Breaking

Thursday, July 1, 2021

ദിവസവും 36 റൗണ്ട്, 15 കിലോമീറ്റർ.. റൺ... ഡി.ജി.പി. റൺ...

തിരുവനന്തപുരം: ‘ഇത്രത്തോളം ഓടിയ’ ഒരു മേധാവിയും കേരള പോലീസ് ചരിത്രത്തിലുണ്ടാവില്ല. പുതിയ പോലീസ് മേധാവിയായി ചുമതലയേൽക്കുമ്പോഴും വൈ. അനിൽകാന്ത് പ്രഭാത പരിശീലന ഓട്ടം തുടരുന്നു. ഒരു മാരത്തൺ ഓട്ടക്കാരന്റെ ശരീരഭാഷയുള്ള അദ്ദേഹത്തിന്റെ ആരോഗ്യരഹസ്യവും അതുതന്നെ.1988 ബാച്ചുകാരനായ അനിൽകാന്ത് കേരളത്തിൽ ജോലിയിൽ പ്രവേശിച്ച നാൾമുതൽ വ്യായാമം മുടക്കാറില്ല. എവിടെയായിരുന്നാലും ദിവസവും രാവിലെ 15 കിലോമീറ്റർ ഓട്ടം നിർബന്ധം. 400 മീറ്റർ ട്രാക്കുള്ള തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലായിരിക്കും പതിവ് ഓട്ടം. ഒന്നര മണിക്കൂറിനുള്ളിൽ ഓട്ടം പൂർത്തിയാക്കും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ അസൗകര്യമുണ്ടെങ്കിൽ തൊട്ടടുത്തുള്ള യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലേക്ക് ഓട്ടം മാറ്റും. ഔദ്യോഗിക ജോലിയുടെ ഭാഗമായി മറ്റു സ്ഥലങ്ങളിലാണെങ്കിലും ഓടാനുള്ള സൗകര്യം ഒരുക്കിനൽകുമെന്ന് പേഴ്‌സണൽ സെക്രട്ടറി സജീവ് പറഞ്ഞു.ആദ്യം മുതൽ അവസാനം വരെ ഒരേ വേഗത്തിൽ ഓടുന്നതും അനിൽ കാന്തിന്റെ പ്രത്യേകതയാണ്. ന്യൂഡൽഹിയിലെ പഠനകാലത്തും ഫുട്‌ബോൾ, ക്രിക്കറ്റ്, അത്‌ലറ്റിക്സ് തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കുന്നത് പതിവായിരുന്നു. ആരോഗ്യസംരക്ഷണത്തിനു നൽകിയ പ്രാധാന്യം ഐ.പി.എസുകാരനായ ശേഷവും തുടർന്നു. ഓട്ടത്തിനുശേഷം പോലീസ് ഉദ്യോഗസ്ഥർക്കായുള്ള ജിമ്മിലും വർക്കൗട്ട് ചെയ്യും. 15 മിനിറ്റ് മാത്രമാണ് ജിമ്മിൽ പരിശീലനം. ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധാലുവായ ഇദ്ദേഹം സഹപ്രവർത്തകരെയും അക്കാര്യത്തിൽ ഉപദേശിക്കാറുണ്ടെന്ന് ഓഫീസേഴ്‌സ് ജിമ്മിലെ ഇൻസ്ട്രക്ടറും ആംഡ് പോലീസ് എസ്.ഐ.യുമായ സന്തോഷ് ചാർലി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3yeddcT
via IFTTT