ന്യൂഡൽഹി: വിശപ്പുരഹിത ഇന്ത്യ ലക്ഷ്യമിട്ട് തുടങ്ങിയ ഭക്ഷ്യഭദ്രത നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നവരെ ഗ്രാമീണമേഖലയിൽ അറുപതും നഗരമേഖലയിൽ നാല്പതും ശതമാനമാക്കി കുറയ്ക്കാൻ ആലോചന. നീതി ആയോഗ് ചർച്ചാക്കുറിപ്പിലാണ് ഇതേക്കുറിച്ച് ആലോചിക്കാനുള്ള നിർദേശം. പദ്ധതിയുടെ പരിധി ഇപ്പോൾ ഗ്രാമീണ-നഗര മേഖലകളിൽ യഥാക്രമം 75, 50 ശതമാനമാണ്. 81.35 കോടി പേർക്കിപ്പോൾ ഇതുകൊണ്ട് പ്രയോജനം ലഭിക്കുന്നു. പുതിയ സെൻസസ് വരുമ്പോൾ ഇത് 89.52 കോടിയാവും. പരിധി ശതമാനം കുറച്ചാൽ 17.9 കോടി പേർ പദ്ധതിയിൽനിന്ന് പുറത്താവും. ഭക്ഷ്യസബ്‌സിഡി 71.62 കോടി പേർക്ക് നൽകിയാൽ മതി. ഇതുവഴി സബ്ഡിഡി ഇനത്തിൽ വർഷം 47,229 കോടി രൂപ സർക്കാരിന് ലാഭിക്കാം. ഇത് മുന്നിൽക്കണ്ടാണ് ഇത്തരമൊരു നിർദേശം വന്നിട്ടുള്ളത്.ഫെബ്രുവരി 15-ന് നീതി ആയോഗ് അംഗം രമേഷ് ചന്ദിന്റെ അധ്യക്ഷതയിൽ മുഖ്യ സാമ്പത്തിക ഉപദേശകൻ കെ.വി. സുബ്രഹ്മണ്യൻ, ഭക്ഷ്യസെക്രട്ടറി സുധാംശു പാണ്ഡെ, ഗ്രാമീണ വികസനം, സ്റ്റാറ്റിസ്റ്റിക്സ്, പദ്ധതി നിർവഹണം മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിൽ ഇത് ചർച്ചയായിരുന്നു. രാഷ്ട്രീയപ്രാധാന്യമുള്ളതും വളരെയധികം പ്രതിഷേധത്തിനിടയാക്കുന്നതും പാർലമെന്റിന്റെ അംഗീകാരം വേണ്ടതുമായ വിഷയമായതിനാൽ അനുകൂലമായി ശക്തമായ വാദഗതികൾ ഉയർത്തിയാലേ നിർദേശം മുന്നോട്ടുവെക്കാനാവൂ എന്ന് മുഖ്യസാമ്പത്തിക ഉപദേശകൻ കെ.വി. സുബ്രഹ്മണ്യൻ യോഗത്തിൽ ഉന്നയിച്ചതായാണറിയുന്നത്. കഴിഞ്ഞ രണ്ടുവർഷത്തെ സാമ്പത്തിക സർവേകളിലുള്ള മാറിയ അടിസ്ഥാനാവശ്യസൂചികകൾ അവലംബമാക്കി ഇത് അവതരിപ്പിക്കണമെന്നും സുബ്രഹ്മണ്യൻ നിർദേശിച്ചു. ഇതുസംബന്ധിച്ച് രമേഷ് ചന്ദിന്റെ നേതൃത്വത്തിൽ ഒട്ടേറെ യോഗങ്ങളും നടന്നു.എന്നാൽ, ഇങ്ങനെയൊരു നിർദേശം നീതി ആയോഗ് സർക്കാരിന് നൽകിയിട്ടില്ലെന്നാണ് സി.ഇ.ഒ. അമിതാഭ് കാന്ത് ‘മാതൃഭൂമി’യോട് പറഞ്ഞത്. അത്തരമൊരു ചിന്തയും നിർദേശവും ഇതുവരെ നീതി ആയോഗിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഭക്ഷ്യഭദ്രതാനിയമത്തിന്റെ പരിധിയിൽ അന്ത്യോദയ അന്നയോജന കാർഡുള്ള 2.37 കോടി കുടുംബങ്ങൾക്ക് (9.01 കോടി പേർ) 35 കിലോഗ്രാം അരി നൽകുന്നുണ്ട്. മുൻഗണനാവിഭാഗത്തിലുള്ള 70.35 കോടി പേർക്ക് അഞ്ചുകിലോഗ്രാം അരിയും മാസം നൽകുന്നു. മൻമോഹൻസിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ. സർക്കാരിന്റെ കാലത്ത് 2013-ലാണ് ഭക്ഷ്യമന്ത്രിയായിരുന്ന കെ.വി. തോമസ് ഭക്ഷ്യഭദ്രതാനിയമം പാർലമെന്റിൽ കൊണ്ടുവന്നത്. ബി.ജെ.പി.യുടെ നീക്കം പാപ്പരത്തം -കെ.വി. തോമസ്കൊറോണക്കാലത്ത് തൊഴിൽമേഖലയും സാമ്പത്തികമേഖലയും തകർന്നിട്ടും പട്ടിണിമരണം ഇല്ലാതിരുന്നത് ഭക്ഷ്യഭദ്രതാനിയമം കാരണമാണ്. സ്വകാര്യവത്കരണത്തിന്റെ തുടർച്ചയാണ് ബി.ജെ.പി.യുടെ പുതിയ നീക്കം. ഇത് രാഷ്ട്രീയപാപ്പരത്തമാണ് -കെ.വി. തോമസ്, മുൻ കേന്ദ്രഭക്ഷ്യമന്ത്രി
from mathrubhumi.latestnews.rssfeed https://ift.tt/3fwwkcf
via
IFTTT