Breaking

Friday, May 7, 2021

ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ഫൈനല്‍

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഓൾ ഇംഗ്ലണ്ട് ഫൈനൽ. മാഞ്ചെസ്റ്റർ സിറ്റിയും ചെൽസിയും തമ്മിലാണ് കലാശപ്പോരാട്ടം. മെയ് 29ന് ഇസ്താംബൂളിലാണ് ഫൈനൽ. സ്റ്റാംഫോഡ് ബ്രിഡ്ജിൽ നടന്ന രണ്ടാപാദ സെമിയിൽ, പതിമൂന്ന് കിരീടം നേടി ചരിത്രം കുറിച്ച സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിനെ മടക്കമില്ലാത്ത രണ്ട് ഗോളിന് തകർത്താണ് ചെൽസി ഫൈനലിലേയ്ക്കുള്ള വഴി ഉറപ്പിച്ചത്. 3-1 എന്ന ഗോൾശരാശരിയിലാണ് അവരുടെ ഫൈനൽ പ്രവേശം.മാഡ്രിഡിൽ നടന്ന ആദ്യപാദ സെമിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. രണ്ടാംപാദ സെമിയുടെ ഇരുപത്തിയെട്ടാം മിനിറ്റിൽ ഒഴിഞ്ഞ നെറ്റിലേയ്ക്ക് പന്ത് ഹെഡ് ചെയ്തിട്ട് ജർമൻ സ്ട്രൈക്കർ ടിമോ വെർണറും എൺപത്തിയഞ്ചാം മിനിറ്റിൽ ഇംഗ്ലീഷ് മിഡ്ഫീൽഡർ മേസൺ മൗണ്ടുമാണ് ചെൽസിയുടെ വിജയഗോളുകൾ വലയിലാക്കിയത്. 2012ൽ കിരീടം നേടിയശേഷം ഇതാദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. പി.എസ്.ജിയെ 4-1എന്ന ഗോൾ ശരാശരിയിൽ തോൽപിച്ചാണ് സിറ്റി ഫൈനലിൽ പ്രവേശിച്ചത്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ചെങ്കിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അത്ര ഭദ്രമല്ല ചെൽസിയുടെ നില. മുപ്പത്തിനാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 61 പോയിന്റുമായി നാലാം സ്ഥാനത്താണ് അവർ. ഈ നിലയിൽ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ് ചെൽസിക്ക്. ഇത് മൂന്നാം തവണയാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇംഗ്ലീഷ് ടീമുകൾ മുഖാമുഖം വരുന്നത്. 2008ൽ മാഞ്ചെസ്റ്റർ യുണൈറ്റഡ് ചെൽസിയെ ഷൂട്ടൗട്ടിലും 2019ൽ ലിവർപൂൾ ടോട്ടനത്തെയും തോൽപിച്ചു. ചാമ്പ്യൻസ് ലീഗ് ഫൈനിന് മുൻപ് പ്രീമിയർലീഗിലും സിറ്റിയും ചെൽസിയും ഈയാഴ്ച തന്നെ മുഖാമുഖം വരുന്നുണ്ട്. ജയിച്ചാൽ സിറ്റിക്ക് കിരീടം ഏറെക്കുറേ ഉറപ്പിക്കാം. അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടണമെങ്കിൽ ചെൽസിക്കും ജയം അനിവാര്യമാണ്. Content Highlights:Chelsea, Real Madrid, all-English UEFA Champions League final, Manchester City


from mathrubhumi.latestnews.rssfeed https://ift.tt/3eocjU7
via IFTTT