Breaking

Monday, May 17, 2021

ആരോപണങ്ങളില്‍ കഴമ്പില്ല: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിവി ശ്രീനിവാസിന് ക്ലീന്‍ ചിറ്റ്

ന്യൂഡൽഹി: കോവിഡ് ചികിത്സാ ഉപകരണങ്ങൾ പൂഴ്ത്തിവെച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസിനെതിരെ തെളിവില്ലെന്ന് ഡൽഹി പോലീസ്. ആരോപണ വിധേയരായ മറ്റ് എട്ട് പേർക്കും പോലീസ് ക്ലീൻ ചിറ്റ് നൽകി. ബിവി ശ്രീനിവാസിന്റെ നേതൃത്വത്തിൽ ശ്രദ്ധേയമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഡൽഹിയിൽ അടക്കം നടന്നിരുന്നു. ഓക്സിജൻ ക്ഷാമം മൂലം ദുരിതത്തിലായ ജനങ്ങൾ ശ്രീനിവാസിനെ ടാഗ് ചെയ്യുകയും അവർക്ക് അത് ലഭ്യമാകുകയും ചെയ്തതോടെ ഓക്സിജൻ മാൻ എന്ന വിളിപ്പേരും ശ്രീനിവാസിന് ചാർത്തപ്പെട്ടു എന്നാൽശ്രീനിവാസ് ഉൾപ്പെടെയുള്ള ചില രാഷ്ട്രീയ നേതാക്കൾ കോവിഡ് പ്രതിരോധ,ചികിത്സാ ഉപകരണങ്ങൾ പൂഴ്ത്തിവെയ്ക്കുന്നുവെന്നും കരിഞ്ചന്തയിൽ വിൽക്കുന്നുവെന്നുമുള്ള പരാതിയിലാണ് ഇദ്ദേഹത്തിനെതിരെ അന്വേഷണം നടത്താൻ കോടതി ആവശ്യപ്പെട്ടത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഉറവിടം ഏതാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനിവാസിനെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ ആണ് ശ്രീനിവാസിന് ക്ലീൻ ചിറ്റ് നൽകിയത്. മരുന്നും ഓക്സിജനും പണം ഈടാക്കാതെ നൽകി ആളുകളെ സഹായിക്കുകയായിരുന്നു ശ്രീനിവാസ് എന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. ആരോപണ വിധേയരായ 9 പേർക്കെതിരെ പ്രാഥമിക അന്വേഷണത്തിൽ തെളിവുകളില്ലെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ലീൻ ചിറ്റ് നൽകിയതെന്നും പോലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണം നടത്താൻ ആറ് ആഴ്ചത്തെ സമയം നൽകണമെന്നും പോലീസ് കോടതിയിൽ ആവശ്യപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/3ePM896
via IFTTT