Breaking

Sunday, May 23, 2021

ഗ്രൂപ്പ് തിട്ടൂരം മറികടന്ന് സ്വതന്ത്രമായി അഭിപ്രായം പറഞ്ഞ് കോണ്‍ഗ്രസ് യുവ എംഎല്‍എമാര്‍

തിരുവനന്തപുരം: എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങളുടെ നിർദേശങ്ങൾ ശിരസ്സാവഹിക്കുന്ന നിലപാടിൽനിന്ന് കോൺഗ്രസിലെ യുവനിര പുറത്തുവരുന്നതാണ് പ്രതിപക്ഷ നേതാവിന്റെ തിരഞ്ഞെടുപ്പ് തെളിയിക്കുന്നത്. 21 എം.എൽ.എ.മാരിൽ 12 പേർ ഐ പക്ഷത്തും ഒമ്പതു പേർ എ ഗ്രൂപ്പിലുമാണെന്നാണ് കണക്ക്. ഗ്രൂപ്പ് നേതൃത്വം ശക്തമായ നിലപാടെടുത്തിട്ടും ഇതിൽ 11 പേരെങ്കിലും വി.ഡി. സതീശനെ പിന്താങ്ങിയെന്നാണ് സൂചന. എം.എൽ.എ.മാരെ ഹൈക്കമാൻഡ് പ്രതിനിധികൾ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ടതോടെയാണ് ഗ്രൂപ്പ് തിട്ടൂരം മറികടന്ന് എം.എൽ.എ.മാർ സ്വതന്ത്രമായി അഭിപ്രായം പറഞ്ഞത്. എ ഗ്രൂപ്പിൽ നിന്നുതന്നെ തിരുവഞ്ചൂർ രാധാകൃഷ്ണനും പി.ടി. തോമസും അവർക്ക് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് താത്പര്യമുണ്ടെന്ന നിലപാടാണെടുത്തത്. യൂത്ത് കോൺഗ്രസ് നേരത്തേതന്നെ നേതൃമാറ്റം നിലപാടായി എടുത്തത് ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി. ചിലർ സതീശന്റെ പേര് പറഞ്ഞില്ലെങ്കിലും മാറ്റം വേണമെന്നു പറഞ്ഞു. ഐ ഗ്രൂപ്പിലെ ചെറുപ്പക്കാരിലേറെപ്പേരും സമാന നിലപാടാണ് സ്വീകരിച്ചത്. ഗ്രൂപ്പ് ഭേദമെന്യേ മുതിർന്ന നേതാക്കൾ മാറ്റത്തെ ചെറുത്തപ്പോൾ കമ്യൂണിസ്റ്റ് പാർട്ടികൾ സ്ഥാനാർഥിത്വത്തിലും മന്ത്രിമാരിലും വലിയ മാറ്റം കൊണ്ടുവന്നത് ചൂണ്ടിക്കാട്ടി യുവനിര ഇതിനെ ചെറുത്തു. നേതാക്കളിലുള്ള അവിശ്വാസമല്ല, നിലനില്പിന് ഈ നിലപാട് ആവശ്യമാണെന്ന ബോധ്യമാണ് യുവനിരയെ ഇതിലേക്ക് നയിച്ചത്. അതേസമയം, മുതിർന്ന നേതാക്കളുടെയിടയിലെ ചില സമവാക്യങ്ങൾ മാറുന്നതും പ്രകടമായി. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ആഗ്രഹിക്കുന്ന കെ. സുധാകരൻ വി.ഡി. സതീശനുവേണ്ടി രംഗത്തിറങ്ങി. കെ.സി. വേണുഗോപാലിന്റെ പിന്തുണയും സതീശനുണ്ടായി. എം.പി.മാരിൽ ഒന്നോ, രണ്ടോ പേരൊഴികെ എല്ലാവരും നേതൃതലത്തിൽ മാറ്റം വേണമെന്ന നിലപാടെടുത്തു. എ.കെ. ആന്റണിയും മാറ്റത്തെ എതിർത്തില്ല. സ്ഥാനമൊഴിയുന്നവരെ അപമാനിക്കുന്ന തരത്തിലാകരുതെന്നും അവരെ കാര്യങ്ങൾ ധരിപ്പിച്ചേ തീരുമാനം നടപ്പാക്കാവൂയെന്നും അദ്ദേഹം നിർദേശിച്ചു. ഈ സാഹചര്യങ്ങളെല്ലാം വിലയിരുത്തിയാണ് നേതൃമാറ്റമെന്ന ആവശ്യം ശക്തമാണെന്ന റിപ്പോർട്ട് മല്ലികാർജുൻ ഖാർഗെ സോണിയാ ഗാന്ധിക്ക് നൽകിയത്. ശനിയാഴ്ച രാവിലെ മല്ലികാർജുൻ ഖാർഗെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ ഫോണിൽ വിവരം അറിയിച്ചു. പ്രതിപക്ഷനേതാവിനെ തീരുമാനിക്കാനുള്ള അധികാരം നിയമസഭാകക്ഷി യോഗം ചേർന്ന് പാർട്ടിപ്രസിഡന്റിനെ ഏൽപ്പിച്ചതാണെന്നും ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്നുമായിരുന്നു എല്ലാവരുടെയും ആദ്യ പ്രതികരണം. ഗ്രൂപ്പ് സമവാക്യങ്ങൾ മാറുംഎ.കെ. ആന്റണി-കെ. കരുണാകരൻ എന്നിവരെ അച്ചുതണ്ടുകളാക്കി രൂപംകൊണ്ട എ, ഐ ഗ്രൂപ്പുകൾ പിന്നീട് രൂപമാറ്റത്തോടെ ഉമ്മൻചാണ്ടി-രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിൽ അണിനിരന്നു. 2004-ൽ കെ.പി.സി.സി. പ്രസിഡന്റായെത്തിയ രമേശ് ചെന്നിത്തലയും നിയമസഭാകക്ഷി നേതൃത്വത്തിലുണ്ടായിരുന്ന ഉമ്മൻചാണ്ടിയും അടുത്തും അകന്നും നിന്ന് നയിച്ചപ്പോൾ പാർട്ടിസ്ഥാനങ്ങളും സീറ്റുകളും ഗ്രൂപ്പ് വീതംവെപ്പുകളായി മാറി. രമേശിന്റെ സ്ഥാനത്തേക്ക് വി.ഡി. സതീശൻ വരുന്നതോടെ പുതിയ അധികാരകേന്ദ്രം കോൺഗ്രസിൽ രൂപംകൊള്ളുകയാണ്. പാർട്ടിക്കുള്ളിലെ പാർട്ടിയെന്നാണ് എ ഗ്രൂപ്പിന്റെ വിളിപ്പേര്. ഏതാണ്ട് സംഘടനാസംവിധാനത്തോടെ പ്രവർത്തിക്കുന്ന എ ഗ്രൂപ്പിന്റെ അവസാനവാക്ക് ഉമ്മൻചാണ്ടിയാണെങ്കിലും രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാനുള്ള തീരുമാനം ഇപ്രാവശ്യം അക്ഷരംപ്രതി നടപ്പായില്ല. എ ഗ്രൂപ്പ് ഞെട്ടലോടെയാണ് യുവ എം.എൽ.എ.മാരുടെ പ്രതികരണത്തെ കാണുന്നത്. ഹൈക്കമാൻഡ് നിരീക്ഷകരോട് രമേശിനാണ് എ ഗ്രൂപ്പിന്റെ പിന്തുണയെന്ന് ഉമ്മൻചാണ്ടി അറിയിച്ചെങ്കിലും എം.എൽ.എ.മാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ടപ്പോൾ പലരുടെയും അഭിപ്രായം സതീശന് അനുകൂലമായി. സമാനമാണ് ഐ ഗ്രൂപ്പിന്റെയും അവസ്ഥ. രമേശും സതീശനും ഐ ഗ്രൂപ്പായതിനാൽ അത് നെടുകെ പിളർന്നു. കോൺഗ്രസിലെ ശീലമനുസരിച്ച് അധികാരകേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയാകും രണ്ടാംനിര ഇനി നിലനിൽക്കുക. പാർട്ടി പുനഃസംഘടനയിലും ഭാവി സീറ്റ് വിഭജനത്തിലും മറ്റും സതീശന്റെ വാക്കിന് ഇനി വിലയേറും.


from mathrubhumi.latestnews.rssfeed https://ift.tt/3fzylmm
via IFTTT