തൃശ്ശൂർ: കരുവന്നൂർ സഹകരണബാങ്കിലെ അഴിമതി പുറത്തുപറഞ്ഞ സി.പി.എം. മുൻ ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽനിന്ന് പുറത്താക്കി. ബാങ്കിനു മുന്നിൽ ജൂൺ 14-ന് ഒറ്റയാൾ സമരം നടത്തിയ കെ.കെ. സുജേഷ് കണ്ണാട്ടിനെയാണ് പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്. ഞായറാഴ്ച ചേർന്ന സി.പി.എം. പൊറത്തിശ്ശേരി സൗത്ത് ലോക്കൽ കമ്മിറ്റിയുടേതാണ് തീരുമാനം. പാർട്ടി മാടായിക്കോണം സ്കൂൾ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സുജേഷ്. പാർട്ടിഘടകങ്ങളിൽ വർഷങ്ങൾക്കു മുമ്പുതന്നെ കരുവന്നൂർ ബാങ്ക് അഴിമതിക്കെതിരേ പ്രതികരിച്ചിരുന്നു സുജേഷ്. കരുവന്നൂർ ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ. ദിവാകരൻകൂടി ഉൾപ്പെടുന്ന സി.പി.എം. മാടായിക്കോണം സ്കൂൾ ബ്രാഞ്ച്, ലോക്കൽ, ഏരിയാ കമ്മിറ്റികളിലും ജില്ലാ നേതാക്കളോടും തട്ടിപ്പിനെക്കുറിച്ച് വർഷങ്ങളായി പരാതിപ്പെട്ടിരുന്നു സുജേഷ്. കരുവന്നൂർ ബാങ്ക് അഴിമതിക്കെതിരേ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഇദ്ദേഹം പരാതി നൽകിയിരുന്നു. പാർട്ടി അംഗങ്ങളുടെയും പോഷകസംഘടനാംഗങ്ങളുടെയും പേരിലുള്ള ലക്ഷങ്ങളുടെ ബിനാമി വായ്പകളെക്കുറിച്ച് സുജേഷ് ഈയിടെ സാമൂഹിക മാധ്യമത്തിൽ എഴുതിയിരുന്നു. ‘കരുവന്നൂർ സഖാക്കൾ’ എന്ന പേരിൽ പാർട്ടി വിമതഗ്രൂപ്പും ബാങ്ക് അഴിമതിക്കെതിരേ രംഗത്തുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3A3y9nX
via
IFTTT