തൃശ്ശൂർ: ദേശീയപാതയിലെ കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി 25 ലക്ഷവും കാറും തട്ടി എന്ന കേസിൽ അന്വേഷണസംഘം ഇതുവരെ കണ്ടെത്തിയത് ഒരുകോടിയോളം രൂപ. ബുധനാഴ്‌ച മാത്രം ഒരു പ്രതി ഒളിപ്പിച്ച 11.96 ലക്ഷം കൂടി കണ്ടെടുത്തതോടെയാണിത്. മുഖ്യപ്രതികളിലൊരാളായ രഞ്ജിത്തിന്റെ വീട്ടിൽനിന്ന് 14,65,000 രൂപയും അൻപതിനായിരം രൂപ വീതം വിലയുള്ള രണ്ട് മോണ്ട് ബ്ലാങ്ക് വാച്ചുകളും കണ്ടെത്തി. വീട്ടിലും ഭാര്യയുടെ കൈവശത്തുമായി ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു പണം. ഇതോടെ രഞ്ജിത്തിന്റെ പക്കൽനിന്നുമാത്രം 22,65,000 രൂപ പിടികൂടി.രഞ്ജിത്തിന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും വ്യാഴാഴ്‌ച ചോദ്യംചെയ്യും. തൃശ്ശൂർ പുല്ലൂറ്റിലെ വാടകവീട്ടിൽനിന്നാണ് പണം കണ്ടെത്തിയത്. ഇതോടെ സംഭവത്തിൽ മൂന്നരക്കോടി രൂപ അപഹരിച്ചെന്ന പ്രചാരണം സത്യമാണെന്ന് പോലീസിന് വിവരം കിട്ടിയിട്ടുണ്ട്.തിരഞ്ഞെടുപ്പിന്റെ അവസാനദിനങ്ങളിൽ ചെലവഴിക്കാൻ ബി.ജെ.പി. രഹസ്യമായി കൊടുത്തുവിട്ടതാണ് 3.5 കോടിയെന്നാണ് പുറത്തുവന്ന വിവരം. ഈ രൂപയാണ് കവർന്നതെന്ന കാര്യം കൂടുതൽ വ്യക്തമായി. ബാക്കി തുക കണ്ടെത്താനും കേസിലെ രാഷ്ട്രീയബന്ധം അന്വേഷിക്കാനുമുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഏപ്രിൽ മൂന്നിന് പുലർച്ചെ നാലിനാണ് ദേശീയപാതയിൽ കാർ മറ്റൊരു കാർകൊണ്ട് ഇടിപ്പിച്ചശേഷം വണ്ടി തട്ടിക്കൊണ്ടുപോയി പണം കവർന്നത്. പണം നഷ്ടപ്പെട്ട കോഴിക്കോട് സ്വദേശി ധർമരാജൻ ഡ്രൈവർ ഷംജീർ വഴി കൊടകര പോലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ ഇതുവരെ 19 പ്രതികളെ അറസ്റ്റ് ചെയ്തു. ബുധനാഴ്‌ച നടത്തിയ ചോദ്യംചെയ്യലിലാണ് കേസിലെ മുഖ്യപ്രതി രഞ്ജിത്തിന്റെ വെള്ളാങ്ങല്ലൂർ വെളിയനാട് വീട്ടിൽ പലയിടങ്ങളിലായി ഒളിപ്പിച്ച 11.96 ലക്ഷം കണ്ടെടുത്തത്. ചോദ്യംചെയ്യലിൽ പണമില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന പ്രതിയെ തെളിവുകൾ സഹിതം പോലീസ് നടത്തിയ നീക്കത്തിലൂടെ കുടുക്കിയാണ് പണം ഇരിക്കുന്ന സ്ഥലം കണ്ടെത്തിയത്. ഇതുവരെ 87.5 ലക്ഷം രൂപ കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതികളുടെ ചോദ്യംചെയ്യൽ പൂർത്തിയായി. ഇനി കേസിലെ രാഷ്ട്രീയബന്ധം അന്വേഷിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/3u7y8Mh
via
IFTTT