Breaking

Wednesday, November 14, 2018

ജലജ് സക്‌സേനയ്ക്കു സെഞ്ചുറി; ആന്ധ്രയ്‌ക്കെതിരേ കേരളം ശക്തമായ നിലയില്‍

തുമ്പ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആന്ധ്രാപ്രദേശിനെതിരേ ലീഡുറപ്പിച്ച് കേരളം. ആന്ധ്രയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 254 റൺസിനെതിരേ, കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. ജലജ് സക്സേനയും (127 നോട്ടൗട്ട്), അരുൺ കാർത്തിക്കും (56) ചേർന്ന ഓപ്പണിങ് കൂട്ടുകെട്ട് 139 റൺസെടുത്ത് കേരളത്തിന് മികച്ച അടിത്തറയൊരുക്കി. രണ്ടാംദിനം കളി നിർത്തുമ്പോൾ സക്സേനയ്ക്ക് കൂട്ടായി രോഹൻ പ്രേം (34*) ക്രീസിലുണ്ട്. 143 പന്തിൽ 10 ബൗണ്ടറികളോടെയാണ് സക്സേന സെഞ്ചുറി പിന്നിട്ടത്. പിരിയാത്ത രണ്ടാം വിക്കറ്റിൽ സക്സേനരോഹൻ പ്രേം സഖ്യം 88 റൺസും കൂട്ടിച്ചേർത്തിട്ടുണ്ട്. തുമ്പ സെയ്ന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ എട്ടു വിക്കറ്റിന് 225 എന്നനിലയിൽ ചൊവ്വാഴ്ച രാവിലെ ബാറ്റിങ് തുടർന്ന ആന്ധ്രാപ്രദേശിന് അവസാന രണ്ടുവിക്കറ്റുകളിൽ 29 റൺസേ കൂട്ടിച്ചേർക്കാനായുള്ളൂ. ഒമ്പതാം വിക്കറ്റിൽ ഭണ്ഡാരു അയ്യപ്പയും (14) ഷോയ്ബ് മുഹമ്മദ് ഖാനും (18) ചേർന്ന് 21 റൺസെടുത്തു. ഷോയ്ബിനെ മടക്കിക്കൊണ്ട് ബേസിൽ തമ്പി കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ അയ്യപ്പയെ പുറത്താക്കിയ സന്ദീപ് വാര്യർ ആന്ധ്രയുടെ ഇന്നിങ്സിന് തിരശ്ശീലയിട്ടു. കേരളത്തിനുവേണ്ടി കെ.സി. അക്ഷയ് 64 റൺസിന് നാലുവിക്കറ്റും ബേസിൽ തമ്പി 50 റൺസിന് മൂന്നുവിക്കറ്റും എടുത്തു. 40 റൺസിന് രണ്ടുവിക്കറ്റുമായി സന്ദീപ് വാര്യരും തിളങ്ങി. കഴിഞ്ഞ സീസണിൽ ഓപ്പണിങ്ങിൽ പല കൂട്ടുകെട്ടും പരീക്ഷിച്ചെങ്കിലും മികച്ച സഖ്യത്തെ കണ്ടെത്താനായില്ല. ഇക്കുറി ആ പോരായ്മ പരിഹരിക്കാനാകുമെന്ന് അരുൺ കാർത്തിക്-ജലജ് സക്സേന കൂട്ടുകെട്ട് തെളിയിച്ചു. 125 പന്ത് നേരിട്ട കാർത്തിക് എട്ട് ബൗണ്ടറികൾ സഹിതം 56 റൺസടിച്ചപ്പോൾ ജലജിന്റെ ഇന്നിങ്സിന് വേഗം കൂടുതലായിരുന്നു. മൂന്നു സീസണുകളിലായി കേരളത്തിനൊപ്പമുള്ള മധ്യപ്രദേശ് ഓൾ റൗണ്ടർ 217 പന്തിൽ 11 ബൗണ്ടറികൾ സഹിതം 127 റൺസെടുത്ത് പുറത്താകാതെനിൽക്കുന്നു. ഓപ്പണിങ് സഖ്യം മികച്ച തുടക്കം നൽകിയതോടെ പിന്നാലെയെത്തിയ രോഹൻ പ്രേമിനും ആത്മവിശ്വാസത്തോടെ ബാറ്റുവീശാനായി. 78 ഓവറിൽ 2.9 ശരാശരിയിൽ കേരളം 227 റൺസ് അടിച്ചു. ആദ്യമത്സരത്തിൽ നന്നായി തുടങ്ങിയ കേരളത്തിന് മഴകാരണം ഹൈദരാബാദിനോട് സമനില വഴങ്ങേണ്ടിവന്നു. ഈ മത്സരം ഇന്നിങ്സ് ലീഡോടെ ജയിച്ചാൽ ടൂർണമെന്റിൽ മുന്നോട്ടുള്ള യാത്ര സുഗമമാകും. Content Highlights: andhra pradesh vs kerala ranji trophy match second day


from mathrubhumi.latestnews.rssfeed https://ift.tt/2B5JFUq
via IFTTT