ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ പാൻഗോങ് തടാകത്തിനു സമീപം സൈനിക സാന്നിധ്യം ശക്തമാക്കി ഇന്ത്യ. പ്രദേശത്തെ തൽസ്ഥിതിയിൽ മാറ്റം വരുത്താനുള്ള ശ്രമം ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതിനു പിന്നാലെയാണിത്. ചൈനീസ് സൈന്യത്തിന്റെ നീക്കം ഇന്ത്യൻ സൈന്യം പ്രതിരോധിച്ചിരുന്നു. പാൻഗോങ് തടാകത്തിനു ചുറ്റുമുള്ള നിർണായക ഇടങ്ങളിലാണ് ഇന്ത്യ സൈനികരെ വിന്യസിച്ചിട്ടുള്ളതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാൻഗോങ് തടാകത്തിന്റെ തെക്കൻതീരത്തെ പ്രദേശങ്ങൾ കയ്യേറാനുള്ള ചൈനയുടെ പുതിയ ശ്രമം പരാജയപ്പെടുത്തിയതിനു പിന്നാലെ കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയ്ക്കു സമാന്തരമായ പ്രദേശങ്ങളിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 29-ാം തിയതി അർധരാത്രിയോടെയും 30-ാം തിയതി പുലർച്ചയോടെയുമാണ് പാൻഗോങ് തടാകത്തിന്റെ തെക്കൻതീരത്തെ തൽസ്ഥിതിയിൽ ഏകപക്ഷീയമായി മാറ്റം വരുത്താനുള്ള നീക്കങ്ങൾ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഉന്നത സൈനിക-സുരക്ഷാ മേധാവികൾ കിഴക്കൻ ലഡാക്കിലെ സാഹചര്യങ്ങൾ ഇതിനോടകം വിലയിരുത്തിയിട്ടുണ്ട്. ഇത് കൂടാതെ ചൈനയുടെ ഭാഗത്തുനിന്നുണ്ടായ പുതിയ പ്രകോപനത്തെ കുറിച്ച് കരസേന മേധാവി എം.എൻ.നരവണെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം ലഡാക്ക് മേഖലയിലെ സൈനിക സാന്നിധ്യം ശക്തമാക്കാനും ചൈനയെ പ്രതിരോധിക്കാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കാൻ സൈനികർക്ക് അനുമതി നൽകാനും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ അധ്യക്ഷത വഹിച്ച യോഗം തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ചയാണ് യോഗം ചേർന്നത്. സൈന്യത്തിലെ മുതർന്ന ഉദ്യോഗസ്ഥരെ കൂടാതെ ഐ.ബിയുടെയും റോയുടെയും മേധാവികൾ ഡോവലിനെ വിവരം ധരിപ്പിച്ചിട്ടുണ്ട്. വരുംമാസങ്ങളിൽ ചൈനയിൽനിന്ന് പ്രതീക്ഷിക്കാവുന്ന നീക്കങ്ങളെ കുറിച്ചുള്ള തങ്ങളുടെ വിലയിരുത്തലുകൾ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ അരവിന്ദ് കുമാറും റോ സെക്രട്ടറി സാമന്ത് ഗോയലും ഡോവലിനു മുന്നിൽ അവതരിപ്പിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയും യോഗത്തിൽ പങ്കെടുത്തിരുന്നു. content highlights: india streangthens military presence in strategic points near pangong lake in eastern ladakh
from mathrubhumi.latestnews.rssfeed https://ift.tt/34S7ZIy
via
IFTTT