Breaking

Wednesday, November 28, 2018

ബെയ്ല്‍ തിളങ്ങി; റയല്‍ ചാമ്പ്യന്‍സ് ലീഗ് നോക്ക്ഔട്ടില്‍

റോം: ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ജിയിൽ ഇറ്റാലിയൻ ക്ലബ്ബ് എ.എസ് റോമയെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തി സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്. റോമയുടെ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റയൽ, റോമയെ പരാജയപ്പെടുത്തിയത്. ഇരു ടീമുകളും ഇതോടെ ചാമ്പ്യൻസ് ലീഗിന്റെ നോക്ക്ഔട്ടിൽ പ്രവേശിച്ചു. ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ വിക്ടോറിയ പ്ലസൻ സി.എസ്.കെ.എ മോസ്കോയെ തോൽപ്പിച്ചതോടെ തന്നെ റയലും റോമയും നോക്കൗട്ടിൽ പ്രവേശിച്ചിരുന്നു. തിബൗട്ട് കുർട്ടോയിസിന്റെ സേവുകൾ റയലിന് തുണയാവുകയായിരുന്നു. പാട്രിക്ക് ഷിക്കിന്റെയും അലക്സാണ്ടർ കോളറോവിന്റെയും ഗോളെന്നുറച്ച ഷോട്ടുകളാണ് കുർട്ടോയിസ് രക്ഷപ്പെടുത്തിയത്. എന്നാൽ ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം ഈ പിഴവുകൾക്ക് റോമ വിലകൊടുക്കേണ്ടി വന്നു. 47-ാം മിനിറ്റിൽ ഗാരെത് ബെയ്ൽ റയലിനെ മുന്നിലെത്തിച്ചു. റോമ ഡിഫൻഡർ ഫെഡ്രിക്കോ ഫാസിയോയുടെ പിഴവിൽ നിന്നായിരുന്നു ഗോൾ. തിരിച്ചടിക്കാൻ റോമ ശ്രമിക്കുന്നതിനിടെ റയൽ രണ്ടാം ഗോളും നേടി റയൽ വിജയം ഉറപ്പിച്ചു. 59-ാം മിനിറ്റിൽ ബെയ്ലിന്റെ പാസിൽ നിന്ന് ലൂക്കാസ് വാസ്ക്വസാണ് റയലിന്റെ രണ്ടാം ഗോൾ നേടിയത്. സി.എസ്.കെ.എ മോസ്കോയെ മറികടന്ന് വിക്ടോറിയ പ്ലസൻ മോസ്കോ: സ്വന്തം മൈതാനത്ത് വിക്ടോറിയ പ്ലസനോട് പരാജയമേറ്റുവാങ്ങി റഷ്യൻ ക്ലബ്ബ് സി.എസ്.കെ.എ മോസ്കോ. ലുഷ്നിക്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിക്ടോറിയ പ്ലസന്റെ വിജയം. ചെക്ക് റിപ്പബ്ലിക്ക് ടീമായ എഫ്സി വിക്ടോറിയ പ്ലസൻ അഞ്ചു വർഷത്തിന് ശേഷമാണ് യൂറോപ്പിൽ മോസ്കോയെ പരാജയപ്പെടുത്തുന്നത്. ആദ്യ പകുതിയിൽ മുന്നിലെത്തിയ ശേഷമായിരുന്നു മോസ്കോയുടെ തോൽവി. പത്താം മിനിറ്റിൽ പെനാൽറ്റിയിലൂടെ നിക്കോള വ്ളാസിച്ചാണ് മോസ്കോയെ മുന്നിലെത്തിച്ചത്. എന്നാൽ 56-ാം മിനിറ്റിൽ റോമൻ പ്രോച്ചാസ്കയും 81-ാം മിനിറ്റിൽ ലൂക്കാസ് ഹെയ്ഡയും വിക്ടോറിയ പ്ലസനായി സ്കോർ ചെയ്തു. Content Highlights: Real Madrid earn top spot as Gareth Bale Lucas Vazquez down Roma


from mathrubhumi.latestnews.rssfeed https://ift.tt/2SeMgAX
via IFTTT