Breaking

Thursday, November 18, 2021

മലക്കപ്പാറ ഹിറ്റ്, കെഎസ്ആര്‍ടിസി വിനോദസഞ്ചാര സര്‍വീസ് ഇനി അരിപ്പയിലേക്ക്; യാത്ര 1000 രൂപയ്ക്ക്

ആലപ്പുഴ: മലക്കപ്പാറയ്ക്കുശേഷം അടുത്ത വിനോദസഞ്ചാര സർവീസുമായി കെ.എസ്.ആർ.ടി.സി.യുടെ ആലപ്പുഴ ഡിപ്പോ. ആലപ്പുഴയിൽനിന്ന് അരിപ്പ, കുടുക്കത്തുപാറ യാത്രയാണു തുടങ്ങുന്നത്. ഭക്ഷണവും പ്രവേശനഫീസും യാത്രക്കൂലിയുമുൾപ്പെടെ ഏകദേശം 1,000 രൂപയ്ക്കാണുയാത്ര. അറിയാം അരിപ്പയെ തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിർത്തിയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായുള്ള അരിപ്പ വനപ്രദേശം അപൂർവ പക്ഷികളുടെ സങ്കേതമാണ്. പക്ഷിനിരീക്ഷകരുടെ ഇഷ്ടകേന്ദ്രവുമാണ്. വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായ വനമേഖലയായതിനാൽ പക്ഷികളെ കാണാനും നിരീക്ഷിക്കാനും കഴിയും. ആന, കാട്ടുപോത്ത്, മ്ലാവ്, പന്നി, കേഴമാൻ, പുലി, മലയണ്ണാൻ, ചെന്നായ, കാട്ടുപൂച്ച, കൂരമാൻ, മുയൽ തുടങ്ങിയവയും അപൂർവ മരങ്ങളും ഈ വനമേഖലയിലുണ്ട്. വിസ്മയക്കാഴ്ചയൊരുക്കി കുടുക്കത്തുപാറ സഞ്ചാരികൾക്കു വിസ്മയക്കാഴ്ചയാണ് കുടുക്കത്തുപാറ. പ്രകൃതിയുടെ മനോഹരദൃശ്യങ്ങളും ഔഷധസസ്യങ്ങളും പാറക്കെട്ടുകളും മഞ്ഞുപെയ്യുന്ന മനോഹാരിതയും സഞ്ചാരികളുടെ മനംനിറയ്ക്കും. കൊല്ലം ജില്ലയിലെ അടയമൺ പഞ്ചായത്തിലെ ആനക്കുളം വനമേഖലയിലാണിത്. സമുദ്രനിരപ്പിൽനിന്ന് 840 മീറ്റർ ഉയരത്തിൽ മൂന്നുപാറകൾചേർന്ന് വലിയകുന്നുപോലെയാണു കിടപ്പ്. ആനക്കുളത്തുനിന്നു ഒരു കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ചാൽ പാറയിലെത്താം. സമീപത്തായി ഗന്ധർവൻപാല, ആരോഗ്യപ്പച്ച തുടങ്ങിയ ഔഷധസസ്യങ്ങളും കാണാം. യാത്രയ്ക്കു പ്രായപരിധി ആയാസകരമായ യാത്ര ആയതിനാൽ 18-നും 50-നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ളവരെ മാത്രമേ പരിഗണിക്കൂ. കാലാവസ്ഥ അനുകൂലമാണെങ്കിലേ യാത്ര പുറപ്പെടൂ. 50 പേർ തികഞ്ഞാൽ 21- ന് ആദ്യയാത്ര. ഫോൺ: 0477 2252501, 9895505815. ഹരിപ്പാട് ഡിപ്പോയിൽ നിന്നൂം അരിപ്പ, കുടുക്കത്തുപാറ യാത്ര തുടങ്ങുന്നുണ്ട് .ഫോൺ-0479-2412620. മൊബൈൽ -9947812214, 9447975789.


from mathrubhumi.latestnews.rssfeed https://ift.tt/3oyaJTE
via IFTTT