മംഗ്ലൂരു/കാസർകോട്: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ തീവണ്ടി മാർഗം മംഗളൂരുവിലെത്തിയ നൂറിലേറെപ്പേരെ പോലീസ് വാഹനത്തിൽ കയറ്റി ടൗൺഹാളിലേക്കും മറ്റിടങ്ങളിലേക്കും മാറ്റി. വൈകീട്ട് മൂന്നരയോടെയെത്തിയ തീവണ്ടിയിൽ നിന്നു മാത്രം 50 ഓളം പേരെയാണ് ടൗൺഹാളിലേക്കു മാറ്റിയത്. ഇവർക്കെല്ലാം റെയിൽവേ സ്റ്റേഷനിൽ വച്ചു തന്നെ ആന്റിജൻ പരിശോധന നടത്തിയെങ്കിലും രാത്രി പത്തു മണിവരെ ഫലം വന്നിട്ടില്ല. ഒരു മണിക്കൂർ നേരം റെയിൽവേ സ്റ്റേഷനിലിരുത്തി. തുടർന്ന് വാനിൽ കയറ്റി പോലീസ് സ്റ്റേഷനിലേക്കു മാറ്റി. അവിടെ നിന്നാണ് മംഗളൂരുടൗൺഹാളിലെത്തിച്ചത്. പിന്നാലെ വന്ന തീവണ്ടിയിലുള്ളവരെയും പോലീസ് സ്റ്റേഷനിലും റെയിൽവേ സ്റ്റേഷനിലുമായി മണിക്കൂറുകൾ നിർത്തിച്ച ശേഷം പലയിടത്തേക്കു മാറ്റിയതായും അറിയുന്നു. ടൗൺ ഹാളിനു പുറത്ത് പോലീസ് കാവലും ഏർപ്പെടുത്തി. ആറര മണിക്കൂർ നേരം വെള്ളമോ ഭക്ഷണമോ കിട്ടിയില്ലെന്ന് ഇവർ പറഞ്ഞു. പുറത്തുള്ള പോലീസുകാരോട് പറയുമ്പോൾ അവർക്കൊന്നും അറിയില്ലെന്നാണ് പറഞ്ഞതെന്ന് വയനാട്ടിൽ നിന്നെത്തിയ ബിടെക്ക് വിദ്യാർഥി ജോയൽ ജോസ് പറഞ്ഞു. പലരോടും പരാതിപ്പെട്ടിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് മെഡിക്കൽ വിദ്യാർഥികളായ ഗുരുവായൂരിലെ അമൃത,കാഞ്ഞങ്ങാട് ഓടയംചാലിലെ സോനുസൈമൺ എന്നിവർ പറഞ്ഞു.ഞങ്ങളെ കഷ്ടപ്പെടുത്തുകയാണെന്ന് മംഗ്ലൂരുവിൽ ജോലിയുള്ള ഇരിട്ടി സ്വദേശിനി ശാന്തിമോൾ പറഞ്ഞു. മംഗളൂരുവിൽ കുടുങ്ങിയ മലയാളികൾ ഫോട്ടോ: മാതൃഭൂമി രാത്രി 10.45 ഓടെ മണിയോടെ ഉന്നത പോലീസ്-ആരോഗ്യ വകുപ്പുദ്യോഗസ്ഥർ ടൗൺ ഹാളിലെത്തി.സ്ത്രീകളെ മാത്രം പോകാൻ അനുവദിച്ചു.ആർ.ടി.പി.സി.ആർ.പരിശോധന ഫലം കിട്ടുന്നതുവരെ റൂം ക്വാറന്റീനിൽ കഴിയണമെന്ന നിർദേശത്തോടെയാണ് ഇവരെ വിട്ടത്. രോഗിയാണെന്ന് കരഞ്ഞു പറഞ്ഞിട്ടും വിട്ടില്ല രോഗിയാണെന്ന് എത്രയോ തവണ കരഞ്ഞു പറഞ്ഞു.വൈകീട്ട് അഞ്ചിന് ഡോക്ടറെ കാണാൻ സമയം തന്നിട്ടുണ്ട്.പലതവണ ഇതു ആവർത്തിച്ചു. പോലീസുകാർ കേട്ടില്ല- കണ്ണൂർ പയ്യാവൂരിലെ സലിൻമൈക്കിൾ പറഞ്ഞു.കുറച്ചു വർഷങ്ങളായി കെ.എം.സി.ആസ്പത്രിയിൽ നിന്നുള്ള ചികിത്സ നടത്തുകയാണ്. ആറു മാസം കൂടുമ്പോൾ കുത്തിവയ്ക്കണം. ഇതിനായി മുംബൈയിൽ നിന്നു പയ്യാവൂരിലെ വീട്ടിലെത്തിയതാണ്. കോവിഡ് കാലമായതിനാൽ ആറു മാസം മുൻപുള്ള കുത്തിവെപ്പ് നടന്നില്ല. അതിനാൽ 15 ദിവസത്തെ ഇടവേളയിൽ രണ്ടു കുത്തിവെപ്പ് നടത്തണം.അതിനുള്ള അവസാന ദിവസമായിരുന്നു തിങ്കളാഴ്ച.ഇതൊക്കെ പറഞ്ഞിട്ടും പോലീസുകാർ പോകാൻ അനുവദിച്ചില്ല-സലിൻ പറഞ്ഞു. മംഗളൂരുവിൽ കുടുങ്ങിയ മലയാളികൾ ഫോട്ടോ: മാതൃഭൂമി
from mathrubhumi.latestnews.rssfeed https://ift.tt/3Ca0VVO
via
IFTTT