ന്യൂഡൽഹി: നെഹ്റു രൂപപ്പെടുത്തിയ രാജ്യത്തിന്റെ പൈതൃകത്തെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുവെന്ന്യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. ഇന്ത്യയെ കെട്ടിപ്പടുക്കാൻ പ്രയത്നിച്ച ആദ്യ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് രാജ്യത്തെ തിൻമയിലേക്കു തള്ളിവിടാനാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നവർ ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ നെഹ്റു: ദ ഇൻവെൻഷൻ ഓഫ് ഇന്ത്യ എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. ഇന്ത്യൻ ജനാധിപത്യത്തെ അരക്കിട്ടുറപ്പിക്കുകയും ഇന്നും നാം അഭിമാനത്തോടെ കാണുന്ന രാജ്യത്തിന്റെ രാഷ്ട്രീയ മൂല്യങ്ങൾ രൂപപ്പെടുത്തുകയും ചെയ്തത് നെഹ്റുവായിരുന്നു. ഈ മൂല്യങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ശശി തരൂർ തന്റെ കൃതിയിലൂടെ നടത്തുന്നത്. ഇന്ത്യയെ രൂപപ്പെടുത്തിയ ആ മൂല്യങ്ങൾഇന്ന് വെല്ലുവിളിക്കപ്പെടുകയാണെന്നും സോണിയ ഗാന്ധി പറഞ്ഞു. ഇന്ത്യയെ രൂപപ്പെടുത്താൻ നെഹ്റു ചെയ്ത എല്ലാ കാര്യങ്ങളെയും അധിക്ഷേപിക്കുകയും ദുരുദ്ദേശ്യത്തോടെ അതിനെ വളച്ചൊടിക്കുകയുമാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നവർചെയ്യുന്നത്. ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ നടത്തുന്ന പോരാട്ടത്തിലൂടെ വേണം നെഹ്റുവിനുള്ള ആദരവ് അർപ്പിക്കാനെന്നും സോണിയ ഗാന്ധി പറഞ്ഞു. നെഹ്റു രാജ്യത്തിന്റെ ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും സൃഷ്ടിപരമായ വിമർശനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നതായി ശശി തരൂർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഏതൊരു സാധാരണക്കാരനും രാജ്യത്തിന്റെ പരമോന്നത പദത്തിലേക്കെത്താൻ തക്കവിധം ഇന്ത്യയുടെ സാമൂഹ്യഘടനയെ രൂപപ്പെടുത്തിയത് നെഹ്റുവാണ്.ഇന്ന് ഒരു ചായവിൽപനക്കാരൻ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയിട്ടുണ്ടെങ്കിൽ അതിനു കാരണം നെഹ്റുവാണെന്നുംതരൂർ പറഞ്ഞു. Content Highlights:Jawaharlal Nehru, Sonia Gandhi, Sasi Tharoor, Indian democracy
from mathrubhumi.latestnews.rssfeed https://ift.tt/2QGjMQl
via
IFTTT