Breaking

Thursday, May 20, 2021

ഇങ്ങനെയെങ്കിൽ 500 പേരെ പങ്കെടുപ്പിച്ച് വിവാഹവും ആകാമല്ലോയെന്ന് ഹൈക്കോടതി

കൊച്ചി: കോവിഡ് പ്രതിരോധത്തിനുള്ള നടപടികളെല്ലാം സ്വീകരിച്ചാണ് സത്യപ്രതിജ്ഞച്ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന വാദം അംഗീകരിച്ചാൽ 500 പേരെ പങ്കെടുപ്പിച്ച് വലിയ ഹാളുകളിലും മറ്റും വിവാഹവും നടത്താമല്ലോ എന്ന് ഹൈക്കോടതി.വലിയ സ്റ്റേഡിയത്തിൽ സാമൂഹിക അകലവും ആർ.ടി.പി.സി.ആർ. പരിശോധനയുമൊക്കെ നടത്തിയാണ് ചടങ്ങ് നടത്തുന്നതെന്ന സർക്കാർ വാദം തള്ളിയാണ് ഈ വിലയിരുത്തൽ. കുടുംബച്ചടങ്ങും മരണാനന്തരച്ചടങ്ങും പോലെയല്ല സർക്കാർ ചടങ്ങ് എന്ന വാദം അംഗീകരിക്കാനാകില്ല. ലോക്ഡൗൺ നിർദേശങ്ങൾ നിലനിൽക്കെ ഭരണഘടനാ ചടങ്ങിന്റെ പേരിൽ 500 പേരെ പങ്കെടുപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. വിദഗ്ധരുമായി ആലോചിച്ചാണ് സത്യപ്രതിജ്ഞച്ചടങ്ങ് നടത്താൻ മേയ് 17-ന് ഉത്തരവിറക്കിയതെന്നു പറയുന്നുണ്ടെങ്കിലും ഉത്തരവിൽ അത് വ്യക്തമല്ല.ഭരണഘടനാപരമായ ചടങ്ങാണെന്നും അതിനാൽ അന്തസ്സോടെ നടത്താൻ അനുവദിക്കണമെന്നും സർക്കാർ വാദിച്ചു. ഗവർണറും അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യേണ്ടവരും ആവശ്യമുള്ള ഉദ്യോഗസ്ഥരുമൊഴിച്ച് ആരെയും സത്യപ്രതിജ്ഞച്ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കേണ്ടതില്ലെന്നാണ് കോടതിയുടെ അഭിപ്രായമെന്നും ഉത്തരവിലുണ്ട്. സത്യപ്രതിജ്ഞച്ചടങ്ങ് വീട്ടിലിരുന്നാണ് കണ്ടതെന്നതിന്റെപേരിൽ ചടങ്ങിന്റെ അന്തസ്സ് നഷ്ടമാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. സർക്കാർ ചടങ്ങുകൾ പൊതുചടങ്ങായോ രാഷ്ട്രീയച്ചടങ്ങായോ മാറ്റാനാകില്ല. സത്യപ്രതിജ്ഞച്ചടങ്ങിനായി മാത്രം നിയന്ത്രണങ്ങളിൽ ഇളവുവരുത്താനാകില്ലെന്നും ഉത്തരവിലുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/33ZM9Bi
via IFTTT