സ്വർണക്കടത്തിനെക്കുറിച്ച് സന്ദീപ് പറയുന്നത്. അറബികൾ ഡിപ്ലോമാറ്റിക് കാർഗോ വഴി അവശ്യവസ്തുക്കൾ എത്തിക്കാറുണ്ടെന്നും ഇതിന് കസ്റ്റംസ് പരിശോധനയില്ലാത്തതിനാൽ സ്വർണവും ഈ വഴി കടത്താമെന്നും തീരുമാനിക്കുകയായിരുന്നു. സരിത്ത് നൽകിയ മൊഴിപ്രകാരം കോൺസുൽ ജനറലും ഖാലിദും സ്വർണം, സിഗരറ്റ്, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഊദ്, യു.എ.ഇ.യിൽ നിരോധിച്ച മരുന്നുകൾ എന്നിവ വിയറ്റ്നാമിൽ നയതന്ത്ര പരിരക്ഷയിൽ കടത്തിയിരുന്നു. ഇവ ഇൻസ്റ്റഗ്രാം വഴി വിറ്റ് പണമുണ്ടാക്കുകയും ചെയ്തു. സ്വപ്നയുടെ മൊഴിയിലും ജമാൽ ഹുസൈൻ അൽസാബിയും ഖാലിദും വിയറ്റ്നാമിൽ കള്ളക്കടത്ത് നടത്തി അധികവരുമാനം ഉണ്ടാക്കിയതായി അറിയാമെന്ന് സമ്മതിക്കുന്നുണ്ട്. അക്കൗണ്ടിൽ തിരിമറിനടത്തി ഇവർ വരുമാനം ഉണ്ടാക്കിയ വിവരവും സ്വപ്നയുടെ മൊഴിയിലുണ്ട്. Content Highlights:Swapna stood as mediator: Customs


from mathrubhumi.latestnews.rssfeed https://ift.tt/3zKDCkj
via IFTTT