Breaking

Sunday, May 23, 2021

കോവാക്സിൻ: വിദേശയാത്ര ബുദ്ധിമുട്ടാകുമെന്ന ആശങ്ക തള്ളി കേന്ദ്രം

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കോവാക്സിൻ കുത്തിവെപ്പെടുത്തവർക്ക് വിദേശയാത്ര ബുദ്ധിമുട്ടുണ്ടാകുമോയെന്ന ആശങ്കതള്ളി കേന്ദ്രസർക്കാർ. ലോകത്ത് ഇതുവരെയിറങ്ങിയതിൽ മികച്ച വാക്സിനുകളിലൊന്നാണ് കോവാക്സിനെന്നും ഇത് കുത്തിവെച്ചവർക്ക് യാത്രാ വിലക്കേർപ്പെടുത്താൻ ലോകാരോഗ്യസംഘടന നിർദേശിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ ചൂണ്ടിക്കാട്ടി. ഒമ്പതുരാജ്യങ്ങൾമാത്രമാണ് കോവാക്സിന് അംഗീകാരം നൽകിയിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് ചില മാധ്യമങ്ങൾ യാത്രാവിലക്കുണ്ടാകുമെന്ന ആശങ്ക പ്രകടിപ്പിച്ചത്. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച അടിയന്തരോപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയിലും കോവാക്സിൻ ഇടം നേടിയിട്ടില്ല. വാക്സിനുമായി ബന്ധപ്പെട്ട് ഭാരത് ബയോടെകിൽനിന്ന്‌ കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് എടുത്തവർക്ക് 130 രാജ്യങ്ങൾ പ്രവേശനാനുമതി നൽകിയിട്ടുണ്ട്. കോവിഷീൽഡിനെക്കാൾ ഫലപ്രദമാണ് കോവാക്സിനെന്നാണ് സർക്കാർവൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്. പുതിയ വൈറസ് വകഭേദങ്ങളിൽനിന്ന്‌ സംരക്ഷണമൊരുക്കാനും കോവാക്സിനുകഴിയുമെന്ന് ക്ലിനിക്കൽ ഇൻഫെക്റ്റിയസ് ഡിസീസസിന്റെ പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 12-18 പ്രായത്തിലുള്ളവരിലെ ക്ലിനിക്കൽ പരീക്ഷണത്തിന് അടുത്തിടെ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3vclfSM
via IFTTT