Breaking

Tuesday, May 25, 2021

കണ്ണന്‍ ഗോപിനാഥനുമായി ഉടക്ക്, എംപിയുടെ ആത്മഹത്യ: വിവാദങ്ങളൊഴിയാതെ പ്രഫുല്‍ പട്ടേല്‍

അഹമ്മദാബാദ്: ദാദ്ര നഗർ ഹവേലി-ദമൻ, ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്ററാണ് മുൻ മന്ത്രികൂടിയായ പ്രഫുൽ പട്ടേൽ. ലക്ഷദ്വീപിന്റേത് അധികച്ചുമതലയാണ്. ഗുജറാത്തിൽ സബർക്കന്ധയിലെ ഹിമ്മത് നഗർ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി. എം.എൽ.എ.യായി 2007-ലാണ് രാഷ്ട്രീയപ്രവേശം. 2010-ൽ ഷഹറാബുദ്ദീൻ കേസിൽ അമിത് ഷാ അറസ്റ്റിലായപ്പോൾ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി മുഖ്യമന്ത്രി നരേന്ദ്ര മോദി കണ്ടെത്തിയത് കന്നിക്കാരനായ പ്രഫുൽ പട്ടേലിനെയായിരുന്നു. എന്നാൽ, 2012-ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 2014-ൽ മോദി പ്രധാനമന്ത്രി ആയപ്പോൾ തന്റെ പഴയ മന്ത്രിയെ ദാദ്ര നഗർ ഹവേലിയുടെ ഭരണാധികാരിയായി സിൽവാസയിലേക്ക് അയച്ചു. അതുവരെ ഐ.എ.എസുകാർ മാത്രം വഹിച്ചിരുന്ന സ്ഥാനമായിരുന്നു അത്. 2019-ലെ ദേശീയ തിരഞ്ഞെടുപ്പിൽ കളക്ടറും മലയാളിയുമായ കണ്ണൻ ഗോപിനാഥന് തിരഞ്ഞെടുപ്പുചട്ടം മറികടന്ന് ഉത്തരവുകൾ നൽകിയത് പ്രഫുൽ പട്ടേൽ ആണ്. കണ്ണൻ നൽകിയ പരാതിയെത്തുടർന്ന് ഇലക്ഷൻ കമ്മിഷൻ അഡ്മിനിസ്ട്രേറ്റർക്ക് പൂട്ടിട്ടു. തിരഞ്ഞെടുപ്പിൽ വിജയിച്ച സ്വതന്ത്ര സ്ഥാനാർഥി മോഹൻ ദേൽക്കറുമായുള്ള പട്ടേലിന്റെ യുദ്ധം വാർത്തകളിലിടം പിടിച്ചിരുന്നു. ആദിവാസികളായ ദേൽക്കർ കുടുംബം സിൽവാസയുടെ ശബ്ദമാണ്. ഏഴുവട്ടം എം.പി.യായ മോഹൻ ദേൽക്കർ ബി.ജെ.പി.യിൽ ചേരുമെന്നായിരുന്നു പാർട്ടിയുടെ പ്രതീക്ഷ. അതുണ്ടായില്ല. ദേൽക്കർ കുടുംബത്തിന്റെ വസ്തുവകകളിൽ ഭരണകൂടം പിടിമുറുക്കുകയും അന്വേഷണങ്ങൾ ആരംഭിക്കുകയും ചെയ്തു. പൊതു ചടങ്ങുകളിൽനിന്ന് പട്ടേൽ ഇടപെട്ട് ഒഴിവാക്കപ്പെടുന്നതായി എം.പി. പരാതിപ്പെട്ടിരുന്നു. അഡ്മിനിസ്ട്രേറ്റർക്കെതിരേ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ലോക്സഭാ സ്പീക്കർ എന്നിവർക്കും പരാതി നൽകി. കഴിഞ്ഞ ഫെബ്രുവരി 22-ന് മുംബൈയിലെ ഒരു ഹോട്ടലിൽ മോഹൻ ദേൽക്കറെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. പ്രഫുൽ പട്ടേലിനും ഉദ്യോഗസ്ഥർക്കുമെതിരേ ഇദ്ദേഹം 15 പേജുള്ള ആത്മഹത്യക്കുറിപ്പും എഴുതിവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുംബൈ പോലീസ് എഫ്.ഐ.ആറും തയ്യാറാക്കി. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ചില പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പാർലമെന്റിൽ പ്രതിപക്ഷം വിഷയം ഉന്നയിച്ചിട്ടും ദാദ്ര നഗർ ഹവേലിയിൽ ജനകീയ പ്രക്ഷോഭമുണ്ടായിട്ടും പട്ടേലിനെ കൈവിടാൻ കേന്ദ്രം തയ്യാറായിട്ടില്ല. അജൻഡകൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്ന, ജനപ്രിയനാകാൻ താത്പര്യമില്ലാത്ത മികച്ച ഭരണാധികാരിയെന്നാണ് ഗുജറാത്തിലെ ബി.ജെ.പി. വൃത്തങ്ങളിൽ പ്രഫുൽ പട്ടേൽ അറിയപ്പെടുന്നത്. മോദിയും അമിത് ഷായുമായുള്ള അടുപ്പമാണ് വിവാദങ്ങളിലും വീഴാതെ പട്ടേലിനെ പിടിച്ചുനിർത്തുന്നത്. Content Highlights:Praful Khoda Patel


from mathrubhumi.latestnews.rssfeed https://ift.tt/34fDlra
via IFTTT