Breaking

Wednesday, November 14, 2018

ബന്ധുനിയമനം: യോഗ്യത തിരുത്താന്‍ കെ.ടി ജലീല്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവിട്ട് പി.കെ ഫിറോസ്

കോഴിക്കോട്: ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിയമിക്കുന്നതിന് മന്ത്രി കെ ടി ജലീല്‍ നേരിട്ട് ഇടപെട്ടതിനുള്ള തെളിവുകള്‍ പുറത്ത്. ഇത് സംബന്ധമായി 2016 ജൂലൈ 28ന് മന്ത്രി കെ ടി ജലീല്‍ കോര്‍പറേഷന്‍ സെക്രട്ടറിക്ക് എഴുതിയ കുറിപ്പ് മുസ്്‌ലിം യീത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തു വിട്ടു.

ജനറല്‍ മാനേജരുടെ വിദ്യഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തി ഉത്തരവിറക്കാന്‍ ആവശ്യപ്പെട്ടുള്ള കത്താണ് മന്ത്രി ജലീല്‍ നല്‍കിയത്. എന്നാല്‍, യോഗ്യത മാറ്റുമ്പോള്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതി ആവശ്യമില്ലേ എന്ന് ആരാഞ്ഞ് സെക്്ഷന്‍ ഓഫിസര്‍ എ ഷാജഹാന്‍ ഐഎഎസ് മുഖ്യമന്ത്രിക്ക് നോട്ടെഴുതി. എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ, യോഗ്യത പുനര്‍നിര്‍ണയിക്കുന്നതിന് മന്ത്രിസഭാ യോഗത്തിന്റെ ആവശ്യമില്ലെന്ന് കെ ടി ജലീല്‍ മുഖ്യമന്ത്രിയെ അറിയിക്കുകയും ഇതേ തുടര്‍ന്ന് 2016 ആഗസ്ത് 9ന് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിടുകയുമായിരുന്നുവെന്ന് പി കെ ഫിറോസ് പറഞ്ഞു.

കെ ടി ജലീല്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നോ അതോ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണോ ചട്ടലംഘനം നടത്തിയത് എന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെങ്കില്‍ കെ ടി ജലീലിനെ അടിയന്തരമായി മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കണമെന്നും പി കെ ഫിറോസ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ യോഗ്യത നിര്‍ണയിച്ചത് മന്ത്രിസഭാ യോഗമാണെന്നും അതിനെ മറികടന്ന് മന്ത്രി നിര്‍ദേശം പുറപ്പെടുവിച്ചതിന് പിന്നില്‍ സ്വജനപക്ഷപാതമാണെന്നും ഫിറോസ് പറഞ്ഞു.

വിവാദത്തില്‍ കുടുങ്ങിയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ അദീബ് തന്നെ പദവിയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കുകയും രാജി കോര്‍പറേഷന്‍ സ്വീകരിച്ച് സര്‍ക്കാരിന് കൈമാറുകയും ചെയ്തിരുന്നു.

എന്നാല്‍, അദീബ് രാജി വെച്ചതോടെ പ്രശ്‌നങ്ങളൊഴിഞ്ഞെന്ന് കരുതേണ്ടെന്ന് പികെ ഫിറോസ് പറഞ്ഞു. കളവ് നടത്തിയ പ്രതി ശിക്ഷിക്കപ്പെട്ടാലേ നീതി നടപ്പിലാകൂ. ഇതിനായി മുസ്ലിം ലീഗ് ശക്തമായ പ്രക്ഷോഭം തുടര്‍ന്നും നടത്തുമെന്ന് ഫിറോസ് പ്രഖ്യാപിച്ചു.



from Whitespace https://ift.tt/2zU2Gak
via IFTTT