Breaking

Monday, May 10, 2021

ആലപ്പുഴ നഗരസഭയുടെ ‘ധൂമസന്ധ്യ’ വിവാദം പുകയുന്നു

ആലപ്പുഴ : ആലപ്പുഴ നഗരസഭ ശനിയാഴ്ച നടത്തിയ ധൂമസന്ധ്യയെച്ചൊല്ലിയുള്ള വിവാദപ്പുക അടങ്ങുന്നില്ല. കോവിഡ് പ്രതിരോധസന്ദേശം ജനങ്ങളിലെത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന് നഗരസഭാധ്യക്ഷ വിശദീകരിക്കുമ്പോഴും അശാസ്ത്രീയവും അബദ്ധവുമാണെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ വിമർശം. ഇടതുപക്ഷം ഭരിക്കുന്ന നഗരസഭ അശാസ്ത്രീയത പ്രചരിപ്പിക്കരുതെന്നാണ് പരിഷത്തിന്റെ നിലപാട്. ഹോമിയോ പ്രതിരോധമരുന്ന് വിതരണം ചെയ്തതിനെയും പരിഷത്ത് അപലപിച്ചു. പരിഷത്തിനെതിരേ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ രംഗത്തെത്തി. ശാസ്ത്രത്തെയും ശാസ്ത്രീയതയെയും മതം പോലെ ചട്ടക്കൂട്ടിലാക്കാനാണ് പരിഷത്ത് ശ്രമിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തുന്നു. ഫെയ്സ്ബുക്കിൽ വിശദീകരണവുമായി നഗരസഭാധ്യക്ഷ സൗമ്യാ രാജുമെത്തി: 'നഗരത്തിലെ 52 വാർഡുകളിലെ 50,000 ത്തോളം വീടുകളിൽ 'ധൂമസന്ധ്യ' നടന്നു. ധാരാളം പേർ നഗരസഭയെ അനുമോദിച്ചു. ധൂപനത്തിന്റെ ഫലപ്രാപ്തി സംബന്ധിച്ച് ആയുർവേദ ഡി.എം.ഒ. യുടെ കുറിപ്പുണ്ട്. ആരോഗ്യരംഗത്തെ വിദഗ്ധരും മറ്റുള്ളവരും പൂർണ പിന്തുണ നൽകിയിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് എതിർത്തതോടെയാണ് വിവാദമായത്. ഒരുദിവസം പുകച്ചാൽ വൈറസ് ഇല്ലാതാകുമെന്ന് അവകാശപ്പെട്ടിട്ടില്ല. കഴിഞ്ഞ കോവിഡ് കാലത്ത് ഇരവുകാട് വാർഡിൽ വ്യാപകമായി ഹോമിയോ പ്രതിരോധമരുന്ന് നൽകിയിരുന്നു. അതു വളരെ ഫലപ്രദമായിരുന്നു'- സൗമ്യാ രാജ് കുറിച്ചു. പുകച്ചത് 22.5 ലക്ഷമെന്ന് ആരോപണം അപരാജിത ചൂർണം പുകച്ചതിലൂടെ നഗരസഭ ലക്ഷങ്ങൾ പുകച്ചെന്ന് സാമൂഹിക മാധ്യമങ്ങളിലും ആരോപണമുയർന്നു. ചില്ലറവില 50 ഗ്രാമിന് 45 രൂപയാണ്. 50,000 വീടുകളിൽ ഇതെത്തിച്ചെന്നാണ് ചെയർപേഴ്സൺ പറയുന്നത്. അങ്ങനെ നോക്കിയാൽ 22,50,000 രൂപ. മൊത്തവിലയ്ക്ക് എടുത്താൽപ്പോലും 20 ലക്ഷമെങ്കിലും ആയിക്കാണുമെന്നാണ് വിമർശകർ ആരോപിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3txpDdn
via IFTTT