Breaking

Sunday, December 5, 2021

മംഗളൂരുവിൽ ഹോസ്റ്റലിനു സമീപത്തെ അക്രമം; എട്ട് മലയാളി വിദ്യാർഥികൾ അറസ്റ്റിൽ

മംഗളൂരു: ജെപ്പു ഗുജ്ജരക്കരെയിലെ യേനപ്പോയ കോളേജ് ഹോസ്റ്റലിലും സമീപത്തുമായി വ്യാഴാഴ്ച രാത്രിയുണ്ടായ അക്രമസംഭവങ്ങളിൽ എട്ട് മലയാളി വിദ്യാർഥികൾ അറസ്റ്റിൽ. കൊല്ലം സ്വദേശി ആദർശ് പ്രേംകുമാർ (21), തൃശ്ശൂരിലെ മുഹമ്മദ് നസീഫ് (21), കൊല്ലം അഞ്ചലിലെ വിമൽരാജ് (20), കോഴിക്കോട്ടെ സി.മുഹമ്മദ് (20), മലപ്പുറത്തെ ഷഹീദ് (20), എറണാകുളത്തെ കെൻ ജോൺസൺ (19), ഫഹാദ് മനാഫ് (21), അബു താഹിർ (23) എന്നിവരെയാണ് മംഗളൂരു സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമം തുടങ്ങിവെച്ച രണ്ടുപേർ പരസ്പരം നൽകിയ പരാതിയിലാണ് അറസ്റ്റ്. ബൽമട്ടയിലെ യേനപ്പോയ കോളേജ് വിദ്യാർഥികളാണ് അറസ്റ്റിലായവരെല്ലാം. ഇവരിൽ നാലുപേർ കഞ്ചാവ് ഉപയോഗിച്ചതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ എൻ.ശശികുമാർ പറഞ്ഞു. അക്രമത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അബ്ദുൾസിനാൻ തന്നെ വധിക്കാൻ ശ്രമിച്ചെന്ന്‌ കാണിച്ചുനൽകിയ പരാതിയിലാണ് ആദർശ് പ്രേംകുമാർ, മുഹമ്മദ് നസീഫ്, ഫഹാദ് മനാഫ്, അബു താഹിർ എന്നിവരെ അറസ്റ്റു ചെയ്തത്. ലേഡീസ് ഹോസ്റ്റൽ പരിസരത്ത് പെൺസുഹൃത്തുമായി സംസാരിച്ചു നിൽക്കുകയായിരുന്ന തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് കാണിച്ച് ആദർശ് പ്രേംകുമാർ നൽകിയ പരാതിയിലാണ് വിമൽരാജ്, സി.മുഹമ്മദ്, ഷഹീദ്, കെൻ ജോൺസൺ എന്നിവരെ അറസ്റ്റുചെയ്തത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് രജിസ്റ്റർചെയ്തത്. ഇരുവിഭാഗത്തിലുംപെട്ട വിദ്യാർഥികൾ, നാട്ടുകാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ നൽകിയതാണ് നാല്‌ കേസുകൾ. വ്യാഴാഴ്ച രാത്രിയോടെ ജെപ്പു ഗുജ്ജരക്കരെയുള്ള യേനപ്പോയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്‌സ്, സയൻസ് ആൻഡ് കൊമേഴ്‌സ് ആൺകുട്ടികളുടെ ഹോസ്റ്റലിനു മുന്നിലാണ് സംഘർഷമുണ്ടായത്.അറസ്റ്റിലായ നാല് വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ചുനൽകുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് കമ്മിഷണർ പറഞ്ഞു. അധികൃതരുടെ അനുമതിയില്ലാതെ പോലീസ് ഹോസ്റ്റലിൽ കയറിയെന്ന ആരോപണം ശരിയല്ല. വാർഡനെ വിവരങ്ങൾ ധരിപ്പിച്ച ശേഷമാണ് പോലീസ് ഹോസ്റ്റലിൽ കയറിയത്. വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റുചെയ്യാൻ അനുമതിയില്ലാതെയും ഹോസ്റ്റലിനകത്ത് കയറാമെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ ആദർശ് പ്രേംകുമാറിനെ നേരത്തേ മൂന്നുതവണ വിവിധ അക്രമസംഭവങ്ങളിൽപ്പെട്ടതിനെ തുടർന്ന് കോളജിൽനിന്ന് സസ്പെൻഡ്‌ ചെയ്തിരുന്നതായി കോളേജ് പ്രിൻസിപ്പൽ ഡോ. പർവതവർധിനി മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3DoZDWu
via IFTTT