Breaking

Wednesday, September 2, 2020

ഇരട്ടക്കൊലപാതകം: വിമർശനങ്ങളുടെ മുൾമുനയിൽ കോൺഗ്രസ്

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരേ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന കോൺഗ്രസ് പ്രതിസ്ഥാനത്തെത്തിയത് പാർട്ടിയെ വിമർശനങ്ങളുടെ മുൾമുനയിൽ നിർത്തുന്നു. സമീപകാലത്തെങ്ങും സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളുടെ പ്രതിസ്ഥാനത്ത് കോൺഗ്രസ് വന്നിരുന്നില്ല. മാത്രമല്ല പെരിയ അടക്കമുള്ള ഇരട്ടക്കൊലപാതകങ്ങൾക്കെതിരേ ശക്തമായി രംഗത്തുവരികയും പൊതുസമൂഹത്തിന്റെ പിന്തുണ നേടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി ഉത്തരംമുട്ടുന്ന സ്ഥിതിയിലേക്കെത്തിയത്. രണ്ടുസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യത്തിനൊടുവിൽ സംഭവിച്ചതാണെന്നും രാഷ്ട്രീയകാരണങ്ങൾ കൊലപാതകത്തിന് പിന്നിലില്ലെന്നുമാണ് കോൺഗ്രസിന്റെ വിശദീകരണം. രാഷ്ട്രീയകൊലപാതകങ്ങളെ പാർട്ടി അംഗീകരിക്കുന്നില്ല. പ്രതികളെ പോലീസ് പിടിക്കട്ടെ. അവർക്ക് സംരക്ഷണമൊരുക്കാൻ സി.പി.എമ്മിനെപ്പോലെ പാർട്ടി ശ്രമിക്കില്ല -എന്നിങ്ങനെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. എന്നാൽ, അടൂർ പ്രകാശ് എം.പി.യടക്കം അറിഞ്ഞാണ് കൊലപാതകമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാരോപിച്ച് മന്ത്രി ഇ.പി. ജയരാജൻ രംഗത്തെത്തി. ആരോപണം നിഷേധിച്ച അടൂർ പ്രകാശ് അന്വേഷണത്തിലൂടെ സത്യം തെളിയിക്കട്ടെയെന്നും പ്രതികരിച്ചു. സർക്കാരിനെതിരേ സ്വർണക്കടത്തടക്കം നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷം സമീപകാലത്ത് ഉന്നയിച്ചത്. എന്നാൽ, കോൺഗ്രസ് പ്രതിസ്ഥാനത്ത് നിൽക്കുന്ന കൊലപാതകം വന്നത് യു.ഡി.എഫിന് തിരിച്ചടിയായി. Content Highlight: Venjaramoodu murder case


from mathrubhumi.latestnews.rssfeed https://ift.tt/3lHchs8
via IFTTT