Breaking

Tuesday, May 25, 2021

രണ്ടാംതരംഗത്തിന് പിന്നില്‍ ചൈനയുടെ 'വൈറസ് യുദ്ധം'; മോദിയെ അപകീര്‍ത്തിപ്പെടുത്താനുള്ള 'ടൂള്‍കിറ്റ്'

ഭോപ്പാൽ: ഇന്ത്യക്കെതിരെ ചൈന നടത്തുന്ന വൈറസ് യുദ്ധമാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്ത് അലയടിച്ചു കൊണ്ടിരിക്കുന്ന കോവിഡിന്റെ രണ്ടാം തരംഗത്തിന് പിന്നിലെന്ന് മുതിർന്ന ബിജെപി നേതാവ് കൈലാഷ് വിജയ് വാർഗിയ. ഈ അവസരത്തിൽ ഏവരും ഒറ്റക്കെട്ടായി രാജ്യത്തിന് വേണ്ടി നിലകൊള്ളണമെന്നും വിജയ് വാർഗിയ ആവശ്യപ്പെട്ടു. ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ലോകത്തിന് മുന്നിൽ തരംതാഴ്ത്തുന്നതിന് വേണ്ടിയാണ് ചൈനയുടെ ഈ വൈറസ് യുദ്ധമെന്നും അദ്ദേഹം ആരോപിച്ചു. ചൈനയെ ലോകത്ത്ഇന്നേ വരെ എതിർത്തിട്ടുള്ളത് ഇന്ത്യയും മോദിജിയും മാത്രമാണ്. അതു കൊണ്ടു തന്നെ കോവിഡിന്റെ രണ്ടാം തരംഗം തനിയെ ആവിർഭവിച്ചതാണോ മറിച്ച് ഇന്ത്യയിലേക്ക് അയച്ചതാണോ എന്ന കാര്യം വിശകലനം ചെയ്യേണ്ടതുണ്ട്. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ പ്രശസ്തിയെ താറടിക്കുന്നതിനും വേണ്ടിയുള്ള ചൈനയുടെ ടൂൾകിറ്റാണ് രണ്ടാം തരംഗം, വിജയ് വാർഗിയ കൂട്ടിച്ചേർത്തു. ഇന്ത്യയിൽ മാത്രമാണ് കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടായിട്ടുള്ളത്. അതേസമയം അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളെ രണ്ടാം തരംഗം ബാധിച്ചിട്ടുമില്ല. അതു കൊണ്ടാണ് ഇന്ത്യയെ പ്രതിസന്ധിയിലാക്കാനുള്ള ചൈനയുടെ ശ്രമമാണിതെന്ന് താൻ കരുതുന്നതെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു. മധ്യപ്രദേശിൽ ഓക്സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്യുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തുടനീളം ഓക്സിജൻ വിതരണം ഉറപ്പുവരുത്താൻ പ്രധാനമന്ത്രി കഠിനപ്രയത്നം നടത്തിയതായി വിജയ് വാർഗിയ പറഞ്ഞു. എല്ലാ സേനാവിഭാഗങ്ങളേയും ഓക്സിജൻ വിതരണത്തിൽ മോദി ഉൾപ്പെടുത്തി, തീവണ്ടികളും വിതരണത്തിനുപയോഗിച്ചു. തങ്ങൾ പാർട്ടിയ്ക്ക് വേണ്ടിയല്ല മറിച്ച് രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും വിജയ് വാർഗിയ കൂട്ടിച്ചേർത്തു. Content Highlights: Covid 2nd Wave Chinas Viral War On India BJP Leader Kailash Vijayvargiya


from mathrubhumi.latestnews.rssfeed https://ift.tt/3wAPR0z
via IFTTT