Breaking

Tuesday, June 22, 2021

ഇതിലേ ഏകനായ്...പ്രണയഗീതങ്ങളില്‍ പൂത്തുലഞ്ഞ ഗാനകവി

വേണ്ടിവന്നാൽ എവിടെയിരുന്നും പാട്ടെഴുതും പൂവച്ചൽ ഖാദർ. റെയിൽവേസ്റ്റേഷനിലെ കാതടപ്പിക്കുന്ന ശബ്ദഘോഷത്തിന് നടുവിലിരുന്നുവരെ. ഈണം മനസ്സിൽ പതിഞ്ഞുകഴിഞ്ഞാൽ പിന്നെ ഏകാന്തതയിലേക്ക് ഉൾവലിയുന്നതാണ് എന്റെ രീതി. ചുറ്റുമുള്ള ബഹളമെല്ലാം അതോടെ ശമിക്കും. ഞാനും എന്റെ ഭാവനയും മാത്രമുള്ള ഒരു ലോകമേയുള്ളൂ പിന്നെ. അവിടെയിരുന്ന് പാട്ടെഴുതാൻ എളുപ്പമാണ് - പൂവച്ചലിന്റെ വാക്കുകൾ. മിന്നൽവേഗത്തിൽ പാട്ടെഴുതാൻ, വേണമെങ്കിൽ മാറ്റിയെഴുതാനും ഉള്ള കഴിവാണ് പൂവച്ചലിനെ 1970-80 കാലഘട്ടത്തിലെ ഏറ്റവും തിരക്കേറിയ ഗാനരചയിതാവാക്കി മാറ്റിയത്. കായലും കയറും എന്ന ചിത്രത്തിലെ പാട്ടെഴുത്തിന്റെ കഥ അദ്ദേഹം വിവരിച്ചുകേട്ടിട്ടുണ്ട്. സംവിധായകൻ പറഞ്ഞുതന്ന സന്ദർഭത്തിന് അനുയോജ്യമായ വരികൾ തന്നെയാണ് ഞാൻ എഴുതിയത്. രാവിൻ കണ്മഷി വീണുകലങ്ങിയ... എന്ന് തുടങ്ങുന്ന കാവ്യാത്മകമായ ഗാനം. പാട്ട് കൊള്ളാം, പക്ഷേ, കുറച്ചുകൂടി ജനകീയമാകണം ഈണവും വരികളും എന്ന് സംവിധായകൻ പറഞ്ഞപ്പോൾ ഞൊടിയിടയിൽ സംഗീത സംവിധായകൻ കെ.വി. മഹാദേവൻ ട്യൂൺ മാറ്റി. അതൊരു വെല്ലുവിളിയായിരുന്നു എനിക്ക്. അതേയിരിപ്പിൽ പത്തു പതിനഞ്ചു നിമിഷങ്ങൾക്കകം പുതിയ വരികൾ എഴുതിക്കൊടുത്തു ഞാൻ. ഈണത്തിന്റെ സ്കെയിലിൽ പൂർണമായും ഒതുങ്ങിനിൽക്കുന്ന പാട്ട്. വാശിയോടെ അന്ന് പൂവച്ചൽ എഴുതിക്കൊടുത്ത പാട്ട് ഇന്ന് ചരിത്രത്തിന്റെ ഭാഗം ശരറാന്തൽ തിരിതാണു മുകിലിൻ കുടിലിൽ, മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നു... യേശുദാസിന്റെ എക്കാലത്തെയും മികച്ച പ്രണയഗാനങ്ങളിൽ ഒന്ന്. രചനാജീവിതത്തിൽ തനിക്ക് വഴിത്തിരിവായത് ആ പാട്ടാണെന്ന് വിശ്വസിച്ചു പൂവച്ചൽ. കായലും കയറും(1979) എന്ന ചിത്രത്തിലെ മറ്റു പാട്ടുകളും ജനപ്രീതിയിൽ ഒട്ടും പിന്നിലായിരുന്നില്ല: ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ എത്തിടാമോ പെണ്ണേ ചിറയൻകീഴിലെ പെണ്ണേ ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണേ... (യേശുദാസ്), കടക്കണ്ണിലൊരു കടൽ കണ്ടു... (വാണി ജയറാം), രാമായണത്തിലെ ദുഃഖം... (എൻ.വി.ഹരിദാസ്). പ്രശസ്ത ചിത്രകാരൻ ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ ഒരിക്കൽ പറഞ്ഞതോർമയുണ്ട്: എന്റെ നാട്ടിലുള്ള സകല പെണ്ണുങ്ങളെയും ഞാൻ വരച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണിനെ കണ്ടിട്ടില്ല. താൻ എന്നെയും കടത്തിവെട്ടിക്കളഞ്ഞല്ലോ എന്ന്. പൂവച്ചൽ ആദ്യമായി ഒരു മുഴുനീള ഗാനമെഴുതിയത് റവ. സുവിശേഷമുത്തു സംവിധാനംചെയ്ത കാറ്റു വിതച്ചവൻ(1973) എന്ന ചിത്രത്തിനുവേണ്ടിയാണ്. പീറ്റർ റൂബന്റെ സംഗീതത്തിൽ മേരി ഷൈല പാടിയ ആ ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച ക്രിസ്തീയ ഭക്തിഗാനമായി ഇന്നും നിലനിൽക്കുന്നു. നീയെന്റെ പ്രാർഥന കേട്ടു, നീയെന്റെ മാനസം കണ്ടു... അതേ ചിത്രത്തിലാണ് യേശുദാസ് ശബ്ദം നൽകിയ ആ മനോഹരപ്രണയഗാനവും. മഴവില്ലിനജ്ഞാത വാസം കഴിഞ്ഞു... മലയാള സിനിമാ സംഗീതചരിത്രത്തിന്റെ ഭാഗമായി മാറിയ ജൈത്രയാത്ര തുടങ്ങിയിരുന്നതേയുള്ളൂ പൂവച്ചൽ. ഏതോ ജന്മകല്പനയിൽ... (പാളങ്ങൾ), ഇതിലേ ഏകനായ്... (ഒറ്റപ്പെട്ടവർ), ഋതുമതിയായ് തെളിമാനം... (മഴനിലാവ്), അനുരാഗിണീ ഇതായെൻ... (ഒരു കുടക്കീഴിൽ), സിന്ദൂര സന്ധ്യക്ക് മൗനം... (ചൂള), രാജീവം വിടരും നിൻ മിഴികൾ... (ബെൽറ്റ് മത്തായി), പണ്ടൊരു കാട്ടിലൊരാൺസിംഹം (സന്ദർഭം), കരളിലെ കിളി പാടി... (അക്കച്ചീടെ കുഞ്ഞുവാവ), മന്ദാരച്ചെപ്പുണ്ടോ... (ദശരഥം), പൂമാനമേ... (നിറക്കൂട്ട്) പൊൻവീണേ... (താളവട്ടം), കിളിയേ കിളിയേ... (ആ രാത്രി), കായൽക്കരയിൽ തനിച്ചുവന്നത്... (കയം).... മലയാളികൾ ഇന്നും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന പാട്ടുകൾ. എ.ടി. ഉമ്മറാണ് പൂവച്ചലിന്റെ ഏറ്റവുമധികം രചനകൾക്ക് ഈണംപകർന്നത്. തൊട്ടുപിന്നിൽ ശ്യാം, ജോൺസൺ, രവീന്ദ്രൻ. # പ്രണയഗീതങ്ങൾ പ്രണയഗീതങ്ങളിലാണ് പൂവച്ചലിലെ ഗാനകവി പൂത്തുലഞ്ഞതെന്ന് തോന്നിയിട്ടുണ്ട്. ഐ.വി. ശശിയുടെ ആദ്യചിത്രമായ ഉത്സവ(1975) ത്തിലെ ആദ്യസമാഗമലജ്ജയിൽ ആതിരാതാരകം കണ്ണടയ്ക്കുമ്പോൾ... (യേശുദാസ്) എങ്ങനെ മറക്കും. കാമുകഹൃദയങ്ങളിൽ പ്രഥമാനുരാഗത്തിന്റെ അനുഭൂതി നിറയ്ക്കുന്ന ഗാനം. അത് ചിട്ടപ്പെടുത്തിയ എ.ടി. ഉമ്മറിനെ ഏറെക്കാലത്തിനുശേഷമാണ് താൻ ആദ്യമായി നേരിൽ കണ്ടതെന്ന് പറഞ്ഞിട്ടുണ്ട് പൂവച്ചൽ. പാട്ടുകൾ എഴുതിക്കൊടുത്ത് തിടുക്കത്തിൽ നാട്ടിലേക്ക് തിരിച്ചുപോരുകയായിരുന്നു അദ്ദേഹം. ആ ഗാനവുമായി ബന്ധപ്പെട്ട മറ്റൊരു കൗതുകമുള്ള ഓർമകൂടി പൂവച്ചൽ പങ്കുവെച്ചതോർക്കുന്നു: മുരുക്കുംപുഴയിലെ ഒരു സിനിമാക്കൊട്ടകയിലിരുന്നാണ് ഉത്സവം കണ്ടത്. വിവാഹശേഷം ഭാര്യയോടൊപ്പം ആദ്യംകണ്ട പടം. മധുവിധുക്കാലമായതിനാൽ ഭർത്താവെഴുതിയ പാട്ടിന്റെ ചിത്രീകരണം കാണാൻ ഭാര്യക്ക് താത്പര്യമുണ്ടാകുമല്ലോ. കാത്തിരുന്നു കാത്തിരുന്ന് ഒടുവിൽ പാട്ട് വന്നപ്പോൾ ഹാളിലെ സൗണ്ട് സിസ്റ്റം പിണങ്ങി. പാട്ടിനുപകരം ആകെയൊരു ചിലമ്പൽ. അപശബ്ദം കേട്ട് ചിരിയടക്കാൻ പാടുപെടുന്ന ഭാര്യയുടെ ചിത്രമാണ് ആ ഗാനത്തിനൊപ്പം ഇന്നും മനസ്സിൽ വന്നുനിറയുക. എൻജിനിയറുടെ കുപ്പായം ഉപേക്ഷിച്ചു പാട്ടെഴുത്തുകാരനായ കഥയാണ് പൂവച്ചലിന്റേത്. വലപ്പാട്ട് ശ്രീരാമ പോളിടെക്നിക്കിൽ നിന്ന് എൻജിനിയറിങ് ഡിപ്ലോമയും തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ നിന്ന് എ.എം.ഐ. ഇ.യും നേടിയ ഖാദറിന്റെ ആദ്യനിയമനം കോഴിക്കോട്ടായിരുന്നു. ഓവർസിയറായിട്ടാണ് തുടക്കം. പിന്നെ അസിസ്റ്റന്റ് എൻജിനിയറായി. സുഹൃത്തും ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുമായ കാനേഷ് പൂനൂർ വഴി ഐ.വി. ശശിയെ പരിചയപ്പെട്ടതാണ് പൂവച്ചലിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കാനേഷിന്റെ ശുപാർശയിൽ കവിത(1973) എന്ന ചിത്രത്തിൽ ഗാനരചയിതാവായി പൂവച്ചലിനെ ശശി പരീക്ഷിച്ചു. നടി വിജയനിർമലയുടെ ആദ്യ സംവിധാനസംരംഭമായാണ് അറിയപ്പെടുന്നതെങ്കിലും കവിതയുടെ ചിത്രീകരണച്ചുമതല മുഴുവൻ ഏറ്റെടുത്തത് ആർട്ട് ഡയറക്ടറായ ശശിയാണ്. ഭാസ്കരൻ മാസ്റ്റർ ഗാനങ്ങളെഴുതിയ ആ പടത്തിൽ ചില കവിതാശകലങ്ങൾ രചിച്ചുകൊണ്ട് അങ്ങനെ പൂവച്ചൽ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3vMKgmP
via IFTTT