Breaking

Wednesday, August 1, 2018

യുഎഇയിൽ പൊതുമാപ്പ് ഇന്നുമുതൽ

അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്നുമുതൽ തുടങ്ങും. ‘രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശവുമായാണ് യുഎഇ പൊതുമാപ്പ് സൗകര്യം ഒരുക്കിയിരിക്കുന്നത്. മുന്‍ കാലത്തെക്കാള്‍ അനവധി പരിഷ്‌കാരങ്ങളോടെയാണ് യുഎഇ ഇത്തവണ പൊതുമാപ്പ് ചട്ടങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഒക്ടോബര്‍ 31 വരെയാണ് കാലാവധി.

ശിക്ഷാനടപടികളില്ലാതെ, ചെറിയ ഫീസ് നല്‍കി രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് പോകാനോ യുഎ.ഇയില്‍ത്തന്നെ തുടരാനോ അനുവദിക്കുന്നതാണ് പൊതുമാപ്പ് സംവിധാനം. വിസാ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്നവര്‍ക്ക് പൊതുമാപ്പിലൂടെ രേഖകള്‍ ശരിയാക്കിയാല്‍ പുതിയ ജോലി കണ്ടെത്തുന്നതിന് ആറുമാസത്തെ വിസ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. 2012ല്‍ ആണ് അവസാനമായി യുഎഇ പൊതുമാപ്പ് നൽകിയത്.

പൊതുമാപ്പിന് ശേഷവും താമസരേഖകള്‍ ശരിയാക്കാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരും എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കനത്ത പിഴയും നാടുകടത്തലും ഉള്‍പ്പെടെയുള്ള നിയമനടപടികളുമാണ് ഇവര്‍ക്കെതിരെ ചുമത്തുക. അതേസമയം, രാജ്യത്തേക്ക് അനധികൃതമായി എത്തിയവര്‍ക്ക് പൊതുമാപ്പിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കില്ല. രണ്ടുവര്‍ഷത്തേക്ക് അവര്‍ക്ക് പിന്നീട് രാജ്യത്ത് പ്രവേശിക്കാനാവില്ല.

അതേസമയം, യുഎഇയില്‍ നിന്ന് പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നോര്‍ക്ക റൂട്‌സ് ഇതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യും. യുഎഇയിലെ ഒമ്പത് സെന്ററുകള്‍ വഴിയാണ് പൊതുമാപ്പ് നല്‍കാനുള്ള നടപടികള്‍ ക്രമീകരിച്ചിട്ടുള്ളത്. പൊതുമാപ്പ് ലഭിച്ച് മടങ്ങുന്നവരെ സുരക്ഷിതമായും സൗജന്യമായും നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളാണ് നോര്‍ക്ക റൂട്‌സ് സ്വീകരിക്കുന്നത്. ആഗസ്ത് മധ്യത്തോടെ ആദ്യ സംഘം നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, മുഖ്യമന്ത്രി പറഞ്ഞു.

മാപ്പ് ലഭിക്കുന്നവരുടെ വിവരശേഖരണത്തിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന്റെ ശ്രമങ്ങളോട് സഹകരിക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യാനും യുഎഇയിലെ പ്രവാസി മലയാളികളോട് അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.



from Anweshanam | The Latest News From India https://ift.tt/2v60rPx
via IFTTT