Breaking

Monday, May 10, 2021

കോവിഡ് പരിശോധനാഫലം വാങ്ങാൻ രോഗി നേരിട്ടെത്തി പോലീസ് ഇടപെട്ട് ആംബുലൻസ് വരുത്തി

കൊല്ലം : പോസിറ്റീവാണെന്ന്‌ അറിഞ്ഞിട്ടും സ്വകാര്യ ലാബിൽനിന്ന്‌ കോവിഡ് പരിശോധനാഫലം വാങ്ങാൻ രോഗി നേരിട്ടെത്തി. വിവരമറിഞ്ഞ് പോലീസ് ഇടപെട്ട് ആംബുലൻസ് വരുത്തി ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച പതിനൊന്നരയോടെ കൊല്ലം ചിന്നക്കടയിലായിരുന്നു സംഭവം. ഫലം വാങ്ങി ജില്ലാ ആശുപത്രിയിലേക്ക് നടന്നുപോകുകയായിരുന്നു ഇയാൾ. പോലീസുകാർ കൈകാണിച്ചുനിർത്തി ചോദ്യംചെയ്തപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്നു പറയുന്നത്. ആശുപത്രിയിലേക്ക് പോകുകയാണെന്നും പറഞ്ഞു. പോലീസ് ഉടൻതന്നെ ആംബുലൻസ് വരുത്തി ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ചു. കോവിഡ് പോസിറ്റീവായ ആൾതന്നെയാണ്‌ നേരിട്ടെത്തി ഫലം വാങ്ങിയിരിക്കുന്നതെന്നു മനസ്സിലാക്കിയ ലാബിലെ ജീവനക്കാരും ഇയാളെ അന്വേഷിച്ച് പിന്നാലെ എത്തിയിരുന്നു. രോഗി ഇരുന്നയിടവും പരിസരവും അണുവിമുക്തമാക്കി. നഗരത്തിൽ ഒറ്റയ്ക്ക് താമസിക്കുന്നയാളായിരുന്നു. രോഗം പോസിറ്റീവാണെന്ന്‌ അറിഞ്ഞാൽ എവിടെയാണോ ഉള്ളത്‌, അവിടെത്തന്നെ മറ്റുള്ളവരുമായി സുരക്ഷിത അകലംപാലിച്ചു നിൽക്കുക. ബന്ധപ്പെട്ട വാർഡിലെ ആശാ വർക്കറെയോ ദിശ നമ്പരിലോ വിളിക്കുക. ഇതാണ് ശരിയായ മാർഗമെന്നു പറഞ്ഞുമനസ്സിലാക്കിയാണ് പോലീസ് ആളെ വിട്ടത്. 1056-ാണ് ദിശയുടെ നമ്പർ. 0471 2309250-56 എന്നീ നമ്പരുകളിലും അറിയിക്കാം. തുടർനടപടികൾക്കുള്ള നിർദേശങ്ങൾ ലഭിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3uyWIXr
via IFTTT