Breaking

Friday, December 3, 2021

കൃത്യമായ ആസൂത്രണം, വ്യക്തമായ രാഷ്ട്രീയ കൊലപാതകം; ജില്ലാ സെക്രട്ടേറിയറ്റംഗം വരെയുള്ളവരുടെ പങ്കാളിത്തം

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊല സി.പി.എം. പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ. പീതാംബരനും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത്ലാലും തമ്മിലുള്ള കുടിപ്പകയിൽനിന്ന് ഉണ്ടായതാണെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ട്. എന്നാൽ വ്യക്തമായ രാഷ്ട്രീയ കൊലപാതകമാണെന്ന കണ്ടെത്തലിലാണ് സി.ബി.ഐ. അന്വേഷണമെത്തിയത്. പ്രതിപ്പട്ടികയിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമുതൽ ജില്ലാ സെക്രട്ടേറിയറ്റംഗംവരെ ഉൾപ്പെട്ടു. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെ വ്യാഴാഴ്ച പ്രതിചേർക്കപ്പെട്ട അഞ്ചുപേരിൽ ഒരാൾപോലും ക്രൈംബ്രാഞ്ചിന്റെ പട്ടികയിലില്ല. കല്യോട്ട് ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ്, പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ. പീതാംബരൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ, പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, അന്ന് ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന കെ. മണികണ്ഠൻ, കെ.വി. കുഞ്ഞിരാമൻ എന്നിങ്ങനെ സി.പി.എമ്മിന്റെ കീഴ്ഘടകംമുതൽ ജില്ലാഘടകംവരെയുള്ള സമിതികളിലെ താക്കോൽസ്ഥാനക്കാർ പ്രതിപ്പട്ടികയിലായി. കൊലയ്ക്കു പിറ്റേന്ന് 2019 ഫെബ്രുവരി 18-ന് രാത്രി പാക്കം വെളുത്തോളി ചാലിൽ രണ്ടാംപ്രതി സജി സി.ജോർജിനെ ബേക്കൽ പോലീസ് സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഈ സമയം ഒരുസംഘം ഇവിടെയെത്തി ഇയാളെ പോലീസ് ജീപ്പിൽനിന്ന് ബലമായി മോചിപ്പിച്ചു. കെ.വി. കുഞ്ഞിരാമൻ, കെ. മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ.വി. ഭാസ്കരൻ എന്നിവരാണ് ആ സംഘത്തിൽ ഉണ്ടായിരുന്നതെന്ന് സി.ബി.ഐ. കണ്ടെത്തി. സജി സി.ജോർജിനെ മോചിപ്പിക്കുന്നതിന് ദൃക്സാക്ഷിയായ ആൾ എറണാകുളം സി.ജെ.എം. കോടതിയിൽ രഹസ്യമൊഴി നൽകുകയും ചെയ്തു. കൊല നടന്നുവെന്ന് അറിഞ്ഞശേഷമാണ് ഇവർ സജിയെ മോചിപ്പിച്ചതെന്നും ഏഴുവർഷംവരെ ശിക്ഷ കിട്ടാവുന്ന 225-ാം വകുപ്പ് ഉൾപ്പെടുത്തിയാണ് ഇവരെ പ്രതികളാക്കിയതെന്നും സി.ബി.ഐ. ഡിവൈ.എസ്.പി. ടി.പി. അനന്തകൃഷ്ണൻ പറഞ്ഞു. മണികണ്ഠനെയും ബാലകൃഷ്ണനെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിരുന്നു. സജിയെ മോചിപ്പിച്ച സംഭവത്തിലല്ല, പ്രതികൾക്ക് നിയമസഹായം ലഭ്യമാക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ഇവർക്കെതിരേ കേസെടുത്തത്. പ്രതികളുടെ പങ്കാളിത്തം വിശദമാക്കി സി.ബി.ഐ. കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ പങ്കാളിത്തം വിശദമാക്കുന്ന റിപ്പോർട്ടാണ് സി.ബി.ഐ. കോടതിയിൽ ഹാജരാക്കിയത്. പുതുതായി പ്രതിചേർത്തവരുടെ പങ്കാളിത്തം ഗോപകുമാർ (ഗോപൻ വെളുത്തോളി): 13-ാം പ്രതിയായ ബാലകൃഷ്ണൻ കൊലപാതകത്തിന്റെ ദിവസവും അതിനു മുൻപും തങ്ങിയത് ഗോപകുമാറിന്റെ വീട്ടിലായിരുന്നു. കൊലയാളികളെ സി.പി.എം. പാർട്ടി ഓഫീസിലെത്തിക്കാൻ മുന്നിട്ടിറങ്ങി. ഒൻപതാം പ്രതി മുരളിയുടെ കാറിൽ 24-ാം പ്രതി സന്ദീപിനൊപ്പമായിരുന്നു ഇത്. കാറോടിച്ചത് 12-ാം പ്രതിയായ മണിയാണ്. കൊലപാതകം നടത്തിയവർക്ക് സഞ്ചരിക്കാൻ വാഹനമുൾപ്പെടെയുള്ള സഹായം നൽകി. ഒളിസങ്കേതവും അവർക്ക് മാറുന്നതിനുള്ള വസ്ത്രങ്ങളും നൽകി. പി.വി. സന്ദീപ് (സന്ദീപ് വെളുത്തോളി): തെളിവ് നശിപ്പിക്കുന്നതിന് കൂട്ടുനിന്നു. പ്രതികളുടെ വസ്ത്രങ്ങൾ കത്തിച്ചു. എട്ടാംപ്രതി സുബീഷിനെ യു.എ.ഇയിലേക്ക് പോകുന്നതിനായി ബെംഗളൂരുവിൽ എത്തിച്ചു. പ്രതികളെ പാർട്ടി ഓഫീസിൽ എത്തിക്കാൻ പോയി. പ്രതികളുടെ സുരക്ഷ ഉറപ്പാക്കാൻ പിന്തുടർന്നു. അറസ്റ്റിലായവരുടെ പങ്കാളിത്തം സുരേന്ദ്രൻ (15ാം പ്രതി): പ്രതികൾ ഉപയോഗിച്ച ജീപ്പിന്റെ ഡ്രൈവറായിരുന്നു. ഒന്നാംപ്രതി പീതാംബരന്റെ സുഹൃത്താണ്. ശരത്ലാലിന്റെയും കൃപേഷിന്റെയും നീക്കങ്ങൾ നിരീക്ഷിച്ചിരുന്നു. ഇത് പീതാംബരനെ ഫോണിൽ അറിയിച്ചു. ഗൂഢാലോചനയിലും കൊലയിലും നേരിട്ട് പങ്കാളിത്തം. എ. മധു (16ാം പ്രതി): ഗൂഢാലോചനയിൽ പങ്കാളിയാണ്. കൊലയാളികൾക്ക് സഹായംനൽകി. അഞ്ചാം പ്രതി ജിജിന്റെയും ഏഴാംപ്രതി അശ്വിന്റെയും ബന്ധുവാണ്. റെജി വർഗീസ് (17ാം പ്രതി): കൊലപാതകത്തിന് ഇരുമ്പുവടികൾ നൽകി. ഗൂഢാലോചനയിൽ പങ്കാളിയാണ്. എ. ഹരിപ്രസാദ് (18ാം പ്രതി): ഗൂഢാലോചനയിൽ പങ്കാളി. പ്രതികൾക്ക് സഞ്ചരിക്കുന്നതിന് കാർ നൽകി. പി. രാജേഷ് (19ാം പ്രതി): ഗൂഢാലോചനയിൽ പങ്കാളി. ആവശ്യമായ സഹായങ്ങൾ നൽകി.


from mathrubhumi.latestnews.rssfeed https://ift.tt/3DkPquj
via IFTTT