തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തിൽ സംഘടനാസംവിധാനത്തിന്റെ ശുദ്ധീകരണത്തിലേക്ക് സി.പി.എം. കടക്കുന്നു. വിവിധ ജില്ലകളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളുടെ പുരോഗതി വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. തൃശ്ശൂർ ഒഴികെ 13 ജില്ലകളിലെയും അവലോകനയോഗം പൂർത്തിയായി. കുണ്ടറ, തൃപ്പൂണിത്തുറ തുടങ്ങിയ മണ്ഡലങ്ങളിലെ തോൽവിയും അരുവിക്കര, അമ്പലപ്പുഴ, ആലപ്പുഴ, കുറ്റ്യാടി തുടങ്ങിയ മണ്ഡലങ്ങളിൽ ഉയർന്ന ആരോപണങ്ങളും ജില്ലാതല അവലോകനയോഗങ്ങളിൽ വലിയ വിമർശനങ്ങൾക്കിടയാക്കി. അരുവിക്കരയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വി.കെ. മധുവിന്റെ സഹകരണം കാര്യമായുണ്ടായില്ലെന്ന വിമർശനം പരിശോധിക്കാൻ ജില്ലാ കമ്മിറ്റി അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. കുണ്ടറയിലെ അപ്രതീക്ഷിത തോൽവിയും പരിശോധിക്കുന്നുണ്ട്. ആദ്യം കേരള കോൺഗ്രസിന് നൽകുകയും വിവാദത്തെ തുടർന്ന് സി.പി.എം. ഏറ്റെടുക്കുകയും ചെയ്ത കുറ്റ്യാടി മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥി വിജയിച്ചെങ്കിലും പാർട്ടി തീരുമാനത്തെ പരസ്യമായി ചോദ്യംചെയ്ത് അംഗങ്ങൾ തെരുവിലിറങ്ങിയത് അച്ചടക്കലംഘനമായാണ് കാണുന്നത്. അവിടെനിന്ന് വിജയിച്ച പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയായ കെ. കുഞ്ഞഹമ്മദ് കുട്ടിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനുള്ള ശുപാർശ സംസ്ഥാനസമിതിക്ക് കൈമാറിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിൽ വിജയമുണ്ടായെങ്കിലും മുതിർന്ന നേതാവായ മുൻമന്ത്രി ജി. സുധാകരൻ നിസ്സഹകരിച്ചെന്നാരോപിച്ച് ആലപ്പുഴ ജില്ലാകമ്മിറ്റിയിലും വിമർശനമുണ്ടായി. തൃശ്ശൂർ ജില്ലാ കമ്മിറ്റി യോഗം ശനിയാഴ്ച ചേരും. ജില്ലാ ഘടകങ്ങളുടെ അവലോകന റിപ്പോർട്ട് ജൂലായ് ആറിനും ഏഴിനും ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിക്കും. ജില്ലാഘടകങ്ങളുടെ റിപ്പോർട്ടുകൾ ക്രോഡീകരിച്ചുള്ള സംസ്ഥാനതല റിപ്പോർട്ട് ഒന്പത്, 10 തീയതികളിൽ സംസ്ഥാനകമ്മിറ്റിയും ചർച്ചചെയ്യും. വനിതാകമ്മിഷനിലേക്ക് പുതിയ അധ്യക്ഷയെ നിശ്ചയിക്കുന്നതുൾപ്പെടെ മറ്റ് വിഷയങ്ങളൊന്നും ചർച്ചയ്ക്കെടുത്തില്ല. content highlights: cpm analysise election result; now aiming at restructuring of party system
from mathrubhumi.latestnews.rssfeed https://ift.tt/3wdUqgD
via
IFTTT