Breaking

Monday, December 6, 2021

ദേശീയ മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ മിന്നും താരമായയ് 51-കാരിയായ ഈ ബീഡി തൊഴിലാളി

കരിവെള്ളൂർ: പങ്കെടുത്ത അഞ്ചിനങ്ങളിലും സുവർണ നേട്ടം കരസ്ഥമാക്കി ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ തിളങ്ങുന്ന താരമായി മാറിയത് ദിനേശ് ബീഡി തൊഴിലാളി. കരിവെള്ളൂർ കുതിരുമ്മലിലെ ടി.വി.തമ്പായിയാണ് 51-ാം വയസ്സിലും ട്രാക്കിലെ ആവേശമായി മാറിയത്. വാരാണസിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ നാല് സ്വർണവും ഒരു വെള്ളിയുമാണ് തമ്പായി ഓടിയെടുത്തത്. 800, 1500, 5000 മീറ്റർ ഓട്ടമത്സരത്തിലും 4 X400 റിലേയിലുമായിരുന്നു സ്വർണമെഡൽ. 4 X100 റിലേയിൽ വെള്ളിമെഡലും നേടി കരിവെള്ളൂർ ബസാർ എ-വൺ ക്ലബ്ബിനു സമീപത്തെ ദിനേശ് ബീഡി കമ്പനിയിലെ തൊഴിലാളിയാണ്. കരിവെള്ളൂർ സെൻട്രൽ എൽ.പി. സ്കൂളിലും മാന്യഗുരു യു.പി. സ്കൂളിലും പഠിക്കുന്ന കാലത്ത് ഓട്ടമത്സരങ്ങളിൽ തമ്പായി എന്നും മുന്നിലായിരുന്നു. എന്നാൽ, പിന്നീട് ജീവിതത്തിരക്കുകൾ കൂടിവന്നപ്പോൾ കായികാവേശം മെല്ലെ വഴിമാറി. അഞ്ചുവർഷം മുൻപ് മേയ്ദിന കായികമേളയിൽ സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് പങ്കെടുത്തത്. മത്സരിച്ച ഇനങ്ങളിലെല്ലാം വിജയം തേടിയെത്തിയപ്പോൾ പിന്നെ തിരിഞ്ഞുനോക്കിയില്ല. 2017 മുതൽ സംസ്ഥാന, ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പുകളിലെ മിന്നുന്ന താരമാണ് തമ്പായി. എല്ലാ മത്സരങ്ങളിലും നിരവധി സ്വർണ, വെള്ളി മെഡലുകൾ നേടി. ദിവസവും രാവിലെ 5.30-ന് വാണിയില്ലം ക്ഷേത്രത്തിന് സമീപത്തുനിന്ന് തമ്പായി ഓടാൻ തുടങ്ങും. ഏഴുകിലോമീറ്ററോളം നീളുന്ന ഈ ഓട്ടം തന്നെയാണ് നേട്ടങ്ങൾക്ക് പിന്നിലെന്ന് തമ്പായി പറയുന്നു. ഒപ്പം, ഭർത്താവും കബഡി താരവുമായ എ. ദാമോദരന്റേയും മക്കളുടേയും പിന്തുണയും. തമ്പായിയുടെ മക്കളായ പ്രിയയും പ്രബിതയും ദേശീയ കായികതാരങ്ങളാണ്. കുതിരുമ്മലെ വീട്ടിലെ സ്വീകരണമുറിയിൽ അടുക്കിവെച്ചിരിക്കുന്നത് മെഡലുകളാണ്. മൂത്തമകൾ പ്രിയ 10,000, 5,000, 1500, 800 മീറ്റർ ഓട്ടമത്സരങ്ങളിൽ സംസ്ഥാന-ദേശീയതലത്തിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. രണ്ടാമത്തെ മകൾ പ്രബിത 400 മീറ്റർ ഹർഡിൽസ്, 400, 200 ഓട്ടമത്സരങ്ങളിൽ സംസ്ഥാന-ദേശീയതലത്തിൽ നിരവധി നേട്ടങ്ങൾക്ക് ഉടമ. പ്രിയ ബിരുദധാരിയും പ്രബിത ബിരുദാനന്തര ബിരുദധാരിയുമാണ്. രണ്ട് മക്കളുടെയും നേട്ടങ്ങളുടെ നൂറുകണക്കിന് സർട്ടിഫിക്കറ്റുകളാണ് വീട്ടിലെ അലമാരയ്ക്കുള്ളിൽ തമ്പായി അടുക്കിവെച്ചിട്ടുള്ളത്. വർഷങ്ങളോളം ട്രാക്കിൽ നേട്ടങ്ങൾ കൊയ്തിട്ടും ഒരു ജോലിക്കുവേണ്ടി രണ്ടുപേരും മുട്ടാത്ത വാതിലുകളില്ല. നിരാശ മാത്രമായിരുന്നു ഫലം. Content Highlights:this 51-year-old beedi worker is the shining star of the National Masters Championship


from mathrubhumi.latestnews.rssfeed https://ift.tt/3pxX4MX
via IFTTT