Breaking

Friday, May 21, 2021

ആത്മഹത്യാശ്രമത്തിനിടെ ബോക്കോ ഹറാം തലവന് ഗുരുതരപരിക്ക്

അബുജ: നൈജീരിയയിലെ ബോക്കോ ഹറാം ഭീകരസംഘടനയുടെ തലവൻ അബൂബക്കർ ശെഖാവുവിന് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്. പടിഞ്ഞാറൻ ആഫ്രിക്കൻ പ്രവിശ്യയിലെ ഐ.എസ്. ഘടകവുമായുള്ള ഏറ്റുമുട്ടലിനിടെ പിടിക്കപ്പെട്ടപ്പോൾ സ്വയം വെടിവെച്ച് ആത്മഹത്യയ്ക്കു ശ്രമിക്കവേയാണ് പരിക്ക്. വടക്കുകിഴക്കൻ സംസ്ഥാനമായ ബോർണോയിലായിരുന്നു സംഘർഷം. വർഷങ്ങളായി ബോക്കോ ഹറാമുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഐ.എസിനാണ് മേഖലയിൽ ഇപ്പോൾ മേൽക്കൈ. സാംബിസ വനത്തിലെ ശെഖാവുവിന്റെയും കൂട്ടരുടെയും കേന്ദ്രം ബുധനാഴ്ച ഐ.എസ്. വളയുകയും ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു. പിന്നാലെ പിടിക്കപ്പെടുന്നത് ഒഴിവാക്കാൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. വീട്ടിൽ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചാണ് പരിക്കു പറ്റിയതെന്നും റിപ്പോർട്ടുണ്ട്. സൈന്യം പ്രതികരിച്ചിട്ടില്ല. 2014-ൽ ചിബോക്കിൽനിന്ന് 300-ഓളം സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെയാണ് ശെഖാവു അന്താരാഷ്ട്ര മാധ്യമങ്ങളുടെ വാർത്താതലക്കെട്ടുകളിൽ ഇടംപിടിക്കുന്നത്. 2009-ൽ ബോക്കോ ഹറാം സ്ഥാപകൻ മുഹമ്മദ് യൂസൂഫ് കൊല്ലപ്പെട്ടതിനു പിന്നാലെ ശെഖാവു സംഘടനയുടെ തലപ്പത്തെത്തി. ഇയാൾ കൊല്ലപ്പെട്ടതായി പലതവണ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3u12PCY
via IFTTT