Breaking

Sunday, December 5, 2021

അതിർത്തിയിൽ ഒന്നേമുക്കാൽ ലക്ഷം സൈനികരും പീരങ്കികളും; യുക്രൈനെ ആക്രമിക്കാൻ റഷ്യ

റഷ്യൻ അനുകൂല വിമതമേഖലയുമായി അതിർത്തിപങ്കിടുന്ന ഡോണെറ്റ്സ്ക് പ്രദേശത്ത് കാവൽ നിൽക്കുന്ന യുക്രൈൻ സൈനിക വാഷിങ്ടൺ: യുക്രൈൻ അതിർത്തിയിൽ ഒന്നേമുക്കാൽ ലക്ഷം സൈനികരെയും പീരങ്കിപ്പടയെയും വിന്യസിച്ച് റഷ്യ അധിനിവേശത്തിന് കോപ്പുകൂട്ടുന്നുവെന്ന് സൂചന. ജനുവരിയിൽ യുക്രൈനുനേരെ റഷ്യൻ പട്ടാളത്തിന്റെ ആക്രമണമുണ്ടാകുമെന്ന് യു.എസ്. രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചതായി 'വാഷിങ്ടൺ പോസ്റ്റ് ' റിപ്പോർട്ടുചെയ്തു. അതിർത്തിക്കുസമീപം റഷ്യ ലക്ഷത്തോളം സൈനികരെ അണിനിരത്തിയിട്ടുണ്ടെന്നും അടുത്തമാസം തങ്ങൾക്കുനേരെ ആക്രമണമുണ്ടായേക്കുമെന്നും യുക്രൈൻ പ്രതിരോധമന്ത്രി ഒലെക്സിയ് റെസ്നികോവ് നേരത്തേ പറഞ്ഞിരുന്നു. നാറ്റോസേനയിൽ ചേരാൻ യുക്രൈനെ അനുവദിക്കരുതെന്ന് പുതിൻ, ബൈഡനോട് ആവശ്യപ്പെടുകയുംചെയ്തിരുന്നു. പിന്നാലെയാണ് പുതിയ റിപ്പോർട്ട്. നൂറുബറ്റാലിയനുകളാണ് അതിർത്തിയിൽ തയ്യാറെടുക്കുന്നത്. നിലവിൽ, പ്രധാനമായും നാലുകേന്ദ്രങ്ങളിലെ 50 പോർമുഖങ്ങളിൽനിന്ന് ആക്രമിക്കാനാണ് പദ്ധതി. ടാങ്കുകളും പീരങ്കിപ്പടകളും ഇതിനായി വിന്യസിച്ചുകൊണ്ടിരിക്കുകയാണെന്നും യു.എസ്. രേഖകളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. അയൽരാജ്യത്തെ ആക്രമിച്ചാൽ കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് റഷ്യക്ക് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പുനൽകിയിട്ടുണ്ട്. വിഷയത്തിൽ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും ഉടൻ വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തുമെന്നാണറിയുന്നത്. അതേസമയം, ആരോപണം റഷ്യ നിഷേധിച്ചു. യുക്രൈനിന്റെ ഭാഗമായിരുന്ന ക്രിമിയ രാജ്യത്തെ വിമതരുടെ പിന്തുണയോടെ 2014-ൽ റഷ്യ പിടിച്ചെടുത്തിരുന്നു. 13,000-ത്തോളം പേരാണ് അന്നത്തെ ഏറ്റുമുട്ടലുകളിൽ മരിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/3ppyqxP
via IFTTT