ഒട്ടാവ: ചരിത്രത്തിലെത്തന്നെ കടുപ്പമേറിയ ചൂടുകാലത്തിലൂടെ കടന്നുപോകുന്ന കാനഡയിൽ ഉഷ്ണതരംഗത്തിൽപെട്ട് 134 പേർ മരിച്ചു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വാൻകൂവർ നഗരത്തിൽ വെള്ളിയാഴ്ചമുതൽ തിങ്കളാഴ്ചവരെയുള്ള മരണക്കണക്കാണിത്. പ്രവിശ്യയിലെ ലിട്ടൻ ഗ്രാമത്തിൽ ചൊവ്വാഴ്ച റെക്കോഡ് താപനിലയാണ് രേഖപ്പെടുത്തിയത്. 49.5 ഡിഗ്രി സെൽഷ്യസ്. ആയിരം കൊല്ലത്തിനിടെ ആദ്യമായാണ് ഇത്രയും കഠിനമായ ചൂടിലൂടെ മേഖല കടന്നുപോകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. യു.എസിലും അന്തരീക്ഷ താപനില ക്രമാതീതമായി വർധിക്കുകയാണ്. കനത്ത ചൂടിൽ 65-ഓളം പേർക്ക് അപ്രതീക്ഷിത മരണം സംഭവിച്ചെന്നും റിപ്പോർട്ടുണ്ട്. പ്രാദേശിക അധികൃതർ കൃത്യമായ വിവരങ്ങൾ പുറത്തുവിടുന്നില്ല. ചൂടിനെ പ്രതിരോധിക്കാൻ പലയിടങ്ങളിലും ശീതീകരണകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. രാജ്യത്തെ മറ്റിടങ്ങളിലേക്കും ചൂട് വ്യാപിച്ചേക്കുമെന്നും ആശങ്കയുണ്ട്. പ്രദേശത്തെ സ്കൂളുകളും വാക്സിൻ വിതരണ കേന്ദ്രങ്ങളും അടച്ചു. അപകടസാധ്യതയുള്ളവർക്ക് പ്രത്യേകകരുതൽ നൽകാനും ചൂടിനെ പ്രതിരോധിക്കാൻ പോംവഴിതേടാനും ബ്രിട്ടീഷ് കൊളംബിയ മുഖ്യമന്ത്രി ജോൺ ഹോർഗൻ ജനങ്ങളോടാവശ്യപ്പെട്ടു. അതേസമയം, യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ ഗവർണർമാരുമായി വിഷയത്തിൽ ചർച്ചനടത്തി. 20 കൊല്ലത്തിനിടെയുള്ള ഏറ്റവും കടുത്ത വരൾച്ചയിലൂടെയാണ് മേഖല കടന്നുപോകുന്നത്. കാലിഫോർണിയ, നെവാദ, വാഷിങ്ടൺ സംസ്ഥാനങ്ങളിൽ പലയിടത്തും കാട്ടുതീയും റിപ്പോർട്ട് ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/3qzVUAE
via
IFTTT