കുമരകം: കോവിഡിൽ സഡൺബ്രേയ്ക്ക് ഇടേണ്ടിവന്ന ആർച്ചയ്ക്ക് ഫാമിലി പവറിൽ ഡബിൾ ബെൽ. അച്ഛൻ ഡ്രൈവറും അമ്മ കണ്ടക്ടറും മകൾ ചെക്കറുമായ ആർച്ച ബസാണ് അതിജീവനത്തിന്റെ വിജയഗാഥയുമായി വേറിട്ട സർവീസ് നടത്തുന്നത്.പതിനാറിൽചിറ-മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന ആർച്ചയെ ആദ്യഘട്ട ലോക്ഡൗണിൽ കണ്ടക്ടറും ഡ്രൈവറും ഉപേക്ഷിച്ചുപോയി. 22 വർഷമായി നടത്തിവരുന്ന ബസ് സർവീസ് നശിച്ചുപോകാതിരിക്കാൻ ബസുടമയായ ടി.എസ്.സുനിൽ കണ്ടക്ടറായും ചെക്കറായും ഡ്രൈവറായും വേഷമണിഞ്ഞു. ബസ് സ്റ്റാൻഡിൽനിന്ന് കയറുന്നവർക്ക് ടിക്കറ്റ് നൽകിക്കഴിഞ്ഞാൽ ഇടയ്ക്ക് കയറുന്നവർ ഡ്രൈവർ സീറ്റിന് സമീപമെത്തി പണം നൽകുകയായിരുന്നു. രണ്ടാം കോവിഡിന്റെ ലോക്ഡൗൺ കഴിഞ്ഞതോടെ സുനിലിന് താങ്ങായി ഭാര്യയും മകളും എത്തുകയായിരുന്നു. കണ്ടക്ടറായും ചെക്കറായും ജോലി ചെയ്യാൻ ആദ്യം മടിച്ചെങ്കിലും കുടുംബപ്രാരബ്ദങ്ങൾ മൂലം പുതിയ വേഷമണിയാൻ അമ്മയും മകളും തയ്യാറായി.ഒറ്റ നമ്പർ ദിവസമാണ് ആർച്ച സർവീസ് നടത്തുന്നത്. കാര്യമായ വരുമാനമൊന്നും ഇല്ലെങ്കിലും സർവീസ് മുടക്കാതെ ആർച്ച കൃത്യമായി എത്തുന്നുണ്ട്. രാവിലെ 8.45-ന് ആരംഭിക്കുന്ന സർവീസിൽ 11.30 വരെ ഭാര്യ രമ്യയാണ് കണ്ടക്ടർ. തുടർന്ന് വൈകീട്ട് ആറുവരെ മകൾ ആർച്ചയും. ഭാര്യയും മകളും എത്തിയതോടെ പുത്തൻ ഊർജമാണ് സുനിലിന് ലഭിച്ചത്. ലോക്ഡൗണിന് മുമ്പ് പ്രതിദിനം 7000 രൂപയോളം കളക്ഷൻ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ കേവലം 2500 രൂപയാണ് ആകെ ലഭിക്കുന്നത്. ഇതിൽനിന്ന് ഡീസൽ ചെലവും കഴിഞ്ഞ് തുച്ഛമായ പണമാണ് ഈ കുടുംബത്തിന് ലഭിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3wQvuwQ
via
IFTTT