Breaking

Thursday, September 3, 2020

പാലാരിവട്ടം മേൽപ്പാലം: ലക്ഷ്യമിട്ടത് മിച്ചംപിടിച്ച പണം കൊണ്ട് നിർമാണമെന്ന് ഇ. ശ്രീധരൻ

കൊച്ചി: സർക്കാരിന് അധികച്ചെലവില്ലാതെ പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർനിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. അനിശ്ചിതമായി നീണ്ടുപോയ സാഹചര്യത്തിൽ പാലാരിവട്ടം പാലത്തിന്റെ നിർമാണം ഡി.എം.ആർ.സി.ക്ക്‌ (ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ) ഏറ്റെടുക്കാൻ കഴിയില്ല. പല അസോസിയേഷനുകളും അനാവശ്യമായി ഇടപെട്ടതാണ് പാലത്തിന്റെ നിർമാണം വൈകിച്ചത്. അല്ലെങ്കിൽ, ജൂണിൽ നിർമാണം പൂർത്തിയാകേണ്ടതായിരുന്നുവെന്നും ഡി.എം.ആർ.സി. മുഖ്യ ഉപദേഷ്ടാവു കൂടിയായ ശ്രീധരൻ ’മാതൃഭൂമി’ യോട് പറഞ്ഞു. എറണാകുളം നോർത്ത്, പച്ചാളം, ഇടപ്പള്ളി, കോഴിക്കോട്‌ പന്നിയങ്കര മേൽപ്പാലങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ വകയിൽ മിച്ചംവന്ന തുക ഡി.എം.ആർ.സി.യുടെ കൈവശമുണ്ട്. ഏകദേശം 20 കോടിയോളം രൂപ വരുമിത്. ഈ പണം ഡി.എം.ആർ.സി. മടക്കി നൽകിയെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം ചെക്ക് മടങ്ങി. ഇതിനിടയിലാണ്, പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർനിർമാണം വരുന്നത്. ഡി.എം.ആർ.സി.യുടെ കൈവശമുള്ള പണം ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കാമെന്ന് സർക്കാരിനെ അറിയിച്ചു. പാലം നിർമാണത്തിന് പണം സർക്കാർ നൽകേണ്ട കാര്യമില്ലെന്നും അറിയിച്ചിരുന്നു. വിവിധ അസോസിയേഷനുകളും മറ്റും അനാവശ്യമായി ഇടപെട്ടതോടെ നിർമാണം തുടങ്ങാനാകാത്ത സാഹചര്യമായി. കഴിഞ്ഞ വർഷം ഒക്ടോബറിൽ തുടങ്ങി, ഈ വർഷം ജൂണിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. പാലത്തിന്റെ വിഷയം ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.പാലാരിവട്ടം പാലത്തിനായി രൂപരേഖയും എസ്റ്റിമേറ്റുമെല്ലാം ഡി.എം.ആർ.സി. തയ്യാറാക്കിയിരുന്നു. ഇതും കൈവശമുള്ള പണവും ആർക്ക് കൈമാറണമെന്നു ചോദിച്ച് പൊതുമരാമത്ത് മന്ത്രിക്ക്‌ കത്തെഴുതിയിരുന്നു. ഇവ കൈമാറേണ്ടത് ആർക്കാണെന്ന് സുപ്രീംകോടതി ഉത്തരവ് വന്നതിനു ശേഷം അറിയിക്കാമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഈ മാസം 30 വരെയാണ് കൊച്ചിയിലെ ഡി.എം.ആർ.സി. ഓഫീസ് പ്രവർത്തിക്കുക. പാലത്തിന്റെ നിർമാണം ഡി.എം.ആർ.സി.ക്ക്‌ കൈകാര്യം ചെയ്യാനാകില്ലെന്ന് അതിനാലാണ് പറഞ്ഞത് -ശ്രീധരൻ വ്യക്തമാക്കി. മുന്നൊരുക്കങ്ങൾ നടത്തിപാലാരിവട്ടം മേൽപ്പാലത്തിനായി ഡി.എം.ആർ.സി. മുന്നൊരുക്കങ്ങൾ ഏറെ നടത്തിയിരുന്നുവെന്ന് ഇ. ശ്രീധരൻ പറഞ്ഞു. പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയതിനൊപ്പം കാസ്റ്റിങ് യാർഡിനുള്ള സ്ഥലംവരെ കണ്ടെത്തിയിരുന്നു. മെട്രോയുടെ ഗർഡറുകൾ നിർമിക്കുന്നതിന് എച്ച്.എം.ടി.യുടെ ഭൂമി കാസ്റ്റിങ് യാർഡായി മെട്രോ ഉപയോഗിച്ചിരുന്നു. പാലാരിവട്ടം മേൽപ്പാലത്തിന്റെ ഗർഡർ നിർമിക്കാൻ കൂടി കണക്കുകൂട്ടി ഈ സ്ഥലം മടക്കി നൽകിയിരുന്നില്ല. ആ സ്ഥലം ഇനി മടക്കി നൽകുമെന്നും ശ്രീധരൻ വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/3gYiUCJ
via IFTTT