Breaking

Sunday, May 23, 2021

കൊച്ചുതുറയിൽ നിന്ന് മലയാളക്കരയ്‌ക്കൊരു വനിതാ പൈലറ്റ്

തിരുവനന്തപുരം: പൂവാർ കരുംകുളത്തിനടുത്തുള്ള കൊച്ചുതുറയെന്ന തീരദേശ ഗ്രാമത്തിൽ ജനിച്ച ജെനി ജെറോം ശനിയാഴ്ച ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വിമാനം പറത്തിയത് പുതിയ ചരിത്രത്തിലേക്കായിരുന്നു.ഷാർജയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എയർ അറേബ്യ (G9-449) വിമാനത്തിന്റെ കോ-പൈലറ്റായിരുന്നു കൊച്ചുതുറ സ്വദേശിയായ ജെറോം ജോറിസിന്റെയും ബിയാട്രീസിന്റെയും മകളായ ജെനി. ഒരുപക്ഷേ മലയാളിയായ പ്രായംകുറഞ്ഞ കൊമേഴ്‌സ്യൽ വനിതാപൈലറ്റാകാം ഷാർജയിൽ സ്ഥിരതാമസമാക്കിയ ഈ 23 വയസ്സുകാരി. ജെനിയും സഹോദരൻ ജെബിയും ജനിച്ചത് മത്സ്യത്തൊഴിലാളികളുടെ ഗ്രാമമായ കൊച്ചുതുറയിലായിരുന്നു. പിന്നീട് പിതാവ് ജെറോം ജോലിക്കായി കുടുംബസമേതം ഷാർജയിലേക്ക്‌ പോയതിനാൽ ജെനിയും സഹോദരനും പഠിച്ചതും വളർന്നതും അവിടെയായിരുന്നു.സ്‌കൂൾ കാലത്ത് തന്നെ വിമാനം പറപ്പിക്കണമെന്ന മോഹം ജെനി വീട്ടുകാരോട് പങ്കുവച്ചിരുന്നു. ആദ്യം വീട്ടുകാർ അത് ഗൗരവത്തിലെടുത്തിരുന്നില്ല. പ്ലസ് ടു കഴിഞ്ഞതോടെ സ്വന്തം നിലയിൽ തന്നെ തന്റെ സ്വപ്‌നം യാഥാർഥ്യമാക്കാനുള്ള പരിശ്രമം തുടങ്ങി. പൈലറ്റാകാനുള്ള ലക്ഷ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തിൽ ജെനി ഉറച്ചുനിന്നതോടെ വീട്ടുകാരും അവൾക്ക് ഉറച്ച പിന്തുണ നൽകി. മകളുടെ വിമാനം പറപ്പിക്കാനുള്ള മോഹത്തിന് ജെറോമും കുടുംബവും കരുതലോടെ കൂട്ടുനിന്നു.എയർ അറേബ്യയുടെ ആൽഫാ ഏവിയേഷൻ അക്കാഡമിയിൽ പ്രവേശനം നേടി. പരിശീലനത്തിനിടെ രണ്ടുവർഷം മുൻപ് ഫിലിപ്പൈൻസിൽ പരിശീലന വിമാനം തകർന്നുവീണെങ്കിലും ജെനിയും പരിശീലകനും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽപ്പോലും ജെനി തന്റെ ലക്ഷ്യത്തിൽ നിന്ന് പിൻമാറിയില്ല. കഠിനമായ പരിശീലനത്തിനൊടുവിൽ ജെനി പൈലറ്റ് ലൈസൻസ് സ്വന്തമാക്കി. താൻ പഠിച്ചുവളർന്ന ഷാർജയിൽ നിന്ന് ജന്മനാടായ തിരുവനന്തപുരത്തേയ്ക്ക് വിമാനം പറത്തിയെത്തിയ ഈ പെൺകുട്ടി നിശ്ചയദാർഢ്യത്തിലൂടെ വലിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഏവർക്കും കഴിയുമെന്നതിന്റെ മാതൃകകൂടിയാണ്. സഹോദരൻ ജെബി ഷാർജയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ്. തിരുവനന്തപുരത്തിന്റെ തീരദേശ സമൂഹത്തിൽ ജനിച്ച് തന്റെ സ്വപ്‌നങ്ങളിലേക്ക്‌ ചിറക് വിരിച്ച് പറന്ന ഈ പെൺകുട്ടി ഒരു നാടിന്റെയും അഭിമാനമായി മാറുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3vf19Hk
via IFTTT