Breaking

Sunday, December 5, 2021

പേരുമാറ്റി ടിക്കറ്റെടുത്തു, അനാഥയാണെന്ന് പറഞ്ഞു; സൂര്യ മുംബൈയില്‍ കഴിഞ്ഞത് തമിഴ് കുടുംബത്തിനൊപ്പം

ആലത്തൂർ: മൂന്നുമാസംമുമ്പ് ആലത്തൂരിൽനിന്ന് കാണാതായ സൂര്യകൃഷ്ണയെ (21) മുംബൈയിൽ സുരക്ഷിതയായി കണ്ടെത്തി. ആലത്തൂർ പോലീസ് മുംബൈയിൽനിന്ന് കൂട്ടിക്കൊണ്ടുവന്ന സൂര്യയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയശേഷം മാതാപിക്കളുടെ സംരക്ഷണത്തിൽ വിട്ടു. പുതിയങ്കം ഭരതൻ നിവാസിൽ സൂര്യകൃഷ്ണ ഓഗസ്റ്റ് 30-നാണ് വീടുവിട്ടതെന്ന് പോലീസ് പറഞ്ഞു. പാലക്കാട്ട് രണ്ടാംവർഷ ബി.എ. ഇംഗ്ലീഷ് വിദ്യാർഥിയാണ്. രണ്ടുജോഡി വസ്ത്രംമാത്രം എടുത്താണ് വീട്ടിൽനിന്നുപോയത്. ആലത്തൂരിലെ ബുക്ക്സ്റ്റാളിലേക്ക് വരികയാണ്, അച്ഛൻ അവിടേക്ക് വരണമെന്ന് പറഞ്ഞാണ് സൂര്യകൃഷ്ണ വീട്ടിൽനിന്നിറങ്ങിയത്. ആലത്തൂരിലെ ഹാർഡ്വെയർ കടയിലെ ജീവനക്കാരനായ അച്ഛൻ ബുക്ക്സ്റ്റാളിൽ ഏറെനേരം കാത്തിരുന്നെങ്കിലും മകൾ എത്താതിരുന്നതിനെത്തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ആലത്തൂർ ഡിവൈ.എസ്.പി. കെ.എ. ദേവസ്യ, ഇൻസ്പെക്ടർ റിയാസ് ചാക്കീരി, എസ്.ഐ. എം.ആർ. അരുൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആലത്തൂരിൽനിന്ന് പാലക്കാടുവഴി ബസ്സിൽ കോയമ്പത്തൂരിലേക്കാണ് സൂര്യ എത്തിയത്. ഓഗസ്റ്റ് 31-ന് പേരുമാറ്റി ടിക്കറ്റെടുത്ത് കുർള എക്സ്പ്രസിൽ മുംബൈയിലേക്ക് പോയി. ലോക്മാന്യതിലക് ടെർമിനലിൽ സെപ്റ്റംബർ ഒന്നിന് എത്തി. തീവണ്ടിയിൽ പരിചയപ്പെട്ടയാളോട് അനാഥയാണെന്നും സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും നഷ്ടപ്പെട്ടെന്നുമാണ് പറഞ്ഞത്. അലിവുതോന്നിയ ഇദ്ദേഹം നവി മുംബൈയിൽ ബിസിനസ് നടത്തുന്ന തമിഴ് കുടുംബത്തെ പരിചയപ്പെടുത്തി. ഈ കുടുംബത്തിലെ മൂന്ന് കുട്ടികൾക്കൊപ്പമാണ് 96 ദിവസം സൂര്യ കഴിഞ്ഞതെന്ന് സി.ഐ. റിയാസ് ചാക്കീരി പറഞ്ഞു. രണ്ടാഴ്ചമുമ്പ് ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് ചില സുഹൃത്തുക്കൾക്ക് സൂര്യ സന്ദേശം അയച്ചു. വിവരം അറിഞ്ഞ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ സൂര്യ മുംബൈയിലുണ്ടെന്ന് സ്ഥിരീകരിച്ചു. മുംബൈയിൽ അഭയം നൽകിയ കുടുംബത്തോട് സൂര്യ താൻ വീടുവിട്ട് വന്നതാണെന്ന് തുറന്നുപറയുകയും അച്ഛന്റെ മൊബൈൽ നമ്പർ നൽകുകയും ചെയ്തു. മുംബൈയിൽനിന്ന് ഇവർ ഡിസംബർ ഒന്നിന് സൂര്യയുടെ അച്ഛനെ ഫോണിൽ വിളിച്ചു. അദ്ദേഹം ഇക്കാര്യം ആലത്തൂർ പോലീസിനെ അറിയിച്ചു. സി.ഐ. റിയാസ് ചാക്കീരിയും നാല് പോലീസുകാരും അന്നുതന്നെ വിമാനമാർഗം മുംബൈയിലെത്തി സൂര്യകൃഷ്ണയെ കണ്ടെത്തി തീവണ്ടിമാർഗം നാട്ടിലെത്തിക്കുകയായിരുന്നു. Content Highlights:The girl who went missing from Alathur found in Mumbai


from mathrubhumi.latestnews.rssfeed https://ift.tt/3xTfAD4
via IFTTT