Breaking

Sunday, May 9, 2021

നേമത്തെ നായര്‍വോട്ടുകള്‍ യുഡിഎഫിലേക്ക് പോയി, മുസ്ലിം വോട്ട് ഏകീകരിച്ചു; വിലയിരുത്തി ബിജെപി

തിരുവനന്തപുരം: വിജയപ്രതീക്ഷയുണ്ടായിരുന്ന നേമം, തിരുവനന്തപുരം, വട്ടയൂർക്കാവ്, കഴക്കൂട്ടമടക്കമുള്ള തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിൽ പാർട്ടിക്ക് മുൻപ് ലഭിച്ചിരുന്ന വോട്ടുകളിൽ ചോർച്ച സംഭവിച്ചുവെന്ന് ബിജെപിയുടെ വിലയിരുത്തൽ. നേമം നഷ്ടമാകാൻ പ്രധാന കാരണം മുസ്ലിം വോട്ടുകളുടെ ഏകീകരണമാണെന്ന് വിലയിരുത്തപ്പെടുമ്പോഴും ബിജെപി ശക്തി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞിട്ടുണ്ട്. സ്വാധീനമേഖലയിലെ ബൂത്തുകളിൽ നേരത്തെ ലഭിച്ചുകൊണ്ടിരുന്ന 25 മുതൽ 100 വോട്ടുകൾ വരെ കുറഞ്ഞു. സിറ്റിങ് വാർഡുകളിൽ ബഹൂഭൂരിപക്ഷത്തിലും വോട്ടുകുറഞ്ഞു. നേമത്തെ നായർ വോട്ടുകളിൽ നല്ലൊരുഭാഗം യുഡിഎഫിന് ലഭിച്ചു. മുസ്ലിം വോട്ടുകൾ എൽഡിഎഫിനാണ് ഏകീകരിച്ചതെന്നും സംസ്ഥാന നേതൃത്വം നടത്തിയ ജില്ലാതല അവലോകനത്തിൽ വിലയിരുത്തി. ജില്ലാ പ്രസിഡന്റ് വി.വിരാജേഷ് മത്സരിച്ച വട്ടിയൂർക്കാവിൽ അടിസ്ഥാന വോട്ടുകൾ മാത്രം കിട്ടി. എന്നാൽ ഇവിടെ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മുൻ ജില്ലാ പ്രസിഡന്റ് എസ്.സുരേഷിനേക്കാൾ വോട്ട് പിടിക്കാൻ രാജേഷിനായെന്നും വിലയിരുത്തി. ജില്ലാ പഞ്ചായത്തിലെ സിറ്റിങ് ഡിവിഷൻ നിലനിർത്താൻ എസ്.സുരേഷിന് നിലനിർത്താനുമായില്ലെന്ന് വി.വി.രാജേഷ് യോഗത്തിൽ ചൂണ്ടിക്കാട്ടിയത് നേതാക്കൾ തമ്മിലുള്ള ഭിന്നതയ്ക്കിടയാക്കി. പ്രകോപിതനായ എസ്.സുരേഷ് ജില്ലയിലെ ബിജെപിക്കുണ്ടായ പരാജയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു. ഇരുനേതാക്കളും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നതോടെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇടപ്പെട്ട് ജില്ലാ കോർകമ്മിറ്റി വിളിക്കാൻ നിർദേശിച്ചതായാണ് വിവരം. കഴക്കൂട്ടത്ത് മത്സരിച്ച ശോഭാ സുരേന്ദ്രൻ പരാജയം വിലയിരുത്താനുള്ള യോഗത്തിൽ പങ്കെടുത്തില്ല. ഇതിനിടെ സ്ഥാനാർഥി നിർണയം വൈകിയത് പരാജയത്തിന് ഒരു കാരണമായതായി നേതൃത്വത്തിനെതിരെ വിമർശനമുയർന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3o04U0A
via IFTTT