Breaking

Tuesday, May 25, 2021

രണ്ടാമനായി എം.വി. ഗോവിന്ദൻ; രണ്ടാംനിരയിൽ ചെന്നിത്തല

തിരുവനന്തപുരം: ഭരണപക്ഷനിരയിൽ രണ്ടാമനായി എം.വി. ഗോവിന്ദൻ. കഴിഞ്ഞതവണ നേതാവായി പ്രതിപക്ഷനിരയിൽ ഒന്നാമനായിരുന്ന രമേശ് ചെന്നിത്തല ഇക്കുറി രണ്ടാംനിരയിലേക്കു മാറി. പ്രതിപക്ഷനേതാവിന്റെ സീറ്റിൽ വി.ഡി. സതീശൻ എത്തുകയും ചെയ്തു. ഭരണപക്ഷനിരയിൽ മുഖ്യമന്ത്രിക്കു തൊട്ടടുത്താണ് സി.പി.എമ്മിലെ മന്ത്രി എം.വി. ഗോവിന്ദന്റെ സീറ്റ്. കഴിഞ്ഞതവണ ഇ.പി. ജയരാജനായിരുന്നു ഈ കസേരയിൽ. റവന്യൂമന്ത്രി കെ. രാജനാണ് മൂന്നാമൻ. മറ്റു കക്ഷികളുടെ അംഗബലമനുസരിച്ചാണ് തുടർന്നുള്ള സീറ്റുകൾ. മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ. കൃഷ്ണൻകുട്ടിക്കും എ.കെ. ശശീന്ദ്രനും ഈ നിരയിൽ സീറ്റ് ലഭിച്ചു. പാർലമെന്ററി കാര്യം കൈകാര്യംചെയ്യുന്ന കെ. രാധാകൃഷ്ണനും ധനമന്ത്രി കെ.എൻ. ബാലഗോപാലിനും മുൻനിരയിൽത്തന്നെയാണ് സീറ്റ്. മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ്, അഹമ്മദ് ദേവർകോവിൽ, പ്രൊഫ. ആർ. ബിന്ദു, വി.എൻ. വാസവൻ, സജി ചെറിയാൻ, വി. ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ചിഞ്ചുറാണി എന്നിവർ രണ്ടാംനിരയിലാണ്. കഴിഞ്ഞതവണ വി.എസ്. അച്യുതാനന്ദൻ ഇരുന്ന സീറ്റാണ് ഇക്കുറി ശിവൻകുട്ടിക്കു ലഭിച്ചത്. നിയമസഭയിൽ വി.എസിന് അനുവദിച്ചിരുന്ന ഓഫീസും ശിവൻകുട്ടിക്കാണ് അനുവദിച്ചത്. മന്ത്രിമാരായ ആന്റണി രാജു, വീണാ ജോർജ്, വി. അബ്ദുറഹ്മാൻ എന്നിവർക്ക് മൂന്നാംനിരയിലാണ് ഇരിപ്പിടം. മുൻമന്ത്രിമാരായ കെ.കെ. ശൈലജ, എം.എം. മണി, കടകംപള്ളി സുരേന്ദ്രൻ, എ.സി. മൊയ്തീൻ, കെ.ടി. ജലീൽ എന്നിവരും ഈ നിരയിൽത്തന്നെയുണ്ട്. കക്ഷിനേതാക്കൾ എന്നനിലയിൽ മുൻമന്ത്രി ഇ. ചന്ദ്രശേഖരനും ചീഫ് വിപ്പ് എൻ. ജയരാജും ഒന്നാംനിരയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിപ്പിടം കിട്ടി. കക്ഷിനേതാവെന്നനിലയിൽ കഴിഞ്ഞതവണ മുൻനിരയിലായിരുന്ന എം.കെ. മുനീർ ഇക്കുറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് സീറ്റൊഴിഞ്ഞുനൽകി രണ്ടാം നിരയിലേക്കുമാറി. മുൻമുഖ്യമന്ത്രി എന്നനിലയിൽ ഉമ്മൻചാണ്ടിക്ക് മറ്റു പ്രതിപക്ഷകക്ഷിനേതാക്കൾക്കൊപ്പം ഒന്നാംനിരയിൽത്തന്നെ ഇരിപ്പിടം കിട്ടി. ഇരുമുന്നണികളുടെയും പാർലമെന്ററി പാർട്ടിസെക്രട്ടറി, പാർട്ടിവിപ്പുമാർ എന്നിവർക്കും അക്ഷരമാലക്രമം നോക്കാതെ മുൻനിരയിൽ സീറ്റ് അനുവദിക്കാറുണ്ട്. ഇതനുസരിച്ച് ഇപ്പോഴത്തെ ഇരിപ്പിടങ്ങൾക്ക് ചില മാറ്റങ്ങൾ വന്നേക്കാം. content highlights:minister mv govindan second in command of pinarayi vijayan 2.0 ministry


from mathrubhumi.latestnews.rssfeed https://ift.tt/3voB4Ws
via IFTTT