വെഞ്ഞാറമൂട്: കൊലപാതകങ്ങളിലേക്കെത്തിയ സംഘർഷങ്ങളുടെ തുടക്കം കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ പ്രശ്നങ്ങളാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. മുൻവൈരാഗ്യമാണ് ഇരുവരെയും കൊലപ്പെടുത്താൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. തിരഞ്ഞെടുപ്പ് കാലത്ത് പ്രതികളും ഇപ്പോൾ കൊല്ലപ്പെട്ടവരും തമ്മിൽ തേമ്പാംമൂടുവെച്ച് സംഘർഷമുണ്ടായിരുന്നു. ഏപ്രിൽ നാലിന് ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ ഷഹിനുനേരെ ആക്രമണമുണ്ടായി. സജീവ്, ഷജിത്ത്, അജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. മേയ് 25-ന് ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ ഫൈസലിനുനേരെയും വധശ്രമമുണ്ടായി. ഈ കേസിൽ സജീവ്, ഷജിത്ത് എന്നിവർ അറസ്റ്റിലായിരുന്നു. അറസ്റ്റിലുണ്ടായ വൈരാഗ്യമാണ് ഇപ്പോഴത്തെ കൊലപാതകത്തിൽ കലാശിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. സഞ്ജയ്കുമാർ ഗുരുദിൻ, ആറ്റിങ്ങൽ ഡിവൈ.എസ്.പി. എസ്.വൈ. സുരേഷ്കുമാർ, റൂറൽ എസ്.പി. അശോകൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ജില്ലാ ആശുപത്രിയിൽ കോവിഡ് പരിശോധനയ്ക്കുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന് പോലീസ് സൂചനനൽകി. വെഞ്ഞാറമൂട്ടിലും വെമ്പായത്തും പൊതുദർശനത്തിനുവെച്ച മൃതദേഹങ്ങൾ തിങ്കളാഴ്ച വൈകീട്ടോടെ സംസ്കരിച്ചു. Content Highlight: Venjaramoodu murder Case
from mathrubhumi.latestnews.rssfeed https://ift.tt/31OWorZ
via
IFTTT