Breaking

Thursday, December 2, 2021

കാണാതായ ഫോൺതേടിയിറങ്ങി; കണ്ടെത്തിയത് വാറ്റുകേന്ദ്രം

വളയം : കാണാതായ ഫോൺ തേടിയെത്തിയ പോലീസിന് ലഭിച്ചത് വാഷും വാറ്റുപകരണങ്ങളും. ബുധനാഴ്ച രാവിലെ വളയം പോലീസാണ് കളവുപോയ ഫോൺ ഉപയോഗിക്കുന്ന സ്ഥലം കണ്ടെത്തുന്നതിനായി പുറപ്പെട്ടത്. ചുഴലി-കുണ്ടു പൊയിൽ റോഡുവഴി ടവർ ലൊക്കേഷൻ അന്വേഷിച്ചിറങ്ങിയ പോലീസ് റോഡരികിലെ ടാർപോളിൻ ഷീറ്റുമൂടിയ ഷെഡ് കണ്ടതോടെ ഇറങ്ങി പരിശോധന നടത്തിയപ്പോഴാണ് വാറ്റുപകരണങ്ങൾ കണ്ടത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ റോഡരികിലെ കലുങ്കിനുളളിൽ കന്നാസിലാക്കി സൂക്ഷിച്ചനിലയിൽ വാഷും കണ്ടെത്തുകയായിരുന്നു. വാഷ് സംഭവസ്ഥലത്ത് വെച്ചുതന്നെ നശിപ്പിച്ചു. വാറ്റുപകരണങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെനിന്ന് ചാരായം നിർമിച്ച് കടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വളയം സ്റ്റേഷൻ പരിധിയിലെ വാണിമേലിൽ വീട്ടിൽ നിന്നാണ് ചൊവ്വാഴ്ച രാവിലെ വിലകൂടിയ സ്മാർട്ട് ഫോൺ കാണാതായത്. അന്നുരാവിലെയാണ് അസുഖബാധിതനാണെന്നും സഹായിക്കണമെന്നും പറഞ്ഞ് അജ്ഞാതൻ വീട്ടിലെത്തിയത്. ഇയാൾ പോയതിനുശേഷമാണ് വീട്ടുടമസ്ഥന്റെ മകൻ ഉപയോഗിക്കുന്ന പതിനായിരത്തിലധികം രൂപ വില വരുന്ന ഫോൺ കാണാതായ വിവരമറിഞ്ഞത്. ഇതേ തുടർന്ന് വീട്ടുകാർ വിവരം വളയം സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പരാതി എഴുതി നൽകിയില്ലെങ്കിലും മേഖലയിൽ മോഷണങ്ങൾ പതിവായ സാഹചര്യത്തിലാണ് ഒരുകൈ നോക്കാമെന്ന് പോലീസും തീരുമാനിച്ചത്. ഫോൺ കണ്ടെത്തുന്നതിന് മൊബൈൽ കമ്പനി അധികൃതരുടെ സഹായവും പോലീസ് തേടിയിരുന്നു. വാറ്റുകേന്ദ്രത്തിൽ പരിശോധന നടക്കുന്ന സമയം ഫോണിന്റെ ലൊക്കേഷൻ ഭൂമി വാതുക്കലിൽ കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് അവിടെയും പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല. Content Highlights:missing phone search by police, found distillery


from mathrubhumi.latestnews.rssfeed https://ift.tt/3G5x2r4
via IFTTT