Breaking

Thursday, November 18, 2021

നിക്ഷേപിക്കുന്ന തുക 9 വര്‍ഷംകൊണ്ട് ഇരട്ടിയാകും; 300 കോടിയുടെ തട്ടിപ്പ്, പ്രതിയെ കോടതിയില്‍ ഹാജരാക്കി

കായംകുളം: ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ നിക്ഷേപം സ്വീകരിച്ച് 300 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ മുഖ്യപ്രതിയെ കായംകുളം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത മുഖ്യപ്രതി മുംബൈ ആസ്ഥാനമായ ഫിനോമിനൽ കമ്പനിയുടെ ചെയർമാൻ നന്ദലാൽ കേസർ സിങ്ങി(എൻ.കെ. സിങ്-56) നെയാണു കോടതിയിൽ ഹാജരാക്കിയത്. തെളിവെടുപ്പിനായി എൻ.കെ. സിങ്ങിനെ കോടതി ഒരുദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. അതിനുശേഷം വിയ്യൂർ സെൻട്രൽ ജയിലിലേക്കു കൊണ്ടുപോകും. കമ്പനിയുടെ ശാഖ കായംകുളത്തും പ്രവർത്തിച്ചിരുന്നു. തട്ടിപ്പിനിരയായ 30 പേർ 2018-ൽ കായംകുളം പോലീസിൽ പരാതി നൽകിയിരുന്നു. കായംകുളത്തുനിന്ന് 10 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നു തട്ടിപ്പിനിരയായവർ പറഞ്ഞു. കേസ് ക്രൈംബ്രാഞ്ചിന്റെ കോഴിക്കോട് സെൻട്രൽ യൂണിറ്റാണ് അന്വേഷിക്കുന്നത്. മുംബൈ ക്രൈംബ്രാഞ്ചാണ് എൻ.കെ. സിങ്ങിനെ കഴിഞ്ഞമാസം അറസ്റ്റു ചെയ്തത്. കേസിൽ 22 പ്രതികളാണുള്ളത്. ഏഴുപേരെ അറസ്റ്റു ചെയ്തു. എട്ടുമലയാളികൾ കേസിൽ പ്രതികളാണ്. കേരളത്തിൽ തട്ടിപ്പുനടത്തിയതിലെ പ്രധാനികളിലൊരാളായ കെ.ഒ. റാഫേലിനെ അറസ്റ്റുചെയ്യാനുണ്ട്. തട്ടിപ്പിനിരയായവർ ചേർന്ന് ഫിനോമിനൽ ഇൻവെസ്റ്റേഴ്സ് അസോസിയേഷൻ എന്ന പേരിൽ സംഘടന രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നുണ്ട്. തട്ടിപ്പിനിരയായ അഞ്ചുപേർ ആത്മഹത്യചെയ്തിരുന്നു. തട്ടിപ്പ് ഇങ്ങനെ 1990 മുതൽ 26 വർഷം 11 പേരുകളിൽ പ്രവർത്തിച്ചിരുന്ന കമ്പനിയാണ് ഫിനോമിനൽ. 1997- ൽ ഹെൽത്ത് കെയർ മേഖലകളിൽ പുതിയകമ്പനി തുടങ്ങി ഗവ. സെക്യൂരിറ്റി സ്കീമുകൾ എന്ന പേരിൽ നിക്ഷേപകർക്ക് ആരോഗ്യഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം നൽകിയിരുന്നു. നിക്ഷേപിക്കുന്ന തുക ഒൻപതുവർഷം കൊണ്ട് ഇരട്ടിയാകുമെന്നും ഇക്കാലയളവിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നുമാണ് കമ്പനി നിക്ഷേപകർക്ക് വാഗ്ദാനം നൽകിയിരുന്നത്. സംസ്ഥാനത്തെ പ്രമുഖ ആശുപത്രികളിൽ ഒ.പി. വിഭാഗത്തിൽ ഡോക്ടർമാരെ സൗജന്യമായി സന്ദർശിച്ച് പരിശോധന നടത്താമെന്നും ഇവർ നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നു. ഇവർ ചില ആശുപത്രികളുമായി നീക്കുപോക്കുകൾ ഉണ്ടാക്കിയിരുന്നു. കുറച്ചുപേർക്ക് ആരോഗ്യഇൻഷുറൻസ് പരിരക്ഷ നൽകുകയും ചെയ്തു. കേരളത്തിൽ ഞാറയ്ക്കൽ, പെരുന്തൽമണ്ണ, വൈപ്പിൻ, മഞ്ചേരി, ചാലക്കുടി, ആലുവ എന്നിവിടങ്ങളിലും ബ്രാഞ്ചുകൾ ഉണ്ടായിരുന്നു. കമ്പനിക്ക് ആരോഗ്യഇൻഷുറൻസ് നൽകാൻ ലൈസൻസും ലഭിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/30FuDEb
via IFTTT