ഇൗസ്താംബൂൾ: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ വധിക്കാനെത്തിയ പതിനഞ്ചംഗ സൗദി സംഘത്തിന്റെ കൈയിൽ ആയുധങ്ങളുണ്ടായിരുന്നതായി തുർക്കി പത്രം 'സബാ' റിപ്പോർട്ട് ചെയ്തു. ലഗേജിൻറെ എക്സ്റേ ചിത്രങ്ങളും പത്രം പുറത്തുവിട്ടു. ഒക്ടോബർ രണ്ടിനാണ് റിയാദിൽനിന്നു പതിനഞ്ചുപേരടങ്ങുന്ന സംഘം ഇൗസ്താംബൂളിൽ എത്തിയത്. ഇവരുടെ യാത്രാസാധനങ്ങൾ രണ്ടുവിമാനങ്ങളിലായാണ് റിയാദിൽ നിന്നു തുർക്കിയിലെത്തിച്ചത്. അതിലൊന്ന് ഒക്ടോബർ രണ്ടിനു സൗദി സമയം വൈകുന്നേരം 6.20-നും രണ്ടാമത്തേത് രാത്രി 10.46-നും പുറപ്പെട്ട വിമാനങ്ങളിലായിരുന്നു. ലഗേജിൽ 10 ഫോൺ, അഞ്ചു വാക്കി ടോക്കി, കെട്ടിടത്തിനകത്ത് സ്ഥാപിക്കുന്ന ടെലിഫോൺ സംവിധാനം, രണ്ടു സിറിഞ്ച്, വൈദ്യുതാഘാതമേൽപിക്കുന്ന രണ്ടു ഉപകരണങ്ങൾ, മൊബൈൽ ജാമർ, സ്റ്റാപ്ലർ, കത്രിക എന്നിവയുണ്ടായിരുന്നു. മഹർ അബ്ദുൾ അസീസ് മുത്രെബ് എന്നയാളാണ് സംഘത്തലവനെന്നും പത്രം റിപ്പോർട്ടു ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥനായ ഇയാൾ സൗദി കിരീടാവകാശിയോടൊപ്പം ഒട്ടെറെത്തവണ യാത്രചെയ്തിട്ടുള്ളതായും പത്രം പറയുന്നു. ഇയാൾ സൗദി കോൺസുലേറ്റിലേക്ക് വന്ന ഫോൺ കോളെടുത്ത് “ദൗത്യം പൂർത്തിയായെന്ന് ബോസിനെ അറിയിക്കുക" എന്നു പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു. കിരീടാവകാശിയുടെ അടുത്തയാളോടാണ് മുത്രെബ് അന്നു സംസാരിച്ചതെന്നും പത്രം ആരോപിക്കുന്നു. യു.എസ്. രഹസ്യാന്വേഷണവിഭാഗവും ഇത് ശരിവെക്കുന്നു. ഖഷോഗിയെ വധിക്കാനുള്ള പദ്ധതി സൗദി സർക്കാരിലെ ഉന്നതരുടേതാണെന്ന് തുർക്കി പ്രസിഡന്റ് ഉർദുഗാൻ നേരത്തേ പറഞ്ഞിരുന്നു. ശബ്ദരേഖ ഞെട്ടിപ്പിക്കുന്നത് കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക ശബ്ദരേഖ വിവിധ രാജ്യങ്ങൾക്ക് തുർക്കി കൈമാറി. രേഖ ആവശ്യമുള്ളവർക്കാണ് കൈമാറിയതെന്ന് പ്രസിഡന്റ് രജപ് തയ്യിപ് ഉർദുഗാൻ പറഞ്ഞു. ശബ്ദശകലങ്ങൾ ആവശ്യപ്പെട്ട എല്ലാവരും അതു കേട്ടു. ഞങ്ങളുടെ രഹസ്യവിഭാഗം ഒന്നും ഒളിച്ചുവെക്കുന്നില്ല. സൗദി അറേബ്യയ്ക്ക് പുറമെ യു.എസ്., ഫ്രാൻസ്, കാനഡ, ജർമനി, യു.കെ. എന്നീ രാജ്യങ്ങളും ശബ്ദശകലങ്ങൾ കേട്ടിരുന്നു. സൗദി രഹസ്യവിഭാഗം അധികൃതർ ഇതുകേട്ട് ഞെട്ടിത്തരിച്ചു. ഹെറൊയിൻ പോലുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കേ ഇത്തരം കുറ്റം ചെയ്യാനാകൂവെന്ന് അധികൃതർ പ്രതികരിച്ചതായും ഉർദുഗാൻ പാരീസിൽ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2RQOmqt
via
IFTTT