കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യു (20) കൊല്ലപ്പെട്ടിട്ട് വെള്ളിയാഴ്ച മൂന്നു വർഷം തികയും. കേസിൽ നേരിട്ട് പങ്കാളികളായ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാനായെങ്കിലും കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താനായിട്ടില്ല. 2018 ജൂലായ് രണ്ടിന് പുലർച്ചെയാണ് കാമ്പസിൽ വെച്ച് അഭിമന്യു കൊല്ലപ്പെട്ടത്. കാമ്പസ് ഫ്രണ്ട് പ്രവർത്തകരുമായി ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സുഹൃത്തായ അർജുനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പോപ്പുലർഫ്രണ്ട്-കാമ്പസ് ഫ്രണ്ട് പ്രവർത്തകരായ 16 പേരാണ് ആക്രമണത്തിൽ നേരിട്ട് പങ്കാളികളായത്. ആദ്യം എറണാകുളം സെൻട്രൽ സി.ഐ. അന്വേഷിച്ച കേസ് പിന്നീട് അസിസ്റ്റന്റ് കമ്മിഷണർ എസ്.ടി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറി. അഭിമന്യു കൊല്ലപ്പെട്ട് ഒരു വർഷം പൂർത്തിയായപ്പോഴും കുത്തി വീഴ്ത്തിയവരെ പിടികൂടാനായില്ലായിരുന്നു. പിന്നീട് അഭിമന്യുവിന്റെ സുഹൃത്ത് അർജുനെ കുത്തിയ 12-ാം പ്രതി മുഹമ്മദ് ഷഹിം 2019 നവംബറിൽ കീഴടങ്ങി. അഭിമന്യുവിനെ കുത്തിയ പത്താം പ്രതി സഹൽ ഹംസ ഒളിവിലായിരുന്നു. ഒടുവിൽ കോവിഡ് രൂക്ഷമായതോടെ കർണാടകയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സഹൽ 2020 ജൂൺ 18-ന് കോടതിയിൽ കീഴടങ്ങി. അഭിമന്യുവിനെ കുത്തിയ കത്തിക്കായി സഹലുമായി പോലീസ് തെളിവെടുപ്പ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെണ്ടുരുത്തി പാലത്തിൽനിന്ന് ആയുധം കായലിലെറിഞ്ഞെന്നായിരുന്നു സാക്ഷിമൊഴി. അഭിമന്യുവിന്റെ രക്തം പുരണ്ട സഹലിന്റെ വസ്ത്രവും കായലിൽ എറിഞ്ഞു എന്നായിരുന്നു മൊഴി. തുടർന്ന് പാലത്തിനു താഴെ കായലിൽ അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീമിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും ആയുധം കണ്ടെടുക്കാനായില്ല. ആയുധം കണ്ടെത്താൻ നടത്തിയ തെളിവെടുപ്പ് വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 1,500 പേജ് കുറ്റപത്രം നേരത്തെ തന്നെ അന്വേഷണ സംഘം സമർപ്പിച്ചിരുന്നു. കേസിൽ പ്രാരംഭ വിചാരണ ആരംഭിച്ചെങ്കിലും കോവിഡ് പ്രതിസന്ധിമൂലം നിർത്തിവെച്ചു. content highlights: abhimanyu death anniversary
from mathrubhumi.latestnews.rssfeed https://ift.tt/3dvVplK
via
IFTTT