തിരുവനന്തപുരം: പുതിയ പ്രസിഡന്റിനൊപ്പം സംസ്ഥാന കോൺഗ്രസിനെ നയിക്കാൻ പുതിയ സംഘത്തെയാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. പി.ടി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, ടി. സിദ്ദിഖ് എന്നിവരെയാണ് വർക്കിങ് പ്രസിഡന്റുമാരായി നിയമിച്ചത്. വർക്കിങ് പ്രസിഡന്റായിരുന്ന കെ.വി. തോമസിനെ സ്ഥാനത്തുനിന്നു മാറ്റുകയും ചെയ്തു. നിലവിൽ വർക്കിങ് പ്രസിഡന്റുമാരായ മൂന്നുപേരും ഗ്രൂപ്പുകൾക്കതീതമായി നിലപാട് എടുത്തവരാണെന്നതും ശ്രദ്ധേയം. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പി.ടി. തോമസ് തന്റെ പേരുതന്നെ നിർദേശിച്ചിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്കും പി.ടി.യുടെ പേര് ഉയർന്നിരുന്നു. മുമ്പ് എ ഗ്രൂപ്പിന്റെ ഭാഗമായിരുന്നെങ്കിലും പി.ടി. തോമസും കൊടിക്കുന്നിൽ സുരേഷും നിലവിൽ ഗ്രൂപ്പിന്റെ ഭാഗമല്ല. പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിച്ച കൊടിക്കുന്നിലിനെ വർക്കിങ് പ്രസിഡന്റ് സ്ഥാനത്തുതന്നെ നിലനിർത്തി. പ്രതിപക്ഷനേതാവിനെ സംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ സിദ്ദിഖ് നേതൃത്വത്തിൽ മാറ്റംവേണമെന്ന അഭിപ്രായമാണ് മുന്നോട്ടുവെച്ചത്. രമേശ് ചെന്നിത്തലയെത്തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു നിർദേശിക്കാൻ എ ഗ്രൂപ്പ് നേതൃത്വം തീരുമാനിച്ച സാഹചര്യത്തിൽ സിദ്ദിഖിന്റെ അഭിപ്രായപ്രകടനം ശ്രദ്ധേയമായിരുന്നു. കെ.വി. തോമസിനെ സ്ഥാനത്തുനിന്നു മാറ്റിയത് അപ്രതീക്ഷിത നീക്കമായിരുന്നു. യു.ഡി.എഫ്. കൺവീനറായി അദ്ദേഹത്തെ പരിഗണിക്കുന്നുവെന്നാണ് അറിയുന്നത്. പാർട്ടി പുനഃസംഘടനയാണ് പുതിയ നേതൃത്വത്തിനു മുമ്പിലുള്ള പ്രധാന കടമ്പ. കെ.പി.സി.സി., ഡി.സി.സി. തലത്തിൽ സമഗ്രമായ അഴിച്ചുപണിയുണ്ടാകും. ജംബൊ കമ്മിറ്റികളുടെ സ്ഥാനത്ത് ഭാരവാഹികളുടെ എണ്ണം കുറയും. പുനഃസംഘടനയിലും ഗ്രൂപ്പുകളുടെ അതിപ്രസരം തടയുകയെന്നതായിരിക്കും പുതിയ നേതൃത്വം അവലംബിക്കുന്ന രീതി.
from mathrubhumi.latestnews.rssfeed https://ift.tt/3g6jh1e
via
IFTTT