Breaking

Tuesday, December 7, 2021

ചൂതാട്ടകേന്ദ്രത്തിലെ പതിവുകാരെ തിരിച്ചറിഞ്ഞു; ചോദ്യംചെയ്യാൻ വിളിപ്പിക്കും

കൊച്ചി: ചിലവന്നൂരിലെ ഫ്ലാറ്റിൽ കണ്ടെത്തിയ ചൂതാട്ടകേന്ദ്രത്തിൽ സ്ഥിരമായി എത്തിയിരുന്ന സന്ദർശകരെ തിരിച്ചറിഞ്ഞു. ഫ്ലാറ്റിലെ സന്ദർശക രജിസ്റ്ററിൽ നിന്നാണ് ഇതുവരെ 12 പേരെ കണ്ടെത്തിയത്. അതിസമ്പന്നരാണ് ചൂതാട്ടത്തിനായി എത്തിയിരുന്നത്. ഉടനെ ഇവരെ ചോദ്യംചെയ്യാൻ വിളിപ്പിക്കും. ടിപ്സന്റെ ഫോൺ, ലാപ്ടോപ്പ് എന്നിവ സൈബർ വിദഗ്ദ്ധരുടെ സഹായത്തോടെ പോലീസ് പരിശോധിക്കുകകയാണ്. ചൂതാട്ടവുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇതിനു ശേഷമാകും പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുക. മാസം ഒരുകോടിയോളം രൂപയുടെ ചൂതാട്ടം ഫ്ലാറ്റിൽ നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. എറണാകുളം എ.സി.പി വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം. ചൂതാട്ടത്തോടൊപ്പം ഫ്ലാറ്റിൽ മയക്കുമരുന്ന് വിൽപ്പന നടന്നോ എന്നും അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ നടത്തിപ്പുകാരൻ പറവൂർ സ്വദേശി ടിപ്സൺ ഫ്രാൻസിസിൽ (33) നിന്ന് കഞ്ചാവ് പിടിച്ചിരുന്നു. ഇയാൾക്ക് ലഹരിവിൽപ്പനയും ഉണ്ടായിരുന്നെന്ന് സംശയമുണ്ട്. ചൂതാട്ടകേന്ദ്രത്തോടു ചേർന്ന് ബാറിലേതുപോലെ മദ്യം വിളമ്പുന്ന സംവിധാനം ഒരുക്കിയതും പോലീസ് കണ്ടെത്തിയിരുന്നു. ഇവന്റ് മാനേജ്മെന്റ് നടത്തുകയാണെന്നായിരുന്നു ഫ്ലാറ്റ് സമുച്ചയത്തിലെ ആളുകളോട് ടിപ്സൺ പറഞ്ഞിരുന്നത്. അതിനാൽ, പലരും ഫ്ളാറ്റിൽ വന്നുപോകുന്നതിൽ ആരും സംശയിച്ചില്ല. കോടതിയിൽ ഹാജരാക്കിയ ടിപ്സണ് ജാമ്യം ലഭിച്ചു. ചൂതാട്ടത്തിന് സൗകര്യമൊരുക്കി, മയക്കുമരുന്ന് ഉപയോഗിച്ചു എന്നിങ്ങനെ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൊച്ചിയിലെ ഫ്ലാറ്റിൽ വൻകിട ചൂതാട്ടകേന്ദ്രം കണ്ടെത്തുന്നത്. ലഹരിവസ്തുക്കൾ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ ചിലവന്നൂരിലെ ഫ്ലാറ്റ് മാറി ടിപ്സന്റെ ഫ്ലാറ്റിൽ കയറുകയായിരുന്നു. പോക്കർ ഗെയിം സാമഗ്രികൾ വന്നത് ഓൺലൈൻവഴി കൊച്ചി: ചൂതാട്ടം നിയമവിരുദ്ധമായതിനാൽ പോക്കർ ഗെയിമിന്റെ ബോർഡും മറ്റു വസ്തുക്കളും സ്പോർട്സ് കടകളിൽ കാണാറില്ല. എന്നാൽ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ ഇവ സുലഭമാണ്. ഇത്തരത്തിൽ സാമഗ്രികൾ വാങ്ങിയാകും ചിലവന്നൂരിലെ ഫ്ലാറ്റിൽ പോക്കർ ഗെയിം ഏരിയ ഉണ്ടാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. കാസിനോ രീതിയിൽ പോക്കർ ഗെയിമിനായുള്ള സൗകര്യം ഒരുക്കാൻ പോക്കർ ടേബിളും കളിക്കാനുള്ള കോയിനുകളും മറ്റും വേണം. പോക്കർ ടേബിൾ, ഗെയിം കളിക്കാനാവശ്യമായ സാധനങ്ങൾ അടങ്ങിയ സ്യൂട്ട്കേസ് തുടങ്ങിയവ ഓൺലൈനായി എളുപ്പം വാങ്ങാനാവും. പോക്കർ കോയിനുകൾ (ചിപ്സ്), കാർഡുകൾ, പകിടകൾ തുടങ്ങിയവയാണ് സ്യൂട്ട്കേസിൽ ഉണ്ടാവുക. കൊച്ചിയിൽ കൂടുതൽ സ്ഥലങ്ങളിൽ ഇത്തരം രഹസ്യ കാസിനോകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് സംശയം. 60,000 രൂപ മാസവാടകയ്ക്ക് എടുത്തിരുന്ന ആഡംബര ഫ്ലാറ്റിൽ ചൂതാട്ടത്തിലൂടെ മാത്രം ദിവസവും ലക്ഷങ്ങളാണ് നടത്തിപ്പുകാരൻ ടിപ്സൺ സമ്പാദിച്ചിരുന്നത്. ചൂതാട്ടത്തിനൊപ്പം ബാർ മോഡലിൽ മദ്യംവിളമ്പാൻ മാത്രം മദ്യം പ്രതി എങ്ങനെ സ്റ്റോക്ക് ചെയ്തുവെന്നും അന്വേഷിക്കുന്നുണ്ട്. ഇയാളുടെ സംഘത്തിൽ കുടൂതൽപേരുണ്ടെന്നാണ് കരുതുന്നത്. മാസവാടകയ്ക്ക് ഒപ്പം ചൂതാട്ടമുള്ള ദിവസങ്ങളിൽ ഒന്നരലക്ഷം രൂപ അധികമായി വാടകനൽകിയെന്ന് പ്രതി പോലീസിന് മൊഴിനൽകിയിട്ടുണ്ട്. ഇത്തരത്തിൽ പണം നൽകുമെങ്കിൽ ഇതിന്റെ പതിൻമടങ്ങ് ഇയാൾ ദിവസവും സമ്പാദിച്ചുകാണുമെന്നാണ് കരുതുന്നത്. ആഴ്ചയിൽ രണ്ടുദിവസം വീതമാണ് ഫ്ലാറ്റിൽ ചൂതാട്ടം. ചുവപ്പ്, പച്ച, നീല തുടങ്ങി വിവിധ തരത്തിലുള്ള കോയിനുകൾ ഉപയോഗിച്ചാണ് കളി. ഓരോ നിറത്തിലുള്ള കോയിനുകൾക്കും ഓരോ വിലയാണ്. കളി തുടങ്ങുമ്പോൾ നടത്തിപ്പുകാരന്റെ കോയിൻ കൈമാറും. ഇതിന് പണം നൽകണം. കളി അവസാനിപ്പിച്ച് മടങ്ങുമ്പോൾ കോയിൻ കൈമാറുമ്പോൾ പണം തിരികെ നൽകും. ഇതോടൊപ്പം കാസിനോയിൽ എത്തുന്നവരിൽ നിന്ന് മുൻകൂറായി പ്രവേശന ഫീസും ഈടാക്കിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3otYw3y
via IFTTT