Breaking

Sunday, May 16, 2021

ലൈസൻസില്ലാതെ ഓടിച്ച ട്രാക്ടർ കിണറ്റിൽവീണ് യുവാവിന് ദാരുണാന്ത്യം

ചെന്നൈ: വെല്ലൂർ വാണിയമ്പാടിയിൽ വാട്സാപ്പ് സ്റ്റാറ്റസ് ഇടാൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ച യുവാവ് വാഹനത്തോടെ കിണറ്റിൽവീണ് മരിച്ചു. ചിന്നമേട്ടൂർ സ്വദേശി കൃഷ്ണന്റെ മകൻ സഞ്ജീവാണ് (18) മരിച്ചത്. അതേഗ്രാമത്തിലെതന്നെ ഒരു വയലിനോടുചേർന്ന കിണറിലാണ് ട്രാക്ടർ വീണത്. നിലമുഴുന്നത് കാണാൻ ബന്ധുവായ ട്രാക്ടർ ഡ്രൈവർക്കൊപ്പം വയലിലെത്തിയതായിരുന്നു സഞ്ജീവ്. ഉച്ചയായപ്പോൾ തൊഴിലാളികൾ എല്ലാവരും പണികൾ നിർത്തി ഭക്ഷണം കഴിക്കാൻ പോയി. അപ്പോൾ നിർത്തിയിട്ടിരുന്ന ട്രാക്ടറിൽ കയറി ഓടിക്കുന്നതുപോലെ അഭിനയിച്ച് യുവാവ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ട്രാക്ടറിലിരുന്നുള്ള ചിത്രം വാട്സാപ്പിൽ സ്റ്റാറ്റസായി വെക്കുകയുംചെയ്തു. തുടർന്ന്, ട്രാക്ടറിൽ കയറിയതിന്റെ ആവേശത്തിൽ യുവാവ് വാഹനം ഓടിക്കാനും ശ്രമിച്ചു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടർ വയലിനടുത്ത് 60 അടി താഴ്ചയുള്ള കിണറിൽ പതിക്കുകയായിരുന്നു. ശബ്ദംകേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ ട്രാക്ടറിൽക്കുടുങ്ങിയ യുവാവ് പൂർണമായും കിണറിലെ വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. നാലുമണിക്കൂറോളം പരിശ്രമിച്ചാണ് ക്രെയിനുപയോഗിച്ച് മൃതദേഹവും ട്രാക്ടറും കിണറ്റിൽ നിന്ന് പുറത്തെടുത്തത്. സംഭവത്തിൽ അമ്പലൂർ പോലീസ് കേസ് രജിസ്റ്റർചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.


from mathrubhumi.latestnews.rssfeed https://ift.tt/2Qn5ol9
via IFTTT