Breaking

Tuesday, May 11, 2021

ചുരുട്ടിപ്പിടിച്ച മുഷ്ടിയെ അടിച്ചുത്താഴ്ത്താന്‍ ആര്‍ക്കുമായിട്ടില്ല;മതി ഗൗരിയമ്മേ...കൊടി താഴെവെക്കാം

കാൽപനിക കവി വില്യംവേഡ്സ് വർത്തിന്റെ ഡാഫോഡിൽസ് വായിച്ച അനുഭൂതിയിൽ അച്ഛന്റെ കൃഷിയിടത്തിൽ ഇരുന്ന് ചുവുന്നുതുടത്ത അസ്തമയ സൂര്യനെ നോക്കുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു പണ്ട് ചേർത്തലയിൽ. ആ അരുണകാന്തി അവളെ ഒരു കവയത്രി ആക്കിയില്ലെങ്കിലും നാടാകെ പടർന്ന ചുവപ്പ് വിപ്ലവത്തിലൂടെ സാമൂഹ്യമാറ്റം കൊണ്ടുവരാനായിരുന്നു ജീവിത നിയോഗം. അതായിരുന്നു കേരളമറിഞ്ഞ കെ.ആർ.ഗൗരിയമ്മ. പാർട്ടിക്ക് ബഹുനില മന്ദിരങ്ങളും മുന്തിയ കാറും സൗകര്യങ്ങളും ഒന്നുമുണ്ടാകുമെന്ന സ്വപ്നം പോലും ഇല്ലാത്ത കാലത്താണ് ഗൗരിയമ്മ വക്കീൽപണി വിട്ട് ചെങ്കൊടി പിടിച്ചത്. മുദ്രാവാക്യങ്ങൾക്കൊപ്പം ഉയർന്നുപൊങ്ങിയ ചുരുട്ടിപിടച്ച മുഷ്ടിയെ അടിച്ചുതാഴ്ത്താൻ ശ്രമിച്ച പോലീസ് ലാത്തികൊണ്ട് പീഡിപ്പിക്കാത്ത ഒരുഭാഗവും അവളുടെ ശരീരത്തിലില്ലായിരുന്നു. പക്ഷേ ആ ഉൾക്കരുത്തിനെ തല്ലി ഒതുക്കാൻ ആർക്കുമായില്ല. അന്നത്തെ ഗൗരിയെ ഓർത്ത് പിൽക്കാലത്ത് കവികൾ പാടി, കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലിക്കൊണ്ട് നിന്നാൽ അവൾഭദ്രകാളി. കർഷകരേയും തൊഴിലാളികളേയും സംഘടിപ്പിച്ച ഗൗരിയമ്മ ചേർത്തല താലൂക്കിനും പുറത്തേക്ക് കമ്മ്യൂണിസത്തിന്റെ വിത്തെറിഞ്ഞു. സമരമുഖങ്ങളിൽ ആളിപ്പടർന്നു. 1952-ലും 1954-ലും തിരു-കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബാലറ്റിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെന്ന വിശേഷണമുള്ള 1957-ലെ ഇ.എം.എസ്. മന്ത്രിസഭയിൽ റവന്യൂ മന്ത്രിയായി. അതോടെ ഗൗരിയമ്മയുടെ ഭരണനൈപുണ്യവും നിശ്ചയദാർഢ്യവും ലോകമറിഞ്ഞു. ജന്മിത്വത്തിന്റെ അടിവേരറുത്ത ഭൂപരിഷ്ക്കരണ നിയമം അവതരിപ്പിച്ചത് ഗൗരിയമ്മ ആയിരുന്നു. നിയമത്തോടുള്ള എതിർപ്പ് വിമോചനസമരം വരെ എത്തിയെങ്കിലും ആരേയും കൂസാത്ത ഗൗരിയമ്മ കുലുങ്ങിയില്ല. ആദ്യ മന്ത്രിസഭയിലെ മന്ത്രിയും കമ്മ്യൂസിറ്റ് നേതാവുമായിരുന്ന ടി.വി.തോമസായിരുന്നു ഗൗരിയമ്മയുടെ ജീവിതസഖാവ്. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായപ്പോൾ ദമ്പതികൾ വിരുദ്ധ പക്ഷത്തായിരുന്നു. പാർട്ടിക്കൊപ്പം ആ ജീവിതവും പിളർന്നു. ഒന്നുമുതൽ 11 വരെയുള്ള നിയമസഭകളിൽ അഞ്ചാം നിയമസഭയിൽ ഒഴികെ എല്ലാത്തിലും ഗൗരിയമ്മ അംഗമായിരുന്നു. അഞ്ചു തവണ മന്ത്രിയുമായി. 1987-ൽ സിപിഎം ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തക്കാട്ടിയെങ്കിലും അത് മുദ്രാവാക്യങ്ങളിലൊതുങ്ങി. കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ.ഗൗരി ഭരിച്ചില്ല പകരം ഇ.കെ.നായനാർ വന്നു. ഇ.എം.എസുമായുള്ള കലഹത്തിൽ 1994-ൽ ഗൗരിയമ്മ സിപിഎമ്മിൽ നിന്ന് പുറത്തായി. പുറത്താക്കാൻ പാർട്ടിക്ക് ന്യായീകരണങ്ങൾ ഏറെ ഉണ്ടാകാമായിരുന്നെങ്കിലും ഗൗരിയമ്മയുടെ തന്റേടം തന്നെയായിരുന്നു നേതൃത്വത്തിന് അലോസരമായത്. പാർട്ടി വിട്ടിറങ്ങിയ ഗൗരിയമ്മ ജെ.എസ്.എസ് രൂപീകരിച്ചു. അതോടെ സഖാവ് ഗൗരിയമ്മ ആരാധകർക്ക് കുഞ്ഞമ്മയായി. കമ്മ്യൂണിസ്റ്റ് തിരസ്കാരത്തിൽ അവർ മറ്റൊരു വിശ്വാസത്തേയും കൃഷ്ണഭക്തിയേയും വാരിപ്പുണർന്നു. യുഡിഎഫിനൊപ്പം ചേർന്ന ഗൗരിയമ്മ 2001-ൽ കൃഷിമന്ത്രിയായി. 2004-ൽ അരൂരിൽ തോൽവി പിണഞ്ഞതോടെ ഗൗരിയമ്മക്കും ജെഎസ്എസിനും പിന്നെ കീഴ്പ്പോട്ടിറക്കമായിരുന്നു. വാർധക്യവും അതിന്റെ ദൗർഭല്യങ്ങളും അവരെ ശാരീരികമായി തളർത്തി. സംഭവബഹുലമായ രാഷ്ട്രീയ ജീവിതം നൂറ്റാണ്ട് പിന്നിട്ടപ്പോൾ ഓർമകൾ ഒളിമങ്ങിത്തുടങ്ങി. ഒടുവിൽ ജീവിതത്തിൽ നിന്നും ഗൗരിയമ്മ വിടവാങ്ങുകയാണ്. മതി ഗൗരിയമ്മേ കൊടി താഴെവെക്കാം.....


from mathrubhumi.latestnews.rssfeed https://ift.tt/3tB1Lpk
via IFTTT