Breaking

Tuesday, December 7, 2021

സിൽവർലൈൻ; റെയിൽവേ ഭൂമി അളന്നുതിരിക്കാൻ റെയിൽവേ ബോർഡിന്റെ അനുമതി

കോട്ടയം: നിർദിഷ്ട സിൽവർ ലൈൻ പദ്ധതിക്കു ഏറ്റെടുക്കാൻ റെയിൽവേയുടെ കൈവശമുള്ള ഭൂമി അളന്നുതിരിച്ച് കല്ലിടാൻ റെയിൽവേ ബോർഡിന്റെ അനുമതി. ഇതിനു മുന്നോടിയായി റെയിൽവേയുടെയും റെയിൽവേ ബോർഡിന്റെയും കെ. റെയിലിന്റെയും പ്രതിനിധികൾ സംയുക്ത പരിശോധന നടത്തും. റെയിൽവേ ഭൂമി അളക്കുന്നതിന് റെയിൽവേ ബോർഡ് അംഗീകാരം നൽകിയതോടെ സിൽവർ ലൈൻ പദ്ധതിക്ക് മുഴുവനായി ബോർഡിന്റെ അംഗീകാരം കിട്ടുമെന്നാണ് സൂചന. തിങ്കളാഴ്ച നടന്ന ചർച്ചയിൽ സിൽവർ ലൈനിനുവേണ്ടി ഇതേ വരെ സ്വീകരിച്ച നടപടികൾ കെ. റെയിൽ അധികൃതർ ബോർഡിനു മുമ്പാകെ വിശദീകരിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കെ. റെയിലിന് റെയിൽവേ മന്ത്രാലയ വിഹിതം ആവശ്യപ്പെട്ട് കത്തുനൽകിയതിനു പിന്നാലെയായിരുന്നു തിങ്കളാഴ്ചത്തെ േയാഗം. പദ്ധതിയുടെ അധികച്ചെലവ് കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി നേരത്തേ കേന്ദ്രത്തിന് ഉറപ്പുനൽകിയിരുന്നു. വിദേശവായ്പ അടക്കമുള്ള ബാധ്യതകൾ സംസ്ഥാനത്തിന്റെ ഉത്തരവാദിത്വത്തിലാകും. വിദേശവായ്പയ്ക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുമുണ്ട്. ദേശീയ റെയിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയതാണിത്. സോപാധിക അനുമതി നൽകിയതിനെ തുടർന്നാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ഭൂമി വേർതിരിച്ചിടുന്ന ജോലി നടന്നുവരുന്നു. ഭൂമി ഏറ്റെടുക്കലിന് പ്രത്യേകം വിഭാഗത്തെ നിയോഗിച്ചു. 11 ജില്ലകളിൽ ഇത് പൂർത്തിയായാൽ സാമൂഹിക ആഘാതപഠനം നടത്തും. ഒഴിവാക്കേണ്ടിവരുന്ന കുടുംബങ്ങളുടെ വിവരങ്ങളും കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും എണ്ണവും കണ്ടെത്തും. പുനരധിവാസം, പുനർനിർമാണം എന്നിവയ്ക്കുള്ള പാക്കേജ് തീരുമാനിക്കും. പൂർണമായും ഹരിത മാനദണ്ഡത്തിൽ നിർമിക്കുന്ന പദ്ധതിക്കുവേണ്ടിയുള്ള പാരിസ്ഥിതിക ആഘാതപഠനം, ജലപ്രവാഹപഠനം എന്നിവയും നടന്നുവരുന്നു. 64,000 കോടി രൂപയാണ് പദ്ധതിച്ചെലവ്. 33,000 കോടി വിദേശവായ്പയായി കണ്ടെത്തണം. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായാലേ വിദേശവായ്പയ്ക്ക് അപേക്ഷിക്കാൻ കഴിയൂ. റെയിൽവേ ബോർഡിന്റെ അംഗീകാരം നേടിയ രൂപരേഖയും ഇതിനൊപ്പം ഉണ്ടാകണം. ഇക്കാര്യങ്ങൾ ബോർഡ് മുമ്പാകെ അവതരിപ്പിച്ചു. പദ്ധതിക്കെതിരായ ഹരിത ട്രിബ്യൂണലിലെ കേസ് ജനുവരി അഞ്ചിലേക്ക് മാറ്റി. കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം ചോദിച്ചിരുന്നു. പദ്ധതിക്കുവേണ്ടി അംഗീകാരമില്ലാത്ത ഏജൻസിയാണ് പരിസ്ഥിതി ആഘാതപഠനം നടത്തിയതെന്ന് കാണിച്ചാണ് ഹരിത ട്രിബ്യൂണലിൽ കേസ് നൽകിയിട്ടുള്ളത്. കേസ് പരിഗണനയിൽ ഇരിക്കേയാണ് കെ. റെയിൽ പുതിയ ടെൻഡർ ക്ഷണിച്ച് അംഗീകൃത ഏജൻസിയെ കണ്ടെത്തി പരിസ്ഥിതി ആഘാതപഠനം പുതുതായി നടത്താൻ ഏൽപ്പിച്ചത്. ഏറ്റെടുക്കുന്ന റെയിൽവേഭൂമിയിൽ അതിർത്തിക്കല്ലുകൾ സ്ഥാപിക്കും തിരുവനന്തപുരം: തിരുവനന്തപുരം കാസർകോട് സിൽവർലൈൻ അർധ അതിവേഗ റെയിൽപ്പാതയ്ക്കുവേണ്ടി ഏറ്റെടുക്കുന്ന റെയിൽവേ ഭൂമിയിൽ അതിർത്തിക്കല്ലുകൾ സ്ഥാപിക്കും. മുന്നോടിയായി റെയിൽവേ അധികൃതരും കെ-റെയിൽ അധികൃതരും അലൈൻമെന്റിൽ സംയുക്ത പരിശോധന നടത്തും. റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശർമയുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച നടന്ന ഓൺലൈൻ ചർച്ചയിലാണ് തീരുമാനം. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 185 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇത് പദ്ധതിയിലുള്ള റെയിൽവേയുടെ വിഹിതമായാണ് കണക്കാക്കുക. കൊച്ചുവേളി മുതൽ തിരൂർവരെ റെയിൽവേ ലൈലിന് സമാന്തരമായിട്ടാണ് കെ-റെയിൽ പാത പോകുന്നത്. റെയിൽവേയുടെ ഭൂമി കെ-റെയിലിനുവേണ്ടി കൈമാറുന്നതിൽ തടസ്സമുണ്ടാകാനിടയില്ല. കെ-റെയിൽ ചെയർമാൻകൂടിയായ ചീഫ് സെക്രട്ടറി വി.പി. ജോയ്, ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കെ-റെയിൽ മാനേജിങ് ഡയറക്ടർ വി. അജിത് കുമാർ, സതേൺ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് എന്നിവർ പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/31qWpVD
via IFTTT